
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായിരുന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്റെ ഗോള്‍ കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനല്‍ മത്സരത്തില്‍ കേരളം 1-0 എന്നനിലയില്‍ തോറ്റെങ്കിലും ഗോള്‍പോസ്റ്റിനുകീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പെണ്‍കുട്ടികളെ കളിക്കാന്‍ പോയിട്ട് പഠിക്കാന്‍പോലും പറഞ്ഞുവിടാന്‍ മടികാണിച്ച ഒരു കാലത്ത് ഫുട്ബോള്‍ മൈതാനത്തേക്കിറങ്ങിയ പെണ്‍കുട്ടിയായിരുന്നു ഫൗസിയ. നടക്കാവ് സ്കൂളില്‍ പഠിക്കുമ്പോഴാണ് കായിക രംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാം സ്ഥാനം, ഹാന്‍ഡ്ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍.
2003-ല്‍ കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റ വര്‍ഷം തന്നെ കേരളാടീമിലേക്ക് ജില്ലയില്‍ നിന്ന് നാലുപേരെയാണ് ഫൗസിയ നല്‍കിയത്. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവര്‍ തന്നെ.
2005-ല്‍ മണിപ്പുരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാംസ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയില്‍നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)