
ഹത്രാസിൽ കൂട്ടബലാൽസംഗത്തിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെ ഉത്തർ പ്രദേശ് പോലീസ് തന്നെ കസ്റ്റഡിയിൽ എടുത്തതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.
നിലവിൽ യു.പി പോലീസ് തന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തെ ഡൽഹിയിൽ നിന്ന് ഹത്രാസിലേക്ക് പല പ്രമുഖ നേേതാക്കളോടൊപ്പം ചന്ദ്രശേഖർ ആസാദും അനുഗമിച്ചിരുന്നു. യാത്രയ്ക്കിടയിൽ തന്നെ ഉത്തർ പ്രദേശ് പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും ഇപ്പോൾ സഹരാൻപുറിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് ആസാദ് ട്വീറ്റ് ചെയ്തത്.
'സവർണരുടെ ആക്രമണത്തിനിരയായി ജീവൻ ബലിയർപ്പിക്കപ്പെട്ട നമ്മുടെ സഹോദരിയെ എങ്ങിനെയാണ് കുടുംബാംഗങ്ങളുടെ സാന്നിധ്യമോ അവരുടെ സമ്മതമോ ഇല്ലാതെ, പോലീസിന്റെയും സർക്കാരിന്റെയും മൗനാനുവാദത്തോടെ രാത്രിയിൽ സംസ്കരിച്ചതെന്ന് ഈ ലോകം മുഴുവൻ കണ്ടതാണ്. രാജ്യത്ത് ധാർമികത പൂർണമായും മരിച്ചു കഴിഞ്ഞു. കഴിഞ്ഞ രാത്രിയിൽ അവരുടെ പോലീസ് എന്നെ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ എന്നെ സഹരാൻപുറിൽ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. എങ്കിലും നമ്മൾ വിജയംവരെയും പോരാടും.' – ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.
സഹരാൻപുർ പോലീസ് നൽകിയ നോട്ടീസിന്റെ ചിത്രവും ആസാദ് പങ്കുവെച്ചിട്ടുണ്ട്. ഫത്തേപുർ പോലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന മനോജ് ചൗധരിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദലിന് പെൺകുട്ടി മരിച്ച ചൊവ്വാഴ്ച രാത്രി മുതൽ ചന്ദ്രശേഖർ ആസാദിനെയും ആസാദ് സമാജ് പാർട്ടി (മാർച്ചിൽ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച പാർട്ടി)യുടെ ഡൽഹി യൂണിറ്റ് അധ്യക്ഷൻ ഹിമാൻഷു വാൽമികിയെയും കാണാനില്ലെന്ന് പാർട്ടിവൃത്തങ്ങൾ പ്രതികരിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)