
മുംബൈ: മഹാരാഷ്ട്രയിലെ ഉയർന്ന കൊവിഡ് വ്യാപനം മൂലം ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റാൻ സാധ്യത. മാർച്ച് 23 മുതൽ 28 വരെ പൂനെ എംസിഎ സ്റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന ഏകദിന പരമ്പരയാണ് മറ്റെവിടേക്കെങ്കിലും മാറ്റാൻ ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 8000-ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ ഇത് 1,100 ആയിരുന്നു. ഇത്തരത്തിൽ കൊവിഡ് ബാധ വർധിക്കുന്നത് പരമ്പരയ്ക്ക് ഭീഷണി ആയേക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. ജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.
ഐപിഎലിനായി പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട്
മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട്. മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഐപിഎൽ നടത്താൻ കഴിഞ്ഞേക്കില്ലെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചോളം വേദികളിലായി ഐപിഎൽ നടത്താമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നത്.
മുംബൈയിൽ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടിൽ, റിലയൻസ് സ്റ്റേഡിയം എന്നീ വേദികളിലായി ഐപിഎൽ നടത്താമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. ബയോ ബബിൾ സൗകര്യം ഒരുക്കാൻ ഇതാണ് സൗകര്യമെന്നായിരുന്നു ബിസിസിഐയുടെ കണക്കുകൂട്ടൽ. എന്നാൽ, മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു.
“ഇനിയും ഐപിഎൽ തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കുന്നു. എന്നാൽ, ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇപ്പോൾ സംഭവിക്കുന്നതു പോലെ കൊവിഡ് കേസുകൾ ഉയരുകയാണെങ്കിൽ മുംബൈയിൽ ഐപിഎൽ നടത്തുക അപകടകരമാവും. അതുകൊണ്ട് തന്നെ, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ മത്സരങ്ങൾ നടത്താം. അഹ്മദാബാദിൽ പ്ലേഓഫുകളും ഫൈനലും നടത്താം.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)