
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതിനാല്‍ വിദഗ്ധസമിതികള്‍ നല്കിയ ശുപാര്‍ശകള്‍ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നത് മുതല്‍ ഓഫീസുകളിലെ പാഴ്വസ്തുക്കള് ലേലം ചെയ്യുന്നതുവരെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി ഉണ്ടാവും.
തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ച് വര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും. നിലവില്‍ അവധി നീട്ടിക്കിട്ടിയവര്‍ക്ക് ഇത് ബാധകമല്ല.
അവസാനിപ്പിച്ച കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ തുടരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഉടന്‍ മറ്റു വകുപ്പുകളിലേക്ക് മാറ്റണം. തദ്ദേശ സ്ഥാപനങ്ങളിലെ കരാറുകള്‍ക്ക് ഉള്‍പ്പെടെ ട്രഷറിയില്‍ നിന്ന് പണം ലഭിക്കില്ല. നവംബര്‍ ഒന്നു മുതല്‍ ബില്ലുകള്‍ ബാങ്കുകള്‍ വഴി ബില്‍ ഡിസ്കൗണ്ട് രീതിയിലേ ലഭിക്കുകയുള്ളു. പലിശയുടെ ഒരു പങ്ക് കരാറുകാര്‍ വഹിക്കണം എന്നിവയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള ശുപാര്‍ശകള്‍.
സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും, പുതിയ ഫര്‍ണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരു വര്‍ഷത്തേക്ക് തടഞ്ഞു. ഔദ്യോഗിക ചര്‍ച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം കഴിയുന്നതും ഓണ്‍ലൈനിലൂടെ മാത്രം മതി. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍ക്കണം. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ അതും വെട്ടിക്കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)