
രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ 64.71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും. കേരളത്തില്‍ മാത്രം 39.7% പേര്. പരിശോധനാ നിരക്കിലെ കുറവും കൃത്യമായ ഫലം ലഭിക്കാത്ത ആന്റിജന്‍ പരിശോധനയില്‍ കേന്ദ്രീകരിക്കുന്നതും സാമൂഹിക അകലം ഉള്‍പ്പെടെ കാര്യങ്ങളിലെ അലംഭാവവുമാണ് കേരളത്തിന്റെ വീഴ്ചകളെന്നാണ് കേന്ദ്ര വിലയിരുത്തല്‍. നിലവിലെ അവസ്ഥയില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യാപനം കുറയ്ക്കാന്‍ കേരളം ആദ്യഘട്ടത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇളവുകള്‍ നിയന്ത്രണം വിട്ടെന്നാണ് ആക്ഷേപം. രാജ്യത്താകെ പരിശോധന-സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 1.78 ശതമാനത്തില്‍ നില്ക്കുമ്പോള് കേരളത്തില്‍ 10 ശതമാനത്തില്‍ താഴെ എത്തുന്നില്ല. പരിശോധനയില്‍ കേരളം 10-ാം സ്ഥാനത്താണ്. സംസ്ഥാനത്ത് 75% ആന്റിജനും 25% ആര്‍ടിപിസിആര്‍ പരിശോധനയുമാണ് നടക്കുന്നത്.
ആന്റിജന്‍ പരിശോധനാ ഫലം കൃത്യമല്ലെന്നതാണ് പ്രധാന വെല്ലുവിളി. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാകുന്നവരെ കൂടുതല്‍ കൃത്യതയുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് കൂടി വിധേയമാക്കുമെന്ന് ഒക്ടോബര്‍ 7 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ തലത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന മാത്രമേ നടത്തുന്നുള്ളൂ. കര്‍ണാടകയിലും ആര്‍ടിപിസിആര്‍ പരിശോധനയാണ് കൂടുതല്‍. കേരളത്തില്‍ കേസുകള്‍ ആയിരത്തില്‍ താഴെയെത്താന്‍ ജൂലൈ വരെ കാക്കണമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിഗമനം.
ലോകത്ത് പത്ത് കോടി കൊവിഡ് ബാധിതര്‍, നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 21,48,471 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിരണ്ട് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,06,77,710 ആയി ഉയര്‍ന്നു. നിലവില്‍ 1.74 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു. 1,03,45,278 പേര് രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.53 ലക്ഷമായി ഉയര്‍ന്നു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി അമ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.4.31 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര കോടി കടന്നു.
ബ്രസീലില്‍ എണ്‍പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.17 ലക്ഷം പേര് മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേര് സുഖം പ്രാപിച്ചു. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മുപ്പത്തിയാറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഇരുപതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)