
ന്യൂഡല്‍ഹി: രാജ്യസഭ നടപടികള്‍ ബഹിഷ്കരിച്ച പ്രതിപക്ഷപ്പാര്‍ട്ടികള്‍ പ്ലക്കാര്‍ഡുകളുമേന്തി പാര്‍ലമെന്റ് മന്ദിരത്തിന് മുമ്പില്‍ പ്രതിഷേധിച്ചു. 'കര്‍ഷകര്‍, തൊഴിലാളികള്‍, ജനാധിപത്യം എന്നിവയെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍, എന്‍.സി.പിയുടെ പ്രഫുല്‍ പട്ടേല്‍, സമാജ്വാദി പാര്‍ട്ടി എം.പി ജയ ബച്ചന്, കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം.പി-മാരായ കെ.കെ രാജേഷ്, ജോസ് കെ. മാണി എന്നിവരടക്കമുള്ളവരും സമരത്തില്‍ പങ്കെടുത്തു.
കാര്‍ഷിക ബില്ലുകള്‍ അടക്കമുള്ള വിഷയങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എട്ട് എം.പിമാരെ രാജ്യസഭയില്‍ സസ്പെന്‍ഡ് ചെയ്ത നടപടി ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഭാ ബഹിഷ്കരണത്തിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുസഭകളും ബഹിഷ്കരിക്കാനുള്ള പുതിയ തീരുമാനം.
കര്‍ഷക ബില്ലിന് പിന്നാലെ ഇന്നലെ വ്യവസായബന്ധ ചട്ടം, സാമൂഹിക സുരക്ഷാ ചട്ടം, തൊഴിലിട സുരക്ഷാ ചട്ടം എന്നീ തൊഴില്‍ സംഹിതകളും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പാസാക്കിയിരുന്നു.
'നാടിനെ സംരക്ഷിക്കാന്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഒത്തുചേര്‍ന്നിരിക്കുന്നു. കര്‍ഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും മറന്നുള്ള ഭരണത്തിനെതിരെ, ജനാധിപത്യ വ്യവസ്ഥയെയും പാര്‍ലിമെന്റിനെയും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ രാജ്യം ഒന്നിക്കുകയാണ്' - എളമരം കരീം എം.പി പ്രതികരിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)