
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 28 വരെ നീട്ടി. രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാര്‍ഗരേഖയിലുള്ളത്. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകള്‍.
സ്വിമ്മിങ് പൂളുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ ഉപയോഗിക്കാം. നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കാന്‍ അനുമതി. മറ്റുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതല്‍ നീക്കുന്നത്. സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കും.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കേരളത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കൊവിഡ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കൊപ്പം പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും.
ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര് ഒത്തുകൂടാന്‍ പാടില്ല. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോള്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 56 ശതമാനം പേര്‍ക്കും രോഗം പകരുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നാണെന്നാണ് പഠനം. അഞ്ചുശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസമുണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ 11,666: പകുതിയും കേരളത്തില്‍
ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ 11,666 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി. ദിനം പ്രതിയുള്ള രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ നല്കുന്ന സൂചന.
14,301 പേര് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,03,73,606 ആയി.
123 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,53,847ആയി. കോവിഡ് മൂലമുള്ള മരണസംഖ്യയിലും കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് ഇതു വരെ 23,55,979 പേരാണ് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചത്.
ദേശീയതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5659 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)