
കോഴിക്കോട്: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ രണ്ടാഴ്ചയിലുണ്ടായത് വൻ വർധന. 684 പേർരോഗം സ്ഥിരീകരിച്ച ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ശതമാനമാണ്. എന്നാൽ രണ്ടാഴ്ച മുൻപ് ഇത് 4 ശതമാനത്തിനടുത്തായിരുന്നു. 100 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമ്പോൾ അതിൽ എത്ര പേർ പോസിറ്റീവാകുന്നു എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത്രയും നാൾ നടത്തിയ ടെസ്റ്റുകളുടെ കണക്കെടുത്താൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമാണ്. സംസ്ഥാന തലത്തിൽ ഇതു 6.18 ശതമാനമാണ്.
കഴിഞ്ഞ രണ്ടാഴ്ചയിൽ 7,059 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ സ്ഥിരീകരിച്ച കേസുകളുടെ 50 ശതമാനത്തോളം ഈ കാലഘട്ടത്തിലാണുണ്ടായത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. മൂന്നേകാൽ ലക്ഷത്തിലേറെ പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകൾ കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്ന ഉദ്ദേശമുണ്ടായിരുന്നു. എന്നാൽ, കേസുകൾ വർധിക്കുകയാണുണ്ടായത്. ജില്ലയിൽ രോഗലക്ഷണങ്ങളുള്ള പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യവുമുണ്ട്. അത്തരം കേസുകളിൽ വീടുകളിൽ നിരീക്ഷണം സാധ്യമല്ലാത്തതിനാൽ കോവിഡ് ചികിത്സയ്ക്കുള്ള ബെഡുകൾ കൂടുതൽ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം
കോഴിക്കോട് കോര്പ്പറേഷന് പരിധിയിൽ കര്‍ശന നിയന്ത്രണങ്ങള്‍
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് കോർപറേഷൻ പരിധിയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ.
- മാർക്കറ്റ്, മാളുകൾ, ഷോപ്പിങ് കോപ്ലക്സുകൾ എന്നിവിടങ്ങളിൽ ആൾത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ. സാമൂഹിക അകലം ഉറപ്പുവരുത്തുന്നത് പരിശോധിക്കാൻ പോലീസിനെ നിയോഗിക്കും.
- വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50, മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർ. അതിഥികൾക്കായി വിസിറ്റർ രജിസ്റ്റർ തയ്യാറാക്കണം. പോലീസ് ഇക്കാര്യം പരിശോധിക്കും.
- ആരാധനാലായങ്ങളിൽ ഒരേ സമയം ഒത്തുചേരാവുന്ന പരമാവധി ആളുകളുടെ എണ്ണം 50. ആറ് അടി ദൂരവും സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും നിർബന്ധം.
- സാമൂഹിക/ സാംസ്കാരിക/ രാഷ്ട്രീയ/ വിനോദ/ മതപരമായ പൊതുപരിപാടികളിൽ ഒരേസമയം പരമാവധി അഞ്ച് പേർ.
- ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കോഴിക്കോട് നഗരപരിധിയിൽ പൊതു പ്ലേഗ്രൗണ്ടുകൾ, ജിംനേഷ്യം, ടർഫ്, സ്വിമ്മിങ് പൂളുകൾ, സിനിമാ ഹാളുകൾ, ഓഡിറ്റോറിയം എന്നിവ പ്രവർത്തിക്കാൻ അനുമതി ഇല്ല.
- കണ്ടെയിൻമെന്റ് മേഖലകളിൽ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണം. അടിയന്തിര ആവശ്യങ്ങൾക്കോ അവശ്യസാധന വിതരണത്തിനോ അല്ലാതെ കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും/ കണ്ടെയിൻമെന്റ് സോണുകളിലേക്കോ ജനങ്ങൾ വരികയോ പോവുകയോ ചെയ്യരുത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)