
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ റെയില്‍വേസിനെതിരെ കേരളത്തിന് ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത കേരളം റോബിന് ഉത്തപ്പയുടെയും (100) വിഷ്ണു വിനോദിന്റെയും (107) തകര്‍പ്പന്‍ സെഞ്ച്വറികളുടെ മികവില്‍ 50 ഓവറില്‍ ആറുവിക്കറ്റിന് 351 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസ് രണ്ടുപന്ത് ബാക്കി നില്‍ക്കേ 344 റണ്‍സിന് പുറത്തായി. മൃണാല്‍ ദേവ്ധര്‍ (79), അരിന്ദം ഘോഷ് (64), സൗരഭ് സിങ് (50), ഹര്‍ഷ് ത്യാഗി (58) എന്നിവര്‍ റെയില്‍വേയ്ക്കായി പൊരുതിനോക്കി.
കേരളത്തിനായി നിതീഷ് എം.ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീശാന്ത്, എന്‍. ബാസില്‍, സചിന് ബേബി എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന റോബിന് ഉത്തപ്പയുടേയും വിഷ്ണുവിനോദിന്റെയും സെഞ്ച്വറികളാണ് കേരളത്തിന്റെ ഇന്നിങ്സിന് ഇന്ധനമായത്. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസണ് അതിവേഗത്തില്‍ അര്‍ധ സെഞ്ച്വറി കൂടി കുറിച്ചതോടെ കേരളത്തിന്റെ സ്കോര്‍ കുതിച്ചുപാഞ്ഞു. എന്നാല്‍ തുടര്‍ന്നെത്തിയ സചിന് ബേബി (1), മുഹമ്മദ് അസ്ഹറുദ്ദീന് (5) എന്നിവര്‍ക്ക് തിളങ്ങാനാകാത്തതിനാല്‍ കേരള സ്കോറിങ് അല്‍പ്പം തണുത്തു. വാലറ്റത്ത് പൊരുതിയ വത്സലാണ് (46) കേരള സ്കോര്‍ 350 കടത്തിയത്.
104 പന്തുകളില്‍ നിന്നും എട്ടു ബൗണ്ടറികളും അഞ്ചുസിക്സറുകളുമടക്കമാണ് ഉത്തപ്പ സെഞ്ച്വറി കുറിച്ചത്. ഇതോടെ വിജയ് ഹസാരെ േട്രാഫിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി ഉത്തപ്പ മാറി.
11 സെഞ്ച്വറികള്‍ നേടിയ ഉത്തപ്പ യഷ്പാല്‍ സിങ്ങിന്റെ പത്ത് സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. അഞ്ചുബൗണ്ടറികളും നാലുസിക്സറുകളുമടക്കം 107 പന്തില്‍ 107 റണ്‍സുമായി വിഷ്ണുവിനോദ് മറുഭാഗത്തും ആഘോഷപൂര്‍വ്വം ബാറ്റുവീശി.
ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയ സഞ്ജു തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. വെറും 25 പന്തിലാണ് സഞ്ജു അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. 29 പന്തില്‍ 61 റണ്‍സെടുത്ത സഞ്ജു റെയില്‍വേ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലി ഓടിക്കുകയായിരുന്നു. ഏഴാം തവണയാണ് കേരളം ലിസ്റ്റ് എ മത്സരത്തില്‍ 300ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. ലിസ്റ്റ് എ മത്സരങ്ങളിലെ കേരളത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)