
വണ്ടൂർ: സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്കും റെയിൽവേ കാര്യാലയങ്ങളിലേക്കും വിളിച്ച് ട്രെയിനിന് തീവയ്ക്കും എന്നതുൾപ്പെടെ വ്യാജസന്ദേശങ്ങൾ നൽകിയ കേസിലെ പ്രതി ഒരു വർഷത്തിനു ശേഷം പിടിയിൽ. തിരുവാലി പാതിരിക്കോട് കാട്ടുമുണ്ട അബ്ദുൽ മുനീർ (32) ആണ് അറസ്റ്റിലായത്. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ അത്യാവശ്യ സേവന നമ്പറിൽ വിളിച്ച് മംഗള എക്സ്പ്രസ് ട്രെയിനിന് തീവയ്ക്കാൻ 4 പേർ പദ്ധതിയിടുന്നുവെന്ന സന്ദേശമാണ് നൽകിയത്. റെയിൽവേ, അഗ്നിരക്ഷാ കാര്യാലയങ്ങളിലും സമാനമായ സന്ദേശം നൽകി. വിശദമായ പരിശോധനയ്ക്ക് ശേഷം സന്ദേശം വ്യാജമാണെന്നു തെളിഞ്ഞു.തുടർന്നു നടന്ന അന്വേഷണത്തിൽ യുവാവിനെക്കുറിച്ചു സൂചന ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ കാര്യാലയങ്ങളിൽ വ്യാജസന്ദേശം നൽകുകയും സ്ത്രീകളെ വിളിച്ചു അശ്ലീല സംഭാഷണം നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്നു അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണു അബ്ദുൽ മുനീർ പിടിയിലായത്.സ്ത്രീകളെ ഫോണിൽ വിളിച്ചു ശല്യം ചെയ്തതിനു നേരത്തേ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
നഗരങ്ങളിൽ ചുറ്റി നടന്ന് വീണു കിട്ടുന്ന സിം കാർഡുകൾ ഉപയോഗിച്ചാണു ഇയാൾ വ്യാജ സന്ദേശം നൽകിയിരുന്നതെന്നു പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്ഐ കെ.രവി, എസ്സിപിഒമാരായ കെ.ഉണ്ണിക്കൃഷ്ണൻ, പ്രത്യേക അന്വേഷണ സംഘത്തിലെ ഇ.ജി പ്രദീപ്, കൃഷ്ണകുമാർ, ജഗദീഷ്, സവാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)