
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഒരാൾക്ക് 'രണ്ട് ടേം' കാലപരിധി നിശ്ചയിച്ച് സി.പി.ഐ. കൂടുതൽ തവണ മത്സരിക്കുന്നതിന് ഇളവ് നൽകുകയാണ് പൊതുരീതി. ഇത്തവണ, രണ്ട് ടേം എന്ന നിബന്ധന കർശനമാക്കാനാണ് സി.പി.ഐ ആലോചിക്കുന്നത്. അങ്ങനെ വന്നാൽ മന്ത്രിമാരടക്കം, ഭൂരിപക്ഷം സിറ്റിങ് എം.എൽ.എ.മാരും മാറേണ്ടി വരും. 29, 30, 31 തീയതികളിലായി ഹൈദരാബാദിൽ നടക്കുന്ന ദേശീയ കൗൺസിലിന്റെ അംഗീകാരത്തിന് അനുസരിച്ചാകും നിബന്ധനയുടെ കാർക്കശ്യം എത്രത്തോളമാകാമെന്ന് നിശ്ചയിക്കുക.
സി.പി.ഐ.യുടെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും രണ്ട് ടേം പൂർത്തിയാക്കിയവരാണ്. ചീഫ് വിപ് കെ. രാജന് മാത്രമാണ് നിബന്ധന കർശനമാക്കിയാൽ വീണ്ടും മത്സരിക്കാൻ അർഹതയുണ്ടാകുക. എം.എൽ.എ.മാരിൽ പകുതിയോളം പേരും മാറേണ്ടി വരും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നിവർക്ക് വീണ്ടും അവസരം നൽകണമെന്ന ആവശ്യവും നേതാക്കളിലുണ്ട്. എന്നാൽ, ചിലർക്ക് മാത്രമായി ഇളവ് അനുവദിക്കുന്നത് പരാതിക്കിടയാക്കും എന്നതാണ് ഇതിനുള്ള തടസ്സം.
ഫെബ്രുവരി 10-ന് സംസ്ഥാന എക്സിക്യുട്ടീവും 11, 12, 13 തീയതികളിലായി മൂന്നുദിവസം സംസ്ഥാന കൗൺസിലും ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകളാണ് ഈ നേതൃയോഗങ്ങളിൽ പ്രധാനം. സിറ്റിങ് അംഗങ്ങളിലേറെയും കളമൊഴിയുമ്പോൾ പുതുമുഖങ്ങളെ നിശ്ചയിക്കുന്നതും സി.പി.ഐ.യിൽ പ്രധാന ചർച്ചയാകും. ചന്ദ്രശേഖരൻ മത്സര രംഗത്തില്ലെങ്കിൽ കാഞ്ഞങ്ങാട് പി. സന്തോഷ് കുമാറിനാകും സാധ്യത. കണ്ണൂരിൽ ഇരിക്കൂർ സീറ്റാണ് സി.പി.ഐ. മത്സരിച്ചിരുന്നത്. ഇത് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വരും. പകരം, അഴീക്കോട് സീറ്റാണ് സി.പി.ഐ. ചോദിക്കുന്നത്. ഇവിടെ, മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എൻ. ചന്ദ്രൻ, മഹേഷ് കക്കത്ത് എന്നിവരൊക്കെ പരിഗണനയിലുണ്ട്.
ഇ.കെ. വിജയൻ ഇനി മത്സരത്തിനുണ്ടാകില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ നാദാപുരത്ത് പി. ഗവാസ്, പി. വസന്തം എന്നിവരിലാരെങ്കിലും വന്നേക്കും. തൃശ്ശൂരിൽ അഞ്ച് എം.എൽ.എ.മാരാണ് സി.പി.ഐ.ക്കുള്ളത്. ഇവരിൽ വി.എസ്. സുനിൽകുമാറും, ഗീതാ ഗോപിയും രണ്ടുടേം പൂർത്തിയാക്കിയവരാണ്. പകരം, പി. ബാലചന്ദ്രൻ, ടി.ആർ. രമേഷ് കുമാർ എന്നിവരാണ് മുൻഗണനയിലുള്ളത്.
കൊല്ലത്ത് മൂന്ന് മണ്ഡലങ്ങളിൽ ഒഴിവുണ്ടാകും. ആർ. സജിലാൽ, ചിഞ്ചുറാണി, എം.എസ്. താര എന്നിവർ സ്ഥാനാർത്ഥിത്വം കല്പിക്കുന്നവരാണ്. പി. പ്രസാദിനെ കൊല്ലം ജില്ലയിലെ ഏതെങ്കിലും സീറ്റിലോ, മന്ത്രി പി. തിലോത്തമൻ മത്സരിക്കുന്നില്ലെങ്കിൽ ചേർത്തലയിലോ മത്സരിപ്പിച്ചേക്കും. ആലപ്പുഴയിൽ ടി.ജെ. ആഞ്ചലോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ മത്സരത്തിനിറങ്ങും. സി. ദിവാകരൻ മത്സരിക്കുന്നില്ലെങ്കിൽ നെടുമങ്ങാടായിരിക്കും അനിലിനെ പരിഗണിക്കുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)