
നെടുമങ്ങാട്: നാലര വർഷം കൊണ്ട് സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. ജനോപകാരപ്രദമായ രീതിയിൽ ആശുപത്രിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രി ശതാബ്ദി ആഘോഷത്തിന്റെയും പുതിയ ഐ.സി. യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്ഥലം എം.എൽ.എ-യും നഗരസഭയും ജില്ലാ പഞ്ചായത്തും ഒന്നിച്ചുനിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് ആശുപത്രി വികസനം വേഗത്തിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ സഹായകരമാകും. ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ശതാബ്ദി സ്മാരകമായി ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന മൂന്നു നില മന്ദിരത്തിന്റെ ശിലാസ്ഥാപനം സഹകരണം-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 1.6 കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന ഇരുനില മന്ദിരത്തിന്റെ ശിലാ സ്ഥാപനം സി. ദിവാകരൻ എം.എൽ.എ. നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് നിർമിച്ച പുതിയ വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. നവീകരിച്ച കൊട്ടാരം വാർഡ് നെടുമങ്ങാട് മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവനും പാലിയേറ്റീവ് വാർഡ് ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനും ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച ആശുപത്രി ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ നാലര വർഷം കൊണ്ട് 12 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രം ജില്ലാ പഞ്ചായത്ത് നടത്തിയത്. പുതിയ ഡയാലിസിസ്, ഐ.സി യൂണിറ്റുകൾ, പുതിയ വാർഡുകൾ, ക്യാൻസർ കെയർ സെന്റർ, നേത്ര രോഗ വിഭാഗം, ഓപ്പറേഷൻ തീയേറ്ററും വാർഡും, പവർ ലോൺട്രി, ഓട്ടോക്ലേവിനും വാർഡിനും വേണ്ടി നിർമിച്ച ഇരുനില മന്ദിരം, മോർച്ചറി നവീകരണവും ഫ്രീസർ സ്ഥാപിക്കലും, 24 മണിക്കൂറും പ്രവർത്തിക്കുന്ന 'സ്നേഹം' മെഡിക്കൽ സ്റ്റോർ തുടങ്ങി നിരവധി വ്യകസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നടന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു, ഡി.എം.ഒ ഷിനു കെ.എസ്, ഡി.പി.എം അരുൺ പി.വി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. വിജുമോഹൻ, എൽ.പി മായാദേവി, എസ്.എം. റാസി, വി. ശോഭകുമാർ, നെടുമങ്ങാട് മുൻസിപ്പൽ വൈസ് ചെയർമാൻ ലേഖാ.എസ്, നെടുമങ്ങാട് മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ.പി, വാർഡ് കൗൺസിലർ ടി. അർജുനൻ, എൽ.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ശോഭനകുമാരി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കുകൊണ്ടു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
നിർമാണോദ്ഘാടനം നടന്നു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം കരവാരം പഞ്ചായത്തിൽ നവീകരിക്കുന്ന രണ്ട് റോഡുകളുടെ നിർമാണോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. കുന്നത്ത് വാതുക്കൽ - അപ്പൂപ്പൻ നട റോഡ്, പാവല്ല-പല്ലാല റോഡുകളാണ് പുനർനിർമിക്കുന്നത്. കുന്നത്ത് വാതുക്കൽ അപ്പൂപ്പൻ നട റോഡിന് 25 ലക്ഷം രൂപയും പാവല്ല-പല്ലാല റോഡിന് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ. എസ്. ദീപ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)