
ബെംഗളൂരു: പ്രതിപക്ഷത്തിന്റെയും കർഷകരുടെയും പ്രതിഷേധം വകവെയ്ക്കാതെ കർണാടക നിയമനിർമാണ കൗൺസിലിൽ ജെ.ഡി.എസിന്റെ പിന്തുണയോടെ ഭൂപരിഷ്കരണ ഭേദഗതി ബിൽ പാസാക്കി. കൃഷിഭൂമി വാങ്ങാൻ കർഷകരല്ലാത്തവരെയും അനുവദിക്കുന്നതാണ് ഭേദഗതി. 21-നെതിരേ 37 വോട്ടുകൾക്കാണ് പാസായത്.
ബിൽ പാസായതോടെ ബെംഗളൂരു മൗര്യ സർക്കിളിൽ സമരം ചെയ്തിരുന്ന കർഷകർ രോഷാകുലരായി. ബില്ലിനെ പിന്തുണച്ച ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി കോർപ്പറേറ്റ് ഏജന്റാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കർഷകരുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് ഭേദഗതിയെന്നാണ് ബിൽ കഴിഞ്ഞ സെപ്റ്റംബറിൽ നിയമസഭയിൽ പാസായപ്പോൾ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞത്. ഇതിന് വിപരീതമായി കൗൺസിലിൽ ബില്ലിനെ പിന്തുണച്ചത് വൻവിമർശനത്തിനിടയാക്കി.
നിയമസഭയിലും നിയമനിർമാണ കൗൺസിലിലും ബിൽ പാസായതോടെ ഇനി ഗവർണറുടെ അനുമതി ലഭിച്ചാൽ വിജ്ഞാപനമിറക്കാനാകും. വൻകിട കമ്പനികളെ കൃഷിഭൂമി വാങ്ങിക്കൂട്ടാൻ സഹായിക്കുന്നതാണ് ഭേദഗതിയെന്നാണ് കർഷകരുടെ ആരോപണം. അനധികൃതമായി കാർഷികഭൂമി വാങ്ങുന്നവരെ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
ബിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് കർഷക സംഘടനകളും കന്നഡവാദ സംഘടനകളും ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച മജസ്റ്റിക് റെയിൽവേ സ്റ്റേഷനൽ നിന്ന് വിധാൻ സൗധയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കർഷകസംഘടനാ നേതാക്കൾ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ബിൽ നിയമസഭയിൽ പാസായപ്പോൾ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ബില്ലിന്റെ പകർപ്പ് കീറി പ്രതിഷേധിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)