
തിരുവനന്തപുരം: 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്പ്പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 62 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, 3 ഇനം കറി പൗഡറുകൾ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.
പ്രീ-പ്രൈമറി കുട്ടികൾക്ക് 2 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. 7 കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോഗ്രാം അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)