
ബെംഗളുരു: പത്തോ അതിൽ കൂടുതലോ ജീവനക്കാരുളള കടകൾക്കും ഇതര വ്യാപാര സ്ഥാപനങ്ങൾക്കും വർഷം മുഴുവൻ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി കർണാടക സർക്കാർ. തൊഴിലവസരങ്ങൾ ഉയർത്തുക, സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്റെ പുതിയ നീക്കം.
ഒരു ജീവനക്കാരനേയും ദിവസം പത്ത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുതെന്നും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ദിവസത്തിൽ എട്ട് മണിക്കൂറിൽ കൂടുതലോ ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതലോ ജീവനക്കാരെ തൊഴിലെടുപ്പിക്കാൻ പാടില്ല. ഓവർടൈം ഉൾപ്പെടെയുളള ജോലി സമയം പത്ത് മണിക്കൂറിൽ കൂടുതലാകാനും പാടില്ല. - സർക്കുലറിൽ പറയുന്നു.
എല്ലാ ജീവനക്കാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നൽകണം. ദിവസത്തിൽ എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് ഓവർ ടൈം അലവൻസ് നൽകണം. സാധാരണ സാഹചര്യങ്ങളിൽ സ്ത്രീ ജീവനക്കാരെ രാത്രി എട്ട് മണിക്ക് ശേഷം ജോലി ചെയ്യിപ്പിക്കരുത്.
അത്തരമൊരു സാഹചര്യം വരികയാണെങ്കിൽ രാത്രി സമയത്ത് ജോലി ചെയ്യാൻ തയ്യാറാണെന്നുളള വനിതാ ജീവനക്കാരിയുടെ സമ്മത പത്രം എഴുതി വാങ്ങണം. ഒപ്പം അവർക്ക് മതിയായ സുരക്ഷ ഒരുക്കുകയും വേണം.
ഷിഫ്റ്റ് സമയക്രമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾ, മാനേജർമാർ എന്നിവർക്കെതിരേ നടപടിയെടുക്കും. അവധി ദിവത്തിലോ, സാധാരണ ജോലിസമയത്തിന് പുറത്തോ ഓവർടൈം ഉടമ്പടി ഇല്ലാതെ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ നിയമപരമായ നടപടികൾ കൈക്കൊളളുമെന്നും സർക്കുലറിൽ പറയുന്നു.
തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ വ്യവസ്ഥകൾ അടുത്ത മൂന്നുവർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)