
ന്യൂഡൽഹി: പൂനെ സിറം ഇൻസ്റ്റിട്യൂട്ടിൽനിന്ന് പതിമൂന്ന് നഗരങ്ങളിലെ അംഗീകൃത സംഭരണ കേന്ദ്രങ്ങളിലേക്ക് കോവിഷീൽഡ് വാക്സിന്റെ 56 ലക്ഷം ഡോസ് കനത്ത സുരക്ഷാസംവിധാനങ്ങളോടെ അയച്ചു. ജനുവരി പതിനാറിന് ആരംഭിക്കുന്ന ആദ്യഘട്ട വിതരണത്തിനായാണ് വാക്സിൻ അയച്ചു തുടങ്ങിയത്.
ഡൽഹി, ചെന്നൈ, കൊൽക്കത്ത, ഗുവാഹത്തി, ഷില്ലോങ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, പട്ന, ബെംഗളൂരു, ലഖ്നൗ, ചണ്ഡീഗഡ് എന്നീ പതിമൂന്ന് നഗരങ്ങളിലേക്കാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വാക്സിനുമായി വാഹനങ്ങൾ യാത്ര തിരിച്ചത്. കൂടാതെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മുംബൈയിലേക്ക് വാക്സിനുമായി മൂന്ന് ട്രക്കുകൾ പുറപ്പെട്ടു.
സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്ന് 11 ദശലക്ഷം കോവിഷീൽഡ് ഡോസും ഭാരത് ബയോടെക്കിന്റെ 5.5 ദശലക്ഷം ഡോസ് കോവാക്സിനും ലഭ്യമാക്കുമെന്നും ജനുവരി പതിനാലോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണത്തിനായി എത്തിക്കുമെന്നും കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രവർത്തകർ, പോലീസ്, ശുചീകരണജീവനക്കാർ എന്നിവർക്ക് ആദ്യഘട്ട വിതരണത്തിൽ പ്രാഥമിക പരിഗണന നൽകും. വാക്സിൻ വിതരണം ഓൺലൈനിലൂടെ പ്രധാനമന്ത്രി നിർവഹിക്കുമെന്നാണ് ഔദ്യോഗിക സൂചന.
1,200 വയലുകളടങ്ങിയ 32 കിലോഗ്രാം ഭാരമുള്ള ശീതീകരിച്ച പെട്ടികളായാണ് വാക്സിൻ വിതരണകേന്ദ്രങ്ങളിലേക്ക് അയച്ചത്. ഓരോ മരുന്നുകുപ്പിയിലും 10 ഡോസ് വാക്സിനാണുള്ളത്. നിർമാണ തീയതി 2020 ഒക്ടോബറായും കാലാവധി അവസാനിക്കുന്നത് 2021 മാർച്ചുമായാണ് പെട്ടികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വാക്സിൻ പെട്ടികൾ ഏറ്റുവാങ്ങി. രാജ്യത്തിനും ഗുജറാത്തിനും ഇത് ആഹ്ളാദം പകരുന്ന അവസരമാണെന്ന് നിതിൻ പട്ടേൽ പ്രതികരിച്ചു. കോവിഷീൽഡിന്റെ 54,900 വയലുകളാണ്(vials) ബിഹാറിലെ നളന്ദ മെഡിക്കൽ കോളേജിലെ സംഭരണകേന്ദ്രത്തിലെത്തിയത്. പത്ത് പ്രാദേശിക സംഭരണകേന്ദ്രങ്ങളിലേക്ക് ബുധനാഴ്ച വാക്സിൻ വിതരണം ചെയ്യും.
20,004 വയലുകളാണ് ആദ്യഘട്ടത്തിൽ പഞ്ചാബിലെത്തിയത്. ജില്ലാകേന്ദ്രങ്ങളിലേക്ക് പ്രത്യേകവാഹനങ്ങളിൽ വാക്സിനെത്തിക്കുമെന്ന് സംസ്ഥാന കോവിഡ്-19 നോഡൽ ഓഫീസർ രാജീവ് ഭാസ്കർ അറിയിച്ചു. 1,200 വയലുകളാണ് ചണ്ഡീഗഡിന് ലഭിച്ചത്. ഒഡിഷയിലെത്തിയ വാക്സിൻ പെട്ടികൾ വിമാനത്താവളത്തിൽ തന്നെ പ്രത്യേകമായി ശീതികരിച്ച മുറിയിലാണ് താത്ക്കാലികമായി സൂക്ഷിച്ചിരിക്കുന്നത്.
അസം, മേഘാലയ എന്നിവ കോവിഡ് വാക്സിൻ ലഭിക്കുന്ന ആദ്യ തെക്കുകിഴക്കൻ സംസ്ഥാനങ്ങളായി. കോവിഷീൽഡിന് ശേഷം ഭാരത് ബയോടെക്കിന്റെ വാക്സിൻ സംസ്ഥാനത്ത് ഉടനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു. ചെന്നൈയിൽനിന്ന് കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, മധുര തുടങ്ങി പത്ത് പ്രാദേശിക കേന്ദ്രങ്ങളിലേക്ക് വാക്സിൻ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
4,35,500 ഡോസ് കോവിഷീൽഡാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെയെത്തുന്ന വാക്സിൻ ശീതികരണസംവിധാനമുള്ള പ്രത്യേകവാഹനത്തിൽ താത്ക്കാലികമായി സംഭരിക്കും. തുടർന്നാണ് പ്രാദേശികവിതരണം.
വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് തമിഴ്നാടും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും വാക്സിൻ ലഭിച്ചയുടനെ അറിയിച്ചു. ബിഹാറും സമാനതീരുമാനം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)