
വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും രാഹുൽ ഗാന്ധിയെയും കുറിച്ച് പരാമർശം. ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ 'എ പ്രോമിസ്ഡ് ലാൻഡ്' (A Promised Land') എന്ന പുസ്തകത്തിലാണ് ഇരുനേതാക്കളെയുംകുറിച്ച് പറയുന്നത്.
'ഒരു തരം നിർവികാരമായ ധാർമിക മൂല്യങ്ങളുളള വ്യക്തി.'- മൻമോഹൻ സിങ്ങിനെ ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
അതേസമയം രാഹുൽ ഗാന്ധിയെ, മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയെന്നും ഒബാമ വിശേഷിപ്പിക്കുന്നു. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി ആഗ്രഹിക്കുന്ന, അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുൽ എന്നാണ് ഒബാമയുടെ അഭിപ്രായം.
ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമർശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാൻഡ് എന്ന പുസ്തകം. വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
മൻമോഹൻ സിങ്, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമേ, യു.എസിലെ അടക്കം മറ്റ് നിരവധി നേതാക്കളെ ഒബാമ ഓർമിക്കുന്നുണ്ട്. വ്ളാഡിമിർ പുടിൻ, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി, മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരടക്കമുള്ള ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോ ബൈഡനെ മാന്യനും സത്യസന്ധനും വിശ്വസ്തനെന്നുമാണ് ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്.
സംക്ഷിപ്തതയിലും സമഗ്രതയിലും നർമ്മത്തിലുമുളള ഒബാമയുടെ പ്രാവീണ്യം പുസ്തകത്തിലൂടെ വെളിവാകുന്നുണ്ടെന്ന് പുസ്തക നിരൂപകൻ ചിമമൻഡ എൻഗോസി അഡിചി പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)