
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ചവര്‍ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചിരിക്കുകയാണെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാറും കര്‍ഷകരും തമ്മില്‍ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടത്തിയ ഒമ്പതാംഘട്ട ചര്‍ച്ചയില്‍ കര്‍ഷകര്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. കര്‍ഷകരെ നിശബ്ദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എ-യെ ആയുധമാക്കുന്നുവെന്നും പറഞ്ഞു.
സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിനും കര്‍ഷക സംഘടനകള്‍ക്കും ഫണ്ട് കൈമാറിയവര്ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാവ് അഭിമന്യൂ കോഹര്‍ 'ദ ക്വിന്റ്' ഓണ്‍ലൈനിനോട് പറഞ്ഞു.
ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ടുവന്നതായും വിയോജിപ്പുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി കേന്ദ്രം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികള്‍ക്കെതിരെയാണ് എന്‍.ഐ.എ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിനോദ യാത്ര ബസ് ഓപ്പറേറ്റര്‍, ചെറുകിട വ്യവസായികള്‍, കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍.ജി.ഒ-കളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
യു.എസില്‍ നിന്നുള്ള ഗുര്‍പത്വന്ത് സിങ് പന്നു, യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരംജീത് സിങ് പമ്മ, കാനഡയിലെ ഹര്‍ദീപ് സിങ് നിജ്ജാര്‍ എന്നിവര്‍ക്കെതിരെയാണ് ഡിസംബര്‍ 15ന് ഡല്‍ഹിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവനാണ് പന്നു.
സിഖ് ഫോര്‍ ജസ്റ്റിസ്, മറ്റ് ഖലിസ്ഥാനി തീവ്രവാദി സംഘടനകള്‍ ഉള്‍പ്പെടെ കര്‍ഷക പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞു കയറിയതായി കേന്ദ്രസര്‍ക്കാറിന് വിവരം ലഭിച്ചു. ഇത്തരം സംഘടനകള്‍ ഭയാന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങളെ അസംതൃപ്തരാക്കുകയും ഇന്ത്യന്‍ സര്‍ക്കാറിനെതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് എഫ്.ഐ.ആര്. കൂടാതെ വിദേശത്തുനിന്ന് ഫണ്ട് ശേഖരിക്കുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
പ്രക്ഷോഭത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുഖേന കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഖലിസ്ഥാനികള്ക്കെതിരായി പ്രവര്‍ത്തിച്ച കര്‍ഷകരെ കേന്ദ്രം അപമാനിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. കേന്ദ്രം എന്‍.ഐ.എയെ ഉപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുകയാണെന്ന് ശിരോമണി അകാലിദള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുക കൈമാറിയ സംഘടനകളെല്ലാം ഖാലിസ്ഥാനികള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചവരാണെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)