
ന്യൂഡല്‍ഹി: ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ലെന്നും ബിജെപിക്കെതിരായ ബദലെന്ന നിലയിലുള്ള പ്രസക്തി പാര്‍ടിക്ക് നഷ്ടമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ബിഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പിലും മറ്റ് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ 'ഇന്ത്യന്‍ എക്സ്പ്രസ്'-നോട് സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
'കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രശ്നങ്ങള്‍ അറിയാമെങ്കിലും അത് പരിഹരിക്കുന്നതില്‍ വിമുഖതയുണ്ട്. ബിഹാറില്‍ മാത്രമല്ല, രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിനെ ഫലപ്രദമായ ഒരു ബദലായി കണക്കാക്കുന്നില്ല. ബിഹാറിലെ ബദല്‍ ആര്‍ജെഡിയായിരുന്നു. ഗുജറാത്തിലെ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല.'-അദ്ദേഹം പറഞ്ഞു.
'ഉത്തര്‍പ്രദേശിലെ ചില നിയോജക മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ രണ്ട് ശതമാനത്തില്‍ താഴെയാണ്. ഗുജറാത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പൈസ പോലും നഷ്ടപ്പെട്ടു. അതിനാല്‍ കാര്യങ്ങള്‍ സുഖകരമല്ല എന്ന വ്യക്തമായ സൂചനയാണിത്.'- കപില്‍ പറഞ്ഞു.
‘ആറുവര്‍ഷമായി കോണ്‍ഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ലെങ്കില്‍ ഇപ്പോള്‍ ആത്മപരിശോധനയ്ക്ക് നമുക്ക് എന്ത് പ്രതീക്ഷയുണ്ട്? കോണ്‍ഗ്രസിന്റെ കുഴപ്പം എന്താണെന്ന് നമുക്കറിയാം. സംഘടനാപരമായി, എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. നമ്മുടെ പക്കല്‍ എല്ലാ ഉത്തരങ്ങളും ഉണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാ ഉത്തരങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ അറിയാം. എന്നാല്‍ ആ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. അവര്‍ ആ ഉത്തരങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, ഇത് തുടരും. അതാണ് കോണ്‍ഗ്രസിന്റെ സ്ഥിതിഗതികള്‍, അതാണ് ഞങ്ങള്‍ക്ക് ആശങ്ക. കോണ്‍ഗ്രസ് വര്‍കിങ് കമ്മിറ്റിയുടെ ഭരണഘടനയിലെങ്കിലും ജനാധിപത്യ പ്രക്രിയകള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും വേണം. ഒന്നിനു പുറകെ ഒന്നായുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും ചെയ്യണം.'- കപില്‍ സിബല്‍ വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)