
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
26 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിമാനം, ട്രെയിന്‍ എന്നി ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡുവഴി വരുന്നവര്‍ക്ക് നിയന്ത്രണം ഇല്ല. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നേരത്തെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പൂരിലേക്കും മഹാരാഷ്ട്രയിലേക്കും എത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈയില്‍ മാസ്ക് ധരിക്കാത്തവർക്ക് പിഴ; ചൊവ്വാഴ്ച ലഭിച്ചത് 29 ലക്ഷം രൂപ, ഇതുവരെ ഈടാക്കിയത് 30.5 കോടി
നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് ചൊവ്വാഴ്ച പിഴയിനത്തില്‍ ഈടാക്കിയത് 29 ലക്ഷം രൂപ. 14,600 പേരില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. 2020 മാര്‍ച്ച് മുതല്‍ 15 ലക്ഷം പേരില്‍ നിന്ന് 30.5 കോടിയോളം രൂപ പിഴയായി കോര്പറേഷന് ഈടാക്കിയതായാണ് കണക്ക്.
മാസ്ക് ധരിക്കാത്ത 22,976 പേരില്‍ നിന്ന് 45.95 ലക്ഷം രൂപ ഫെബ്രുവരി 23 ന് അധികൃതര്‍ ഈടാക്കി. 60 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ആഴ്ച അവസാനം മാസ്ക് ലംഘനത്തിന് പിഴ ചുമത്തിയത്. ലോക്കല്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് പുനരാരംഭിച്ച സാഹചര്യത്തില്‍ അടുത്ത 15 ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ ഐ എസ് ചഹല്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നേരത്തെ തന്നെ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.
പുതിയ മാനദണ്ഡങ്ങളനുസരിച്ച് പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ മുന്‍സിപ്പല്‍ കമ്മിഷണര്‍ നിയമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ദിവസേന 25,000 ത്തോളം പേര്‍ക്കാണ് മാസ്ക് ധരിക്കാത്തതിന് പിഴ ലഭിച്ചത്.
മുംബൈ പോലീസില്‍ നിന്നും സെന്‍ട്രല്‍ ആന്‍ഡ് വെസ്റ്റേണ്‍ റെയില്‍വേയില്‍ നിന്നുള്ള പിഴ കണക്കുകള്‍ ശേഖരിച്ച് ചൊവ്വാഴ്ച മുതല്‍ മുന്‍സിപ്പല്‍ കോര്പറേഷന് പ്രസിദ്ധീകരിക്കാനും ആരംഭിച്ചു. റെയില്‍വെ ഇതു വരെ 91,800 രൂപ പിഴത്തുക ഈടാക്കിക്കഴിഞ്ഞു. പിഴ അടക്കാന്‍ പണമില്ലാത്തവര്‍ക്ക് തെരുവുകള്‍ ശുചിയാക്കുന്നതുള്‍പ്പെടെയുള്ള സാമൂഹികസേവന പരിപാടികള്‍ ചെറിയ ശിക്ഷയായി നല്‍കുകയും ചെയ്യുന്നുണ്ട്.
രോഗവ്യാപനനിരക്ക് വീണ്ടുമുയര്‍ന്നതോടെ മഹാരാഷ്ട്രയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിര്‍ദേശം നല്കി. അടുത്ത എട്ട് ദിവസത്തെ സാഹചര്യം നിരീക്ഷിച്ച ശേഷം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും താക്കറെ വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)