
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്ന് ജോസ് കെ.മാണി. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി ആരോപിച്ചിരുന്നു. എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല.
ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ. എം മാണിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് വ്യക്താക്കുന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് ജോസ് കെ മാണി പക്ഷമാണ് പുറത്തുവിട്ടതെന്നും പ്രചരിക്കുന്നു.
ചില സ്വകാര്യ ചാനലുകളാണ് കേസുമായി ബന്ധപ്പെട്ട കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ പുറത്ത് വിട്ടത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇപ്രകാരം:
കേസ് ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ മാണി രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രാജി തടഞ്ഞ്, അദ്ദേഹത്തെ ബോധപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നെന്നു സി.എഫ്.തോമസ് അധ്യക്ഷനായ കമ്മിഷന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മാണിയെ സമ്മര്‍ദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. മാണിയെ കുടുക്കാന്‍ പി. സി ജോര്‍ജുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയേയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയേയും 'വെടക്കാക്കി തനിക്കാക്കുക' എന്ന തന്ത്രത്തിലൂടെ മുഖ്യമന്ത്രി മോഹം പൂവണിയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായിരുന്നു നീതി ബോധത്തിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്ത രീതിയിലുള്ള കേസന്വേഷണത്തിന്റെ പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കെ. എം മാണിയോടുള്ള വ്യക്തി വൈരാഗ്യവും അധികാരക്കൊതിയും കേരളാ കോണ്‍ഗ്രസിനോടുള്ള വിരോധവും കാരണം ചില കോണ്‍ഗ്രസ് നേതാക്കള്‍ കെ. എം മാണി സര്‍ക്കാരിനെ മറച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. മാണിയെ വ്യക്തിഹത്യ ചെയ്ത് അദ്ദേഹത്തേയും പാര്‍ട്ടിയേയും ഇല്ലായ്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്.ബാലകൃഷ്ണപിള്ളയും പി.സി.ജോര്‍ജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോര്‍ജ് , ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി. ജേക്കബ് തോമസ്, സുകേശന്, ബാറുടമയായ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
യു.ഡി.എഫിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതിയാണു മാണി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതെന്നും ജോസ് പക്ഷം പറയുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെയും സ്വന്തമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയത്. കേസ് അന്വേഷണവേളയില്‍ വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നു. ആര്. ശെല്‍വരാജിനെ സിപിഎമ്മില്‍നിന്ന് അടര്‍ത്തിയെടുത്തതിനു മാണിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യാന്‍ ഇടതുമുന്നണി രാഷ്ട്രീയ അട്ടിമറിശ്രമം നടത്തി. അതിനു തടയിടാനായിരുന്നു ബാര്‍ കോഴക്കേസെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളുരുവില്‍ മാണിയും പിണറായി വിജയനും ചര്‍ച്ച നടത്തിയെന്നാണ് കോണ്‍ഗ്രസ് സംശയിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)