
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2011 മുതൽ 2016 വരെയുള്ള UDF ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന് ശാപമായി മാറിയ ഭരണമായിരുന്നില്ലേ അത്. ജനങ്ങൾ ഇത് മറക്കില്ല. ആ വിഷയങ്ങൾ ഉന്നയിച്ചാൽ പ്രതിപക്ഷത്തിന് എന്താണ് ബേജാർ ?
അഴിമതി രഹിത ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന LDF സർക്കാരിനെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ അഴിമതിയെ കുറിച്ചുള്ള ചോദ്യോത്തരത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഉളുപ്പ് എന്നത് ഇല്ലാത്തത് കൊണ്ടാണ് ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ചവർ അഴിമതി തൊട്ടു തീണ്ടാത്തവരെ ആക്ഷേപിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ അത് അംഗീകരിക്കാനാവില്ല. പ്രതിപക്ഷത്തിന്റെ ആ ആഗ്രഹത്തിന് നിന്നുതരാന്‍ തല്ക്കാലം മനസില്ലെന്നും അത് കൈയില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജനങ്ങളുടെ കരണത്ത് അടിയേറ്റിട്ടും പാഠം പഠിക്കാത്ത പ്രതിപക്ഷം നുണകളുമായി വീണ്ടും ഇറങ്ങി തിരിച്ചിരിക്കുകയാണ്. ആ വേല ഇവിടെ വിലപ്പോവില്ല.
UDF കാലത്തെ കൊള്ളകളെ പറ്റിയുള്ള അന്വേഷണങ്ങൾ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ഓര്മ ശക്തി ചോദ്യം ചെയ്യരുത്. എല്ലാം മറന്നെന്ന് കരുതരുത്. ഏതെല്ലാം നിലയിലാണ് അഴിമതി നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ യശസ് വര്‍ദ്ധിക്കുന്നതിലുള്ള വിഷമമാണ് ചിലര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാറുടമയായ ബിജു രമേശ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ അന്നത്തെ കെ പി സി സി പ്രസിഡന്റ് ആയിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് കൈക്കൂലി നല്‍കിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമം 1988 പ്രകാരമുള്ള പ്രാഥമികാന്വേഷണത്തിന് അനുമതി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അതേസമയം പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടു ഗവര്‍ണറെ സമീപിച്ച വിവരം |ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനര്‍ജനി പദ്ധതിപ്രകാരം വീട് വയ്ക്കുന്നതിന് ധനശേഖരണാര്‍ത്ഥം വി ഡി സതീശന് വിദേശയാത്രകള്‍ നടത്തിയതിനെക്കുറിച്ചും വിദേശഫണ്ട് വാങ്ങിയതിനെക്കുറിച്ചും പുനര്‍ജനി പദ്ധതിയിലൂടെ തട്ടിപ്പ് നടത്തിയതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ അന്വേഷണം നടത്തി. അഴിമതി നിരോധന നിയമം 1988 പ്രകാരമുളള പ്രാഥമികാന്വേഷണം നടത്തുന്നതിന് അനുമതി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും - മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ നിയമസഭാ അംഗങ്ങളില്‍ വി എസ് ശിവകുമാര്‍, വി കെ ഇബ്രാഹിംകുഞ്ഞ്, കെ. എം ഷാജി, പി ഉണ്ണി, അഡ്വ. യു പ്രതിഭ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വി എസ് ശിവകുമാര്‍, വി കെ. ഇബ്രാഹിംകുഞ്ഞ്, കെ എം ഷാജി എന്നിവര്‍ക്കെതിരെയുള്ള കേസ് അന്വേഷണഘട്ടത്തിലാണ്. പി ഉണ്ണിക്കെതിരായ കേസന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സൂക്ഷ്മപരിശോധനയിലാണ്. അഡ്വ. യു പ്രതിഭക്കെതിരെയുള്ള കേസിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
നിലവിലെ നിയമസഭാ അംഗങ്ങളില്‍ കമറുദ്ദീനെതിരെ 149 വഞ്ചന കേസുകളും, പി വി അന്‍വറിനെതിരെ ഒരു കേസും, ഇ എസ് ബിജിമോള്‍ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)