
രാജ്യത്തെ ആദ്യ എയർ ടാക്സി സർവീസിന് ഹരിയാനയിൽ തുടക്കമായി. ഹരിയാനയ്ക്കൊപ്പം പഞ്ചാബിന്റെ കൂടി തലസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവുമായ ചണ്ഡീഗഢിൽ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കാണ് എയർ ടാക്സി ഏവിയേഷൻ കമ്പനിയുടെ എയർ ടാക്സി പറന്നു തുടങ്ങിയത്. 45 മിനിറ്റിൽ പൂർത്തിയാവുന്ന ഹിസാർ-ചണ്ഡീഗഢ് യാത്രയ്ക്ക് 1,755 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് ബുക്കിങ്ങിനായി ഓൺലൈൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഒരാളെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കിൽ നിശ്ചിത സമയക്രമം പാലിച്ച് ദിവസവും ഒരു തവണ ഹിസാർ-ചണ്ഡീഗഢ് റൂട്ടിൽ എയർ ടാക്സി സർവീസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ആവശ്യങ്ങൾക്കും ഈ വിമാനം ലഭ്യമാവുമെന്നാണ് എയർ ടാക്സിയുടെ വാഗ്ദാനം. ഇരട്ട എൻജിനും നാല് സീറ്റുമുള്ള ടെക്നാം പി 2006ടി വിമാനമാണ് എയർ ടാക്സി സർവീസിനായി ഉപയോഗിക്കുന്നത്. പൈലറ്റിനു പുറമെ മൂന്ന് പേർക്കാണ് വിമാനത്തിൽ യാത്രാസൗകര്യം. ഇത്തരത്തിലുള്ള നാല് വിമാനങ്ങൾ സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഹിസാർ-ചണ്ഡീഗഢ് സർവീസിന് പിന്നാലെ അടുത്ത ആഴ്ച ഹിസാർ-ഡെഹ്റാഡൂൺ റൂട്ടിലും എയർ ടാക്സി സേവനം ആരംഭിക്കുന്നുണ്ട്. ജനുവരി 23 മുതൽ ഹിസാറിൽ നിന്ന് ധർമശാലയിലേക്കും വിമാന സർവീസ് തുടങ്ങും. ഭാവിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംലയെയും കുളുവിനെയും ബന്ധിപ്പിച്ചും ഹരിയാനയിലെ മറ്റു നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുമെന്ന് എയർ ടാക്സി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി ജി സി എ) അനുവദിച്ച ഷെഡ്യൂൾഡ് കമ്യൂട്ടർ എയർലൈൻ പെർമിറ്റുമായാണ് എയർ ടാക്സി ഇന്ത്യ ഈ മേഖലയിൽ പ്രവേശിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റീജണൽ കണക്ടിവിറ്റി പദ്ധതി(ആർ സി എസ്) ആയ ‘ഉഡാൻ’ പ്രകാരം 26 റൂട്ടുകളിൽ സർവീസ് നടത്താനുള്ള അനുമതി കമ്പനി നേടിയിട്ടുണ്ട്. രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളെ മെട്രോ നഗരങ്ങളുമായി വ്യോമമാർഗം ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘ഉഡാൻ’ പദ്ധതിയിൽ പെടുന്ന വിമാന കമ്പനികൾക്ക് യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ സബ്സിഡിയും അനുവദിക്കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)