
ന്യൂഡല്‍ഹി: സമൂഹത്തില്‍ വിഷവും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് പരസ്യം നല്‍കില്ലെന്നും മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും ബജാജ് മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ്. അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പോലിസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പരസ്യദാതാക്കളും രംഗത്തുവന്നത്. സിഎന്‍ബിസി ചാനലിനോട് സംസാരിക്കവെയാണ് രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയത്.
'ശക്തമായ ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്ത് അതിന്മേലാണ് ബിസിനസ് പടുത്തുയര്‍ത്തുന്നത്. ബിസിനസില്‍ ബ്രാന്‍ഡ് (വാണിജ്യമുദ്ര) വളര്‍ത്തിയെടുക്കല്‍ പ്രധാനമാണ്. എന്നാല്‍, വ്യവസായം വളര്‍ത്തുക എന്നത് മാത്രമാവരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മയും പ്രധാനമാണ്. സമൂഹത്തില്‍ വിഷം പരത്തുന്നവരുമായി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്ന് ബജാജ് തീരുമാനിച്ചിട്ടുണ്ട്. ബജാജില്‍ മൂന്ന് ചാനലുകളെ ഞങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തിയിട്ടുണ്ട്. കുറച്ച് മുമ്പ് എന്റെ മാര്‍ക്കറ്റിങ് മേധാവിയെ വിളിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. എന്റെ സഹപ്രവര്ത്തകന് പറഞ്ഞത് ഒമ്പത് മാസം മുമ്പ് ഇത് ചെയ്തെന്നാണ്. അത് തന്നെ വളരെയധികം പ്രകോപിപ്പിച്ചു.'- റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകളുടെ ടിആര്‍പി തട്ടിപ്പിനോട് രാജീവ് ബജാജ് പ്രതികരിച്ചു.
ടെലിവിഷന്‍ റേറ്റിങില്‍ കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ മുംബൈ പോലിസ് തീരുമാനിച്ചിരിക്കുകയാണ്. റിപബ്ലിക് ടിവിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)