
പനാജി: എഫ്.സി ഗോവയുടെ വലകുലുക്കാന്‍ മുംബൈ സിറ്റിക്ക് 94ാം മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു. ഐ.എസ്.എല്ലിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളില്‍ മുബൈ സിറ്റി എഫ്.സി ഗോവയെ 1-0ത്തിന് തോല്പിച്ചു. ഇംഗ്ലീഷ് താരം ആഡം ലെ ഫോണ്ട്റെയാണ് നിര്‍ണായക സമയത്ത് മുംബൈക്കായി ഗോള്‍ നേടിയത്. മുംബൈയുടെ ആദ്യ ജയമാണിത്.
94ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് മുംബൈക്ക് വിലയേറിയ മൂന്ന് ഗോള്‍ നല്‍കുന്നത്. പകരക്കാരനായി എത്തിയ ബിപിന്‍ സിങ്ങിന്റെ ഹെഡര്‍ ലെനി റോഡ്രിഗസിന്റെ കൈയില്‍ തട്ടുകയായിരുന്നു. വീണുകിട്ടിയ അവസരം ഫോണ്ട്റെ ഗോളാക്കുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് തോറ്റ മുംബൈ സിറ്റി നാലു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സൂപ്പര്‍ താരം ഒഗ്ബച്ചെയെ ആദ്യ ഇലവനില്‍ കോച്ച് സെര്‍ജിയോ ലെബേറെ ഇറക്കിയില്ല. ഒപ്പം പരിക്കേറ്റ റെയ്നിയര്‍ ഫെര്‍ണാണ്ടസ്, സസ്പെന്‍ഷനിലുള്ള അഹ്മദ് ജാഹൂ, മുഹമ്മദ് റാക്കിപ് എന്നിവര്‍ക്ക് പകരം അമേയ് റണ്വാഡെ, ഗോഡാര്‍ഡ്, മുര്‍ത്തദ, ഫാറൂഖ് ചൗധരി എന്നിവര്‍ ജഴ്സിയണിഞ്ഞു. ആഡം ലെ ഫോണ്ട്റെയെ മുന്നേറ്റത്തില്‍ ഏക സ്ട്രൈക്കറാക്കി 4-2-3-1 ഫോര്‍മാറ്റിലായിരുന്നു കളി.
മറുതലക്കല്‍ ഇഗോള്‍ അന്‍ഗുലോയെ ഏക സ്ട്രൈക്കറാക്കി എഫ്.സി ഗോവയും അതേ ഫോര്‍മാറ്റില്‍. മൂന്ന് മാറ്റങ്ങളാണ് ഗോവ കോച്ച് ജുവാന്‍ ഫെറാണ്ടോ ലൈനപ്പില്‍ വരുത്തിയത്. സാവിയര്‍ ഗാമ, റഡീം ടാലംഗ്, ആല്‍ബര്‍ട്ടോ നൊഗേര എന്നിവരാണ് ഗോവയുടെ ആദ്യ ഇലവനില്‍ എത്തിയത്.
പ്രഥമ മത്സരത്തില്‍ ബംഗളൂരുവിനെ 2-2ന് സമനിലയില്‍ തളച്ച അതേ ആവേശത്തില്‍ കളത്തിലിറങ്ങിയ ഗോവക്ക്, കാര്യങ്ങള്‍ അത്ര ഈസി ആയിരുന്നില്ല. ആദ്യ പകുതിയില്‍ മേധാവിത്തവുമായി മുന്നേറിയെങ്കിലും 40ാം മിനിറ്റില്‍ ലഭിച്ച ചുവപ്പ് കാര്‍ഡ് ഗോവയുടെ താളം തെറ്റിച്ചു. ഹെര്‍നാന്‍ സറ്റാനയെ അകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് മുബൈയുടെ ഇന്ത്യന്‍ താരം റഡീം ടാലംഗിനാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
ഇതോടെ രണ്ടാം പകുതി മുംബൈയുടെ മേധാവിത്തമായി. ചെറിയ പാസുകളുമായി അവര്‍ കളി വരുതിയിലാക്കി. വലതു വിങ്ങിലൂടെയായിരുന്നു മുംബൈയുെട ആക്രമണം കൂടുതലും. ഹ്യൂഗോ ബൗമസ് നല്കിയ പല അവസരങ്ങളും ഗോവ ഗോള്‍ മുഖത്ത് അപകടം സൃഷ്ടിച്ചു. എന്നാല്‍, ഗോള്‍ വരാന്‍ മുംബൈക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)