
ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ്. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിനു നേരെ വാള് വീശിയ നിഹാങ്ക് സിക്കുകാര്ക്കെതിരെയും കേസെടുത്തു.
സംഘര്‍ഷത്തില്‍ എട്ട് ബസുകളും 17 സ്വകാര്യവാഹനങ്ങളും പ്രക്ഷോഭകര്‍ നശിപ്പിച്ചതായി പോലീസ് അറിയിച്ചു. 86 പോലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. മുകര്‍ബ ചൗക്ക്, ഗാസിപുര്‍, ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലെ സംഘര്‍ഷത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പോലീസ് നിശ്ചയിച്ച പാതകളില്‍നിന്ന് വ്യതിചലിച്ച് നടത്തിയ ട്രാക്ടര്‍ റാലിയിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ 8.30 ന് സിങ്കു അതിര്‍ത്തിയില്‍ സംഘടിച്ച ഏഴായിരത്തോളം ട്രാക്ടറുകള്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് റാലി ആരംഭിച്ചു. പോലീസ് നിര്‍ദേശം മറികടന്നാണ് ഇവര്‍ റാലി നടത്തിയത്.
മുകാര്‍ബ ചൗക്കിനും ട്രാന്‍സ്പോര്‍ട്ട് നഗറിനും ഇടിയില്‍ സ്ഥാപിച്ചിരുന്ന നിരവധി ബാരിക്കേഡുകള്‍ മറികടന്നാണ് ഇവരുടെ ട്രാക്ടര്‍ റാലി മുന്നോട്ടുപോയത് ഇവരുടെ കൈയില്‍ വാളുള്‍പ്പെടെ മാരകായുധങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി 15 കമ്പനി അര്‍ധസൈനികരെ കൂടുതല്‍ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
ചെങ്കോട്ടയില്‍ സിഖ് മതവിഭാഗക്കാരുടെ കൊടി നാട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പൊലീസും അന്വേഷണം ആരംഭിച്ചു. ഒരു സമരക്കാരന് ദേശീയ പതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ചെങ്കോട്ട പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ചെങ്കോട്ടയ്ക്ക് സമീപം അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലകളിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡല്‍ഹി പൊലീസാണെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. കര്‍ഷക റാലിയുടെ ആസൂത്രണം പാളി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ല. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് ആക്രമണം അഴിച്ചു വിട്ടതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി.
മര്‍ദ്ദനമേറ്റു വാങ്ങുമ്പോഴും ഒറ്റപ്പെട്ടു പോയ കുട്ടികള്‍ക്ക് രക്ഷകരായി ഡല്‍ഹി പൊലീസ്
കര്‍ഷക സമരത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കിടെ ഒറ്റപ്പെട്ടു പോയ സ്കൂള്‍ കുട്ടികള്‍ക്ക് രക്ഷകരായി ഡല്‍ഹി പൊലീസ്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം തലസ്ഥാനത്തെ അക്രമങ്ങള്‍ക്കിടയില്‍ അകപ്പെട്ട് വിറങ്ങലിച്ച് പോയ ഇരുന്നൂറോളം സ്കൂള്‍ കുട്ടികള്‍ക്കും കലാകാരന്മാര്ക്കുമാണ് ഡല്‍ഹി പൊലീസ് സഹായമെത്തിച്ചത്.
പരേഡിന് ശേഷം ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന കുട്ടികള്‍ അക്രമം കണ്ട് ഭയവിഹ്വലരായി. കൃപാണങ്ങളും വാളുകളും കൊണ്ട് അക്രമികള്‍ പൊലീസിനെ ആക്രമിക്കുന്ന സമയത്തും കുട്ടികളുടെ കാര്യത്തില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തി. ഭയന്നു കരഞ്ഞ കുട്ടികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കിയ ശേഷം ഡിസിപി ആന്റോ അല്‍ഫോണ്‍സിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിന് കീഴില്‍ കുട്ടികളെ സുരക്ഷിതരായി പൊലീസ് വാഹനത്തില്‍ ദരിയാഗഞ്ചില്‍ എത്തിച്ചു.
വഴിയിലുടനീളം അക്രമികള്‍ പൊലീസിനെ മര്‍ദ്ദിക്കുന്നതും കോട്ടമതിലിന് മുകളില്‍ നിന്നും ചവിട്ടി താഴെയിടുന്നതും കാണാമായിരുന്നുവെന്ന് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന കലാകാരന്മാര് ദേശീയ മാധ്യമത്തോട് പറഞ്ഞു. കലാപ സമാനമായ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിനിടയിലും കുട്ടികളെ രക്ഷപ്പെടുത്താന്‍ കാട്ടിയ ഡല്‍ഹി പൊലീസിന്റെ ശുഷ്കാന്തിക്ക് സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണ വര്‍ദ്ധിക്കുകയാണ്.
83 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ 83 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഇവരില്‍ 41 പേര്‍ക്ക് ചെങ്കോട്ടയില്‍ വെച്ചാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭൂരിഭാഗം പേര്‍ക്കും കൈ, കാലുകള്‍ക്ക് ക്ഷതം ഏറ്റതായി ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അക്രമത്തിനിടെ പോലീസിനെ മര്‍ദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ മുന്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ ലംഘിച്ച് മനപ്പൂര്‍വ്വം കലാപം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവയും ചൂണ്ടിക്കാട്ടി.
ബാരിക്കേടുകള്‍ തകര്‍ത്തും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ട്രാക്ടര്‍ ഓടിച്ചു കയറ്റിയും അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഥിതിഗതികള്‍ വഷളായതോടെ പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംഘടിതമായി നടന്ന ആക്രമണങ്ങളുടെ നിരവധി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സുപ്രീം കോടതി വിദ്ഗധ സമിതിയുടെ കര്‍ഷകരുമായുള്ള കൂടിക്കഴ്ച 29 ലേക്ക് മാറ്റി
സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ കര്‍ഷകരുമായുള്ള കൂടിക്കഴ്ച മാറ്റിവച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച മാറ്റിവെച്ചത്.
ഈ മാസം 29 ലേക്കാണ് കൂടിക്കാഴ്ച മാറ്റിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രാ നിയന്ത്രണം വന്നതോടെയാണ് യോഗം മാറ്റിയത്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകളുമായി കമ്മിറ്റി ജനുവരി 21 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
നാല് അംഗ സമിതിയില്‍ നിന്ന് നേരത്തെ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഭൂപേന്ദ്ര സിംഗ് മാന്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു മൂന്ന് പേരാണ് സമിതിയിലുള്ളത്. സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍ നിലപാട് തുടരുന്നതിനാല്‍ സമര സമിതിയില്‍ ഇല്ലാത്ത കര്‍ഷക സംഘടനകളെയും നിയമങ്ങളെ അനൂകൂലിക്കുന്ന സംഘടനകളെയുമാണ് വിദ്ഗധ സമിതി കാണുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)