
നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഓൺലൈൻ കച്ചവടം നടത്തുന്ന ഇ–കൊമേഴ്സ് കമ്പനികളെ നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ ഓൺലൈൻ കമ്പനികളെ രക്ഷിക്കാനാണ് നീക്കം. ആമസോൺ, ഫ്ലിപ് കാർട്ട് തുടങ്ങിയ കമ്പനികൾക്കെതിരെയാണ് പുതിയ നിയമം നടപ്പിലാക്കുക.
ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ചില ഇ–കൊമേഴ്സ് കമ്പനികൾ കച്ചവടത്തിൽ രാജ്യത്ത് നിഷ്ക്കർഷിച്ചിരിക്കുന്ന നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഒരു വിൽപ്പനക്കാരന്റെ ഓഹരി നേരിട്ടോ അല്ലാതെയോ കൈവശം വയ്ക്കുന്നത് വ്യക്തമായി വിലക്കുന്നു എന്നാണ് ഇതിൽ പറയുന്നത്. ചില ഇ-കൊമേഴ്സ് കമ്പനികൾ നിയമങ്ങൾ പാലിക്കുന്നില്ലെന്നും അനുബന്ധ സ്ഥാപനങ്ങളിൽ പരോക്ഷമായ ഓഹരികൾ കൈവശമുണ്ടെന്നും ആശങ്കയുണ്ട്. ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞത്.
ഇ–കൊമേഴ്സ് മേഖലയിലെ അതികായരായ ആമസോണിനും വാൾമാർട്ടിന്റെ ഫ്ലിപ് കാർട്ടിനുമെതിരെ നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രണ്ട് കമ്പനികൾക്കെതിരെയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും (ഇഡി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആർബിഐ) കേന്ദ്രം നിർദേശിച്ചത് കഴിഞ്ഞ മാസമാണ്.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികള്‍ ഓഫറുകളുടെ വലിയൊരു നിര തന്നെയാണ് പലപ്പോഴും ഉപഭോക്താക്കൾക്ക് മുന്നിൽ വയ്ക്കുക. ഇത് എഫ്ഡിഐ നിയമങ്ങൾക്കെതിരാണ് എന്ന് കാണിച്ചാണ് രാജ്യത്തെ ട്രേഡ് സംഘടനകള്‍ കേന്ദ്ര സർക്കാരിന് പരാതി നൽകിയത്. നിയമങ്ങൾ കടുപ്പിക്കുന്നതോടെ ഈ ഓഫറുകൾ നിലയ്ക്കുമെന്നാണ് വിലയിരുത്തൽ. വിശദമായ ചർച്ചകൾക്കും പഠനത്തിനും ശേഷം നിയമം പ്രാബല്യത്തിലാക്കാനാണ് സർക്കാർ ശ്രമം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)