
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4,138 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര് മരണമടഞ്ഞു. 86,681 പേര് നിലവില്‍ ചികിത്സയിലുണ്ട്. 3,599 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 47 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകള്‍ പരിശോധന നടത്തി. 7,108 പേര് രോഗമുക്തരായി.
കേരളത്തില്‍ നിലവില്‍ കേസ് പെര് മില്യണ്‍ 12,329 ആണ്. ദേശീയ ശരാശരി 5,963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര് മില്യണ്‍. ഇന്ത്യന്‍ ശരാശരി 80,248 ആണ്. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്. കേരളത്തില്‍ ഇതുവരെ മരണമടഞ്ഞവരില്‍ 94 ശതമാനവും മറ്റു രോഗാവസ്ഥകള്‍ ഉള്ളവരായിരുന്നു. 72.3 ശതമാനം പേര് 60 വയസ്സിനും മുകളിലുള്ളവരായിരുന്നു. രോഗബാധിതര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അതു ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനും സാധിച്ചതുകൊണ്ടാണ് മരണസംഖ്യ കുറച്ചുനിര്‍ത്താന്‍ കഴിയുന്നത്.
രോഗ വ്യാപനത്തിന്റെ പ്രതിവാര വര്‍ദ്ധന 5 ശതമാനം കുറഞ്ഞതായാണ് കാണുന്നത്. ക്യുമുലേറ്റീവ് ഡബ്ളിങ്ങ് റേറ്റ് 40 ദിവസമായി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. രോഗവിമുക്തിയുടെ നിരക്കും കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വാക്സിന് ട്രയലുകള്‍ ചെയ്യുന്നതിനായി റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഇന്ത്യയില്‍ ഇതുവരെ ക്ളിനിക്കല്‍ ട്രയലുകള്‍ തുടങ്ങിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിറം ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതു പ്രകാരം തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചു മുന്നോട്ടുപോകും.
മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന് ആരംഭിച്ചു. 'മാസ്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന് ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കും.
അംഗീകാരങ്ങള്‍
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്റര്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച്ച വെയ്ക്കുന്ന സംസ്ഥാനമായി കേരളത്തെ തുടര്‍ച്ചയായി ഈ വര്‍ഷവും തെരഞ്ഞെടുത്ത വാര്‍ത്ത നാം എല്ലാവരും കണ്ടതാണ്. അഭിമാനാര്‍ഹമായ നേട്ടമാണ് അത്.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ നിരവധി അവര്‍ഡുകളും അംഗീകാരങ്ങളുമാണ് സംസ്ഥാനത്തെ തേടി എത്തിയിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കുന്ന സുസ്ഥിരവികാസനലക്ഷ്യ സൂചികയിലും കേരളം തുടര്‍ച്ചായി ഒന്നാമത് എത്തിയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ പോയിന്റ് നേടിയാണ് ഒന്നാമത് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യാ ടുഡേ വര്‍ഷാ വര്‍ഷം നടത്തുന്ന സംസ്ഥാനങ്ങളുടെ സര്‍വേയിലും കേരളം വിവിധ വിഭാഗങ്ങളില്‍ ഒന്നാമത് എത്തുന്നുണ്ട്. ക്രമസമാധാനം, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വിനോദസഞ്ചാരം, മികച്ച പാല് ഉല്പാദന ക്ഷമത തുടങ്ങിയ വിഭാഗങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ കേരളത്തിന് അവാര്‍ഡ് ലഭിച്ചു.
സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്ന് നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേയിലും ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെയാണ് കണ്ടെത്തിയത്.
ഇതുകൂടാതെ കേരളത്തിലെ വിവിധ മേഖലകള്‍ക്കും വകുപ്പുകള്‍ക്കും പല ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.
നീതി അയോഗിന്റെ തന്നെ വിദ്യാഭ്യാസ റാങ്കിങ്ങിലും ആരോഗ്യ റാങ്കിങ്ങിലും കേരളം തന്നെയാണ് രാജ്യത്ത് ഒന്നാമത്. നമ്മുടെ ആരോഗ്യ വകുപ്പിന് സാംക്രമികേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള യുഎന്‍ അവാര്‍ഡ് ലഭിച്ചത് ഈ അടുത്താണ്.
പോലീസിനും, ഐടി മേഖലയ്ക്കും, നഗരവികസനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വനിതാ വികസനം, ഭക്ഷ്യ സുരക്ഷ, വയോജന സംരക്ഷണം, ഭിന്നശേഷി ശാക്തീകരണം, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി മേഖലകളില്‍ വിവിധ അംഗീകാരങ്ങളും നമ്മള് കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നേടി.
ഇപ്പോള്‍ പബ്ലിക് അഫയേഴ്സ് സെന്റര്‍ നല്കിയ അംഗീകാരം ഗവേണന്സിനുള്ളതാണ്. ഭരണ നിര്‍വ്വഹണം എന്നാല്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ജനങ്ങളും കൈകോര്‍ത്തു നിന്നാല്‍ മാത്രം വിജയിക്കുന്ന ഒന്നാണ്. ഇങ്ങനെയുള്ള നേട്ടങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ദൗര്‍ഭാഗ്യവശാല്‍ അതിനെ തകര്‍ക്കാനും വഴിമുടക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചില അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായത് ഈ പശ്ചാത്തലത്തില്‍ പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങളാണ്.
അന്വേഷണം
ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ പറ്റില്ല. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചിലര്‍ ആഗ്രഹിക്കുന്ന വഴികളിലൂടെ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ നിലപാട്
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാരിനോട് ആദ്യഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമപരമായ വഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് (Legitimate expectation) സംസ്ഥാന സര്‍ക്കാരിനും ആ ഘട്ടത്തിലുണ്ടായിരുന്നത്.
അന്വേഷണത്തിന്റെ രീതി
എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നോ എന്ന സംശയമുണര്‍ത്തുന്ന തരത്തിലായി. അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോയെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നത് എന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്.
എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായ തലത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഏജന്‍സിക്ക് പുറത്തുള്ള ആളുകള്‍ അടുത്ത ഘട്ടത്തില്‍ ഏജന്‍സി എങ്ങനെയാണ് പോകുന്നത് എന്നത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അതനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലെയും മറ്റും ഭാഗങ്ങള്‍ ഒരോരുത്തരുടെ താല്പര്യങ്ങള്ക്കനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്ന സ്ഥിതിയും ഉണ്ടാകുകയാണ്. ചുരുക്കത്തില്‍ അന്വേഷണ ഏജന്‍സി സ്വീകരിക്കേണ്ട സാമാന്യമായ രീതി പോലും ഉണ്ടാകുന്നില്ല എന്ന ഗൗരവതരമായ പ്രശ്നം ഉയര്‍ന്നുവരികയാണ്.
വിശ്വാസ്യത തകര്‍ക്കരുത്
പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കേണ്ടതും കക്ഷി രാഷ്ട്രീയത്തിനതീതമായി നില്‍ക്കേണ്ടതും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തേണ്ടതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ ആ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്.
അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അവ ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും. പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുള്ള ഒന്നായിരിക്കണം. ഇന്നയാളെയോ, ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിസ്ഥാനത്തു നിര്‍ത്തണം എന്ന ഉദ്ദേശത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. അത് ദുരുപദിഷ്ടിതമായ ലക്ഷ്യങ്ങളോടെയുള്ള മറ്റെന്തോ ആയി മാറും.
അന്വേഷണത്തിന്റെ വഴികള്‍
ജൂലൈ 2020 മുതല്‍ നമുക്കു മുന്നില്‍ ചുരുളഴിയുന്ന ചില കാര്യങ്ങളില്‍ ശരിയായ ദിശയിലേക്കാണോ നീങ്ങുന്നത് എന്ന് നോക്കേണ്ടതുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ലൈഫ് മിഷന്, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെ എല്ലാം ചുറ്റിപ്പറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്.
ഇവിടെ ഒന്നിലധികം കേന്ദ്ര ഏജന്‍സികള്‍ പലതരം അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ കസ്റ്റംസ്, റെഡ് ക്രസന്റ് സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, മറ്റുചില വിഷയങ്ങളില്‍ എന്‍.ഐ.ഐ എന്നിവയെല്ലാം അന്വേഷണം നടത്തിവരികയാണ്.
ഒരു അന്വേഷണ ഏജന്‍സിക്ക് തെളിവുശേഖരണത്തിന്റെ ഭാഗമായി ചിലപ്പോള്‍ ഒരുദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായിവരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായിവരാം. എന്നാല്‍ ഇതിന് ഒരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ തീരാ ശാപമായി നില്ക്കുന്ന ഒന്നാണ് കള്ളപ്പണം. ഏറ്റവും കുറഞ്ഞപക്ഷം നമ്മുടെ ആഭ്യന്തരവരുമാനത്തിന്റെ 25 ശതമാനത്തോളമാണ് സമാന്തര സമ്പദ്ഘടനയുടെ വലിപ്പം എന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അനുമാനിച്ചിട്ടുണ്ട്. ഇങ്ങനെ ഭീമാകാരമായ ഒരു സമ്പദ്ഘടന വളര്‍ന്നുവന്നപ്പോഴാണ് കര്‍ക്കശമായ ചില നിയമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായത്.
അതിലൊന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം. കള്ളപ്പണം രാജ്യത്തിനകത്തോ, പുറത്തോ ഉണ്ടാകുകയും അതിനെ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളുമായി ബന്ധപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഈ നിയമം ബാധകമാകുന്നത്. ഇതു നടപ്പാക്കുന്ന ഏജന്‍സി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. അതാണ് അവരുടെ അധികാര പരിധി. അതിനപ്പുറമുള്ള അധികാരമൊന്നും ഈ സ്ഥാപനത്തിനില്ല. വസ്തുത ഇതായിരിക്കെ അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഭരണഘടനാ തത്വങ്ങള്‍ പാലിക്കണം
നമ്മുടെ ഭരണഘടനയുടെ അവിഭാജ്യഘടകമാണ് നിര്‍ദ്ദേശകതത്വങ്ങള്‍. കേന്ദ്രത്തെപ്പോലെതന്നെ തുല്യ ഉത്തരവാദിത്വം ഇത് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട്. സാമ്പത്തിക അസമത്വങ്ങള്‍ ലഘൂകരിക്കാനും പുരോഗമനപരമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരുകളെ പ്രതിജ്ഞാബദ്ധമാക്കുന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള ഉത്തരവാദിത്തവും അവകാശവും സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങളെയും സര്‍ക്കാരിന്റെ വികസന പദ്ധതികളെയും ഇരുട്ടില്‍ നിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്.
ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നു
ഇവിടെ ഭൂരഹിതരും ഭവനരഹിതരുമായുള്ള ആളുകള്‍ക്ക് അടച്ചുറപ്പുള്ള ഭവനം നല്‍കാനുള്ള പദ്ധതിയാണ് ലൈഫ്. സുതാര്യമായ പ്രക്രിയയിലൂടെ കേന്ദ്രാവിഷ്കൃത പദ്ധതികളുമായി സമന്വയിപ്പിച്ച് കേരളം നടപ്പാക്കുന്ന പദ്ധതിയാണ് ലൈഫ്. അതിനെയാകമാനം താറടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും നടക്കുന്നുണ്ട്. പദ്ധതിയുടെ വിജയത്തിനായി ആശ്രാന്ത പരിശ്രമം നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ പദ്ധതി സമയബന്ധിതമായി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് തടയാന്‍ ഒക്കെയുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല.
അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പ് ഈ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ രണ്ടാം തവണ സമന്‍സ് അയച്ച് വിളിച്ചുവരുത്തിയിരുന്നു. പദ്ധതിയുടെ എല്ലാ രേഖകളും മറ്റുകാര്യങ്ങളും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രവൃത്തിദിവസം പോലുമല്ലാത്ത പിറ്റേന്നുതന്നെ നേരിട്ട് ഹാജരാക്കണമെന്ന് സമന്‍സ് നല്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പരിണിത ഫലങ്ങള്‍ ഉണ്ടാകുന്നു എന്നു വന്നാല്‍ മറ്റൊരുദ്യോഗസ്ഥനും ഇത്തരം ഉദ്യമങ്ങളുടെ നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകില്ല എന്ന ചേതോവികാരമാണോ അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥരെ നയിക്കുന്നത്. ഇത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്. ഇക്കാര്യത്തില്‍ സ്വീകരിച്ചുവന്ന സമീപനം അന്വേഷണ ഏജന്‍സികളുടെ പരിധിയും പരിമിതിയും ലംഘിക്കുന്ന ഒന്നാണെന്നത് നിസ്തര്‍ക്കമാണ്.
ഒരോ ഏജന്‍സിക്കും ഒരോ ചുമതല
ഇന്ത്യന്‍ ഭരണഘടനപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചെലവും വരുമാനവും കൃത്യമായി പരിശോധിക്കാന്‍ ഒരു ഭരണഘടനാ സ്ഥാപനമുണ്ട്. (ഭരണഘടനയുടെ അനുച്ഛേദം 148 പ്രകാരം). അതാണ് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തിയ ജോലി കള്ളപ്പണനിരോധന നിയമമനുസരിച്ചാണോ ചെയ്യേണ്ടത്?
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. ഇത് ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഭരണഘടനയെ മാനിക്കുന്നവര്‍ക്കും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിനെ ആകെ ഒരു കുറ്റവാളിയെ എന്ന ദൃഷ്ടിയോടെ കാണുന്ന രീതി കൊളോണിയല്‍ സമീപനത്തിന്റെ അവശിഷ്ടമാണ്. കേരളത്തില്‍ വളരെയധികം നേട്ടങ്ങള്‍ സാമൂഹിക, ഭൗതിക മേഖലകളില്‍ വരുത്തുന്ന ശ്രമങ്ങളില്‍ ലക്ഷ്യം കാണുമ്പോള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് ഇത്തരം പദ്ധതികളെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികള്‍ക്കാകാം. അന്വേഷണ ഏജന്‍സികള്‍ക്കാകാമോ എന്നതാണ് നമുക്കു മുന്നിലുള്ള മര്‍മ്മപ്രധാന ചോദ്യം.
നിയമവിദഗ്ദ്ധരുടെ ഭാഷയില്‍ ഇതിനെ Checks and Balances എന്നാണ് വിളിക്കുന്നത്. ഓരോ സ്ഥാപനത്തിനും അതിന്റെ ജോലി നിര്‍വ്വഹിക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ അതിര്‍വരമ്പുകളുമുണ്ട്.
ഫെഡറല്‍ രീതിക്ക് എതിര്
അതേസമയം ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളുടെ പരിശോധന, തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ പരിശോധന ഇതെല്ലാം ഒരു അന്വേഷണ ഏജന്‍സി ഏറ്റെടുത്താല്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്നതോടൊപ്പം തന്നെ ഭരണനിര്‍വ്വഹണത്തിന്റെ തകര്‍ച്ചയുമുണ്ടാകും. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കരിവാരിത്തേക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജന്‍സികള്‍ ചെയ്യേണ്ടത്. സത്യവാചകം ചൊല്ലി ഒരാള്‍ നല്കുന്ന മൊഴി എവിടെ നിന്നാണ് ഇത്രയധികം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്? ചില പ്രത്യേക അജണ്ടകള്‍ക്കനുസരിച്ച് മൊഴികളില്‍ നിന്ന് വാചകങ്ങള്‍ മാധ്യമങ്ങളില്‍ ഉടന്‍ തന്നെ നിരന്നുനില്ക്കുന്നതിന്റെ കാരണമെന്താണ്?
തിരക്കഥയ്ക്ക് അനുസരിച്ച് നീങ്ങുന്ന സ്ഥിതി
ഒരു പ്രത്യേക പ്രചരണത്തിന്റെ കാറ്റിനൊപ്പം നീങ്ങുന്ന രീതിയിലാണ് ഈ മൊഴികള്‍ ഭാഗികമായി പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ അന്വേഷണം നടത്തുന്ന ഏജന്‍സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ആണോ ഉണ്ടാകുക, അതോ അവിശ്വാസമോ? ഏതൊരു ഏജന്‍സിയും അതിന്റെതായ ഉത്തരവാദിത്തങ്ങള്‍ ന്യായയുക്തമായും രഹസ്യമായും നിര്‍വഹിക്കുമ്പോഴാണ് അവയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുക. അത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്കും ഏറെ പ്രധാനമാണ് താനും.
തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നീങ്ങുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് തന്നെ തിരിച്ചടിയേകുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഇത്തരത്തിലല്ല അന്വേഷണം സമൂഹം പ്രതീക്ഷിക്കുന്നത്. ഇങ്ങനെയൊരു അന്വേഷണരീതി പ്രതീക്ഷിച്ചല്ല സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തത്. ഇപ്പോഴും എല്ലാ സഹായങ്ങളും ചെയ്യുന്നതും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍വഹണ അധികാരത്തിലേക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരിശോധനാ അധികാരത്തിലേക്കും കടന്നുകയറുകയാണ് ഈ ഏജന്‍സികളില്‍ ചിലത്. അത് അവരുടെ തന്നെ അധികാര പരിധി ലംഘിക്കലും അതുവഴി ഭരണഘടനയ്ക്കുമേലുള്ള കടന്നുകയറ്റവുമാണ്. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അത് അനുവദിക്കാനാവില്ല. നിലവിലുള്ള നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതാണ്.
ഒരു കാര്യം കൂടി പറയട്ടെ. എല്ലാ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സഹകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനുമുകളില്‍ അതിന്റെ നയങ്ങളും പരിപാടികളും എങ്ങിനെ തീരുമാനിച്ചു എന്നു പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത് ജനാധിപത്യ വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിലേക്കേ നയിക്കൂ. ഇത് ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്ന കാര്യമാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉദാഹരണമായി കെ-ഫോണ്‍ പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള ശ്രമമാണിത്. ഈ പദ്ധതി എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഇടങ്കോലിടല്‍ ജനങ്ങള്‍ക്ക് എത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാകുക.
ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേډയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ ഈ സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് കെ-ഫോണ്‍. കേരളത്തിലുടനീളം 52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകി അതുവഴി ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം.
കെ-ഫോണിന്റെ കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിന് സര്‍ക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനും ഇന്റര്‍നെറ്റ് സേവനം നല്കാന് സാധിക്കും. കെ-ഫോണ്‍ എന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്. ആ ശൃംഖല ഉപയോഗിച്ച് ഏതൊരു സേവനദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കാന്‍ സാധിക്കും.
അതുകൊണ്ട് കെ-ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാന്‍ ഉള്ളത് എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയിരിക്കും.
അന്വേഷണങ്ങള്‍ക്കെതിരല്ല
ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ല. ആരോപണങ്ങള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടേണ്ടവയാണെന്ന് വിശ്വസിക്കുന്നു. മുമ്പ് വ്യക്തമാക്കിയപോലെ മനസാക്ഷിയെ കോടതിക്കുമുകളില്‍ പ്രതിഷ്ഠിക്കുന്ന നയം ഞങ്ങള്‍ക്കില്ല. ഭരണഘടനാപരമായ രീതികള്‍ക്കുമേല്‍ കക്ഷിരാഷ്ട്രീയത്തിന്റെ പരുന്ത് പറക്കുന്ന രീതി ഒരു കാരണവശാലും അനുവദിക്കുന്നതുമല്ല.
അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തമാണ് അതിന്റെ ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടത്. പകരം തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നടത്തുന്ന രീതി ഉണ്ടാവരുത്. എല്ലാ അന്വേഷണങ്ങളുമായും സര്‍ക്കാര്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും അതുണ്ടാകും. എന്നാല്‍ തെറ്റായ ദിശയിലേക്ക് നീങ്ങുന്ന രീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ അധികാരവും നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും ആര്‍ക്കു മുമ്പിലും അടിയറവെയ്ക്കുന്ന പ്രശ്നമില്ല.
മാധ്യമങ്ങള്‍
ഇത്രയും വിശദീകരിച്ചത്, നമ്മുടെ ഭരണ മികവ് തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇടപെടലുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്മാറ്റാന് ശ്രമിച്ചാല്‍ എങ്ങനെയാണ് ഭരണം മുന്നോട്ടുകൊണ്ട് പോകാനാവുക? എങ്ങനെയാണ് ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ പൂര്ത്തിയാകാനാവുക? യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം ജനങ്ങള്‍ക്കും ഈ നാടിനും എതിരാണ് എന്ന് മനസ്സിലാക്കാന്‍ വേറെ അന്വേഷണമൊന്നും വേണ്ട.
ഇതില്‍ മാധ്യമങ്ങളുടെ പങ്കും വിശകലനം ചെയ്യണം. സര്‍ക്കാരിനോട് എതിര്‍പ്പുള്ള മാധ്യമങ്ങളുണ്ടാകാം. ഈ സര്‍ക്കാരിനെ നശിപ്പിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍ വശംകെട്ടവരും ഉണ്ടാകാം. അവയെ ആ വഴിക്കു വിടാം. അതല്ലാതെ സ്വതന്ത്രം, എന്ന മേലങ്കിയിട്ട ചില മാധ്യമങ്ങള്‍ ഈ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനം നല്കുന്നില്ലേ. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷമാക്കുന്നതിലൂടെ സര്‍ക്കാരിനെ കരിവാരിത്തേക്കാം എന്ന ധാരണയോ അങ്ങനെ സംഭവിക്കണം എന്ന ദുര്‍മ്മോഹമോ ആണ് അവരെ നയിക്കുന്നത്. തങ്ങള്‍ ഇതുവരെ ആഘോഷിച്ച പല വാര്‍ത്തകളുടെയും പിന്നീടുള്ള സ്ഥിതി എന്തായി എന്ന ആത്മപരിശോധന മാധ്യമങ്ങള്‍ നടത്തണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
ഇവിടെ ഒരു കാര്യം മാത്രമേ ഇപ്പോള്‍ അടിവരയിട്ടു പറയുന്നുള്ളു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ഞങ്ങള്‍ തളര്‍ന്നു പോകില്ല. ഈ നാടിന്റെ മുന്നോട്ടുള്ള വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചുകാണുകയും വേണ്ട.
ഉദ്ഘാടനങ്ങള്‍
- എയ്സ് - ടെക്നോപാര്‍ക്കില്‍ ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജീസിന് (എയ്സ്) തുടക്കമായി.
ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടുപ്പുകള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. വളര്‍ച്ചാഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കാനുള്ള പിന്തുണയൊരുക്കും. ഇതിനുള്ള പിന്തുണയാണ് 'ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക് ടെക്നോളജീസ്' നല്‍കുക. ഈ മേഖലയില്‍ പുതിയ സംരംഭങ്ങളുമായി നിരവധി യുവാക്കള്‍ മുന്നോട്ടുവരുന്നുണ്ട്.
സംസ്ഥാനത്തിന്റെ ഐടി സ്പേസ് ഇരട്ടിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 50,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഈ ആക്സിലറേറ്റര്‍ സൗകര്യം വഴി ആയിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴിലും അനുബന്ധമായുള്ള തൊഴിലവസരവും ലഭ്യമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്സ് സ്ഥാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്സലറേറ്ററില്‍ ലഭിക്കും.
- വേളി മിനിയേച്ചര്‍ ട്രെയിനും അര്‍ബന്‍ പാര്‍ക്കും
വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള വേളി മിനിയേച്ചര്‍ ട്രെയിനും അര്‍ബന്‍ പാര്‍ക്കും പ്രവര്‍ത്തനം ആരംഭിച്ചു.
രാജ്യത്തെ ആദ്യ പരിസ്ഥിതിസൗഹൃദ ടൂറിസം ട്രെയിന്‍ പദ്ധതിക്കാണ് തുടക്കമായത്. ഇന്ത്യയില്‍ ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം ട്രെയിനാണിതെന്ന പ്രത്യേകതയുമുണ്ട്. പത്തു കോടി രൂപ ചെലവിലാണ് സംവിധാനം ഒരുക്കിയത്. അധികമായി ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കും. ഒരേ സമയം 45 പേര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാനാവും.
വേളി ആര്‍ട്ട് കഫെ, അര്‍ബന്‍ വെറ്റ്ലാന്റ് നാച്വറല്‍ പാര്‍ക്ക് എന്നിവ വേളിയുടെ മുഖഛായ മാറ്റും. സ്വിമ്മിംഗ് പൂള്, ആംഫി തിയേറ്റര്‍, നടപ്പാത, അലങ്കാരവിളക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
- രാജാ രവിവര്‍മ്മ ആര്‍ട്ട് ഗാലറി
കേരളത്തിന്റെ അഭിമാനമായ രാജാ രവിവര്‍മ്മയുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന ആധുനിക സൗകര്യങ്ങളുള്ള ഗ്യാലറിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് നടത്തി. എട്ടുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ ആര്‍ട്ട് ഗ്യാലറിയില്‍ രവിവര്‍മ്മയുടെ 43 യഥാര്‍ത്ഥ ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക.
- ഇന്‍ഡോര്‍ സ്റ്റേഡിയം
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് സ്റ്റേഡിയം നിര്‍മിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അഞ്ച് സ്പോര്‍ട്സ് ഹബുകള്‍ തുടങ്ങാനാണ് പദ്ധതി ആവിഷ്കരിച്ചത്. പള്ളിക്കല്‍, ഉഴമലയ്ക്കല്‍, പ്ലാമൂട്ടുകട എന്നിവിടങ്ങളില്‍ ഹബുകള്‍ തുടങ്ങിക്കഴിഞ്ഞു. പെരിങ്ങമലയിലേത് നാലാമത്തേതാണ്. മിതൃമലയില്‍ അഞ്ചാമത്തെ സ്പോര്‍ട്സ് സ്റ്റേഡിയം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. വിതുരയില്‍ പി.ടി.ഉഷ സ്റ്റേഡിയത്തിന്റെ വികസനത്തിന് 1.60 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്.
- ആലപ്പുഴ ജില്ലാ ജയില്‍ - പുതിയ കെട്ടിടം
ആലപ്പുഴ ജില്ലാ ജയിലിനുവേണ്ടി നിര്‍മിച്ച പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി. 110 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള ശേഷിയാണ് പുതിയ കെട്ടിടത്തിലുള്ളത്. അഡ്മിനിസ്ട്രേഷന് വിഭാഗത്തിനും സ്ത്രീതടവുകാര്ക്കും സൗകര്യമുള്ള വിധമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിട്ടുള്ളത്.
- ഫാസ്റ്റ്ട്രാക്ക് കോടതികള്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന ബലാല്‍സംഗ-പോക്സോ കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനത്ത് സജ്ജമാക്കുന്ന ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ അഞ്ചെണ്ണത്തിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. പ്രത്യേക കോടതികളുടെ അഭാവത്തില്‍ ഇത്തരം കേസുകള്‍ കെട്ടിക്കിടക്കുകയും വിധി നീണ്ടു പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
17 കോടതികളുടെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂലൈ ഒന്നിന് ആരംഭിച്ചു കഴിഞ്ഞു. ശേഷിച്ച 11 കോടതികളില്‍ അഞ്ചെണ്ണമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
- എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ്
കോഴിക്കോട് നഗരസഭ രാജാജി റോഡില്‍ നിര്‍മ്മിച്ച എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു.
- പോലീസ് സറ്റേഷനുകള്‍
സംസ്ഥാനത്തെ 15 പോലീസ് ജില്ലകളില്‍ പുതുതായി ആരംഭിച്ച സൈബര്‍ ക്രൈം പോലീസ് സറ്റേഷനുകളുടെ ഉദ്ഘാടനവും ഇന്നലെ നടന്നു. തൃശൂര്‍ റൂറല്‍ ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ സിറ്റികളിലാണ് നിലവില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നത്. 15 എണ്ണം കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും ഇപ്പോള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നിരിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)