
കൊച്ചി: സംശയ നിഴലിലുള്ള ആരെയും എൻ.ഐ.എ.അടക്കമുള്ള അന്വേഷണ ഏജൻസികൾ വിളിപ്പിക്കുന്നത് ‘ക്രിമിനൽ പ്രൊസീജിയർ കോഡ്’ (സി.ആർ.പി.സി) സെക്ഷൻ 41 എ പ്രകാരമാണെന്ന് നിയമവിദഗ്ധർ. സി.ആർ.പി.സി 162 പ്രകാരവും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാനായി വിളിപ്പിക്കാറുണ്ട്. ഇങ്ങനെ വിളിപ്പിക്കുന്നതുകൊണ്ട് നോട്ടീസ് ലഭിച്ചയാൾ സാക്ഷിയാണെന്നല്ല. സാക്ഷിയാണോ പ്രതിയാണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാക്ഷിയെന്ന നിലയിലാണ് എൻ.ഐ.എ വിളിപ്പിച്ചതെന്ന് മന്ത്രി ജലീൽ പറഞ്ഞിരുന്നു.
സെക്ഷൻ 41 എ പ്രകാരം നൽകുന്ന നോട്ടീസിൽ ഏത് കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. വിളിപ്പിച്ചവർ പിന്നീട് പ്രതിയാക്കപ്പെട്ട സംഭവം ഒട്ടേറെയുണ്ട്. ചോദ്യംചെയ്യാനായി വീണ്ടും വിളിപ്പിക്കേണ്ടി വരുമ്പോഴാണ് സി.ആർ.പി.സി.162 പ്രകാരം നോട്ടീസ് നൽകുന്നത്. നടൻ ദിലീപ് പ്രതിയായ, നടിയെ ആക്രമിച്ച കേസിൽ സി.ഡി മാറ്റിയ അഭിഭാഷകരെ ചോദ്യം ചെയ്യാൻ വിളിച്ചത് സി.ആർ.പി.സി സെക്ഷൻ 41 എ പ്രകാരം നോട്ടീസ് നൽകിയായിരുന്നു. ഇരുവരെയും പിന്നീട് പ്രതികളാക്കിയിരുന്നു.
പോലീസ് വിളിപ്പിക്കുന്നതും 41 എ പ്രകാരം: സംസ്ഥാന പോലീസ് ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും സി.ആർ.പി.സി സെക്ഷൻ 41 എ പ്രകാരമാണ്. എൻ.ഐ.എ, പോലീസ്, സി.ബി.ഐ എന്നിവർക്ക് ഇത്തരത്തിൽ നൽകുന്ന മൊഴി കോടതിയിൽ തള്ളിപ്പറഞ്ഞാൽ പിന്നെ നിലനിൽക്കില്ല.
പ്രതിയാണെങ്കിലും നോട്ടീസ് 41 എ പ്രകാരം: ഇനി പ്രതിയാണെന്ന് ബോധ്യമായാലും അന്വേഷണസംഘം വിളിപ്പിക്കുന്നത് സി.ആർ.പി.സി സെക്ഷൻ 41 എ പ്രകാരമാണ്. പക്ഷേ, പ്രതിയാണെന്ന് ബോധ്യമായാൽ സാധാരണ നിലയിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നതിലേക്കാണ് നീങ്ങാറുള്ളത്. പ്രതികൾ രക്ഷപ്പെടുമോ, തെളിവ് നശിപ്പിക്കുമോ, സാക്ഷികളെ സ്വാധീനിക്കുമോ തുടങ്ങിയ സാഹചര്യത്തിലാണ് ഇതുണ്ടാകുക.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നിർദേശിക്കുന്നതും 41 എ: പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയൊക്കെ നൽകുമ്പോൾ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് നിർദേശിക്കുന്നത് 41 എ പ്രകാരം നോട്ടീസ് നൽകി വിളിപ്പിക്കാനാണ്.
കസ്റ്റംസ് വിളിപ്പിക്കുന്നത് സെക്ഷൻ 108 പ്രകാരം: സ്പെഷ്യൽ സ്റ്റാറ്റ്യൂട്ടുള്ള വിഭാഗമാണ് കസ്റ്റംസ്. ഇവർ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരമാണ്. കസ്റ്റംസിന് നൽകുന്ന മൊഴി കോടതിയിൽ നിലനിൽക്കും.
ഇ.ഡി.ക്ക് സി.ആർ.പി.സി.യും പി.എം.എൽ.വൈ.യും ബാധകം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെങ്കിൽ സി.ആർ.പി.സി-ക്കൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും (പി.എം.എൽ.എ) ബാധകമാണ്. സി.ആർ.പി.സി സെക്ഷൻ 41 എ കൂടാതെ പി.എം.എൽ.എ സെക്ഷൻ 50 പ്രകാരവും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കാറുണ്ട്. ഇവിടെയും നൽകുന്ന മൊഴി കോടതിയിൽ നിലനിൽക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)