
രാംഘട്ട്: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഡാമില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയും ഗോഡ്ഡ ജില്ലക്കാരിയുമായ 22കാരിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച പത്രാതു ഡാമില്‍ നിന്ന് കണ്ടെടുത്തത്.
ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം പ്രദേശവാസികള്‍ ഡാമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിനരികിലെ പത്രാതുലേക്ക് റിസോര്ട്ടിലെത്തിയതായാണ് പൊലീസിന്റെ നിഗമനം. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ആരോ ഡാമില്‍ എറിഞ്ഞതായാണ് കരുതുന്നത്. രാംഘട്ട്, ഹസാരിബാഗ് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി നോര്‍ത്ത് ഛോട്ടാനാഗ്പുര്‍ ഡിവിഷന് ഡി.ഐ.ജി എ.വി. ഹോംകാര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡാമിന്റെ സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ ബാഗ് കണ്ടെത്തിയിരുന്നു. അതില്‍ നിന്നാണ് മരിച്ചതാരാണെന്ന് തിരിച്ചറിയാനുള്ള വിവരങ്ങള്‍ ലഭിച്ചത്. പൊലീസ് അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ പെണ്‍കുട്ടി കോളേജിലുണ്ടായിരുന്നതായി മെഡി. കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് മണിയോടെ റാഞ്ചിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കോളേജില്‍ നിന്ന് പോയതെന്നും അധികൃതര്‍ അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)