
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 57 ലാബുകളില്‍ ആര്.ടി.പി.സി.ആര്, 31 ലാബുകളില്‍ സിബി നാറ്റ്, 68 ലാബുകളില്‍ ട്രൂനാറ്റ്, 1957 ലാബുകളില്‍ ആന്റിജന്‍ എന്നീ പരിശോധനകളാണ് നടത്തുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. ഇതുവരെ സംസ്ഥാനത്ത് 56 ലക്ഷത്തിലധികം പരിശോധനകളാണ് ആകെ നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം 73,000ന് മുകളില്‍ വരെ ഉയര്‍ത്തിയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ 100ന് താഴെ മാത്രമുണ്ടായിരുന്ന പ്രതിദിന പരിശോധനകള്‍ രോഗ വ്യാപന തോതനുസരിച്ചാണ് എണ്ണം ഘട്ടം ഘട്ടമായി 70,000ന് മുകളില്‍ ഉയര്‍ത്തിയത്. ടെസ്റ്റ് പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പര് മില്യണ്‍ ബൈ കേസ് പര് മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. പരിശോധനാ കിറ്റുകള്‍ തീര്‍ന്ന് മറ്റുപല സ്ഥലങ്ങളും പ്രതിസന്ധിയിലായപ്പോഴും പരിശോധനകളുടെ കാര്യത്തില്‍ വളരെ കരുതലോടെയാണ് കേരളത്തില്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് പോയത്. 30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന നേരത്തെ ലഭ്യമാക്കിക്കൊണ്ടിരുന്നു. അതിനാല്‍ തന്നെ പരിശോധനാ കിറ്റുകള്‍ക്ക് ഒരു ഘട്ടത്തിലും ക്ഷാമം നേരിട്ടില്ല.
സ്വകാര്യ ലാബുകള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് അനുമതി നല്‍കുകയും സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കുകയും ചെയ്തു. പിന്നീട് ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായതോടെ പരിശോധനാ നിരക്കുകള്‍ ഒക്ടോബര്‍ മാസത്തോടെ കുറച്ചു. ഇപ്പോള്‍ 24 സര്‍ക്കാര്‍ ലാബുകളിലും 33 സ്വകാര്യ ലാബുകളിലുമാണ് ആര്.ടി.പി.സി.ആര്. പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. ആലപ്പുഴ എന്‍.ഐ.വി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, പബ്ലിക് ഹെല്‍ത്ത് ലാബ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരം, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിക്കല്‍ കോളേജ്, വയനാട് ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ്, എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, പത്തനംതിട്ട റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ഇടുക്കി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം പൂജപ്പുര ഐസര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് ആര്.ടി.പി.സി.ആര്. പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൊറോണ സര്‍വയലന്‍സിന്റെ ലാബ് സര്‍വയലന്‍സ് ആന്റ് റിപ്പോര്‍ട്ടിംഗ് ടീം ആണ് സംസ്ഥാനത്തെ കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്നോസിസ് ആന്റ് മാനേജ്മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കണ്ട്രോള് റൂമും സ്റ്റേറ്റ് കോവിഡ് കണ്ട്രോള് റൂമും ഇത് ക്രോഡീകരിക്കുന്നു. ഇതനുസരിച്ചാണ് പോസിറ്റീവ് പരിശോധനാ ഫലങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവരവരെ അറിയിക്കുന്നത്. മൊബൈലിലൂടെ പരിശോധനാ ഫലങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് ഫലം നേരിട്ടറിയാന്‍ സാധിക്കുന്നു.
ലോകത്ത് കൊവിഡ് ബാധിതര്‍ 5.72 കോടി കടന്നു, മരണം 13.65 ലക്ഷം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 5,47,719 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 10,758 മരണവും രേഖപ്പെടുത്തി. ആകെ 5,72,36,335 പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇക്കാലയളവില്‍ 13,65,634 പേര്‍ക്ക് ജീവന് നഷ്ടമായി. വൈറസ് ഭേദമായവര്‍ 3,97,22,802 പേരാണ്. 1,61,47,899 പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 1,01,724 പേരുടെ നില ഗുരുതരമാണ്.
പ്രതിദിന കൊവിഡ് രോഗവ്യാപനം കൂടുതലായുള്ളത് അമേരിക്കയില്‍ തന്നെയാണ്. ഓരോ ദിവസം കഴിയുന്തോറും രോഗശമനത്തിന് യാതൊരു കുറവുമുണ്ടാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഒറ്റദിവസം 1,92,186 പേരാണ് രോഗികളായത്. 2,066 മരണവുമുണ്ടായി. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന ആശ്വാസം നല്കുന്നു. ഇതുവരെ 72,43,488 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 45,68,488 പേര് ചികില്‍സയില്‍ തുടരുന്നതായും 22,469 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികള്‍ കൂടുതലുള്ളത് ഇന്ത്യയിലാണ്.
46,182 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം പിടിപെട്ടത്. ബ്രസീലില്‍ 35,686 പേര്‍ക്കും രോഗബാധയുണ്ടായി. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:
- അമേരിക്ക- 1,20,70,712 (1,92,186),
- ഇന്ത്യ- 90,04,325 (46,182),
- ബ്രസീല്‍- 59,83,089 (35,686),
- ഫ്രാന്‍സ്- 20,86,288 (21,150),
- റഷ്യ- 20,15,608 (23,610),
- സ്പെയിന്- 15,74,063 (16,233),
- യു.കെ- 14,53,256 (22,915),
- അര്‍ജന്റീന- 13,49,434 (10,097),
- ഇറ്റലി- 13,08,528 (36,176),
- കൊളംബിയ- 12,25,490 (7,487).
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)