
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍. ഇഡിയുടെയും കസ്റ്റംസിന്റെയും കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് ഇഡി, ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കൃത്യമായ നിയമനടപടികളിലൂടെ ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും അറസ്റ്റിന്റെ ആശങ്ക വേണ്ടെന്നും കസ്റ്റംസ് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്ത് തുടര്‍ നടപടികളിലേക്കു നീങ്ങാനാണ് കസ്റ്റംസ് ഒരുങ്ങുന്നത്.
ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനു സഹായിക്കാന്‍ ഉപയോഗിച്ചുവെന്ന് ഇഡി പറഞ്ഞു.
സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇഡിക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു.
കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി ആരോപിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥന് ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇഡിയുടെ വാദം. ഏജന്‍സിയുടെ വാദങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്ക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)