
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 2,540 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2,110 പേര് രോഗവിമുക്തരായി. അതില്‍ 2,346 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 212. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 64 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് സംസ്ഥാനത്ത് കോവിഡ് മൂലം 15 പേര് മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 22,279 സാമ്പിളികള്‍ പരിശോധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 39,486 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.
സമ്പൂര്‍ണ ലോക്ക്ഡൗണില്‍ നിന്നും രാജ്യം ഘട്ടംഘട്ടമായി പൂര്‍ണ സജീവതയിലേക്ക് വരികയാണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതിലില്ല. ഓടുന്നവയില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവുമില്ല. എന്നാല്‍, വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ്യവ്യാപന തോത് വര്‍ധിക്കും എന്നു തന്നെയാണ് കണക്കാക്കേണ്ടത്. ഇപ്പോഴും വര്‍ധിക്കുകയാണ്.
രാജ്യത്താകെ കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി അഞ്ച് ദിവസമായി രോഗബാധിതരാകുന്നവരുടെ എണ്ണം 90,000ന് മുകളിലാണ്. ആകെ കോവിഡ് ബാധിച്ചവര്‍ 48 ലക്ഷത്തിലധികം. പത്ത് ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒറ്റ ദിവസത്തെ മരണം 1,136. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. കര്‍ണാടകത്തില്‍ 99,222 ആക്ടീവ് കേസുകളാണുള്ളത്. മരണസംഖ്യ 7,225. തമിഴ്നാട്ടില്‍ 8,381 പേര് മരണമടഞ്ഞു. ഇപ്പോഴുള്ള കേസുകളുടെ എണ്ണം 47,012. മഹാരാഷ്ട്രയില്‍ 2.9 ലക്ഷം കേസുകളാണുള്ളത്. മരണമടഞ്ഞത് 29,531 പേര്. ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് നമ്മുടെ നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹ്രസ്വ സന്ദര്ശനത്തിനുള്പ്പെടെ എത്തുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
കഴിഞ്ഞദിവസം 34,756 പരിശോധന നടത്തിയതില്‍ 3,139 പേര്‍ക്കാണ് പോസിറ്റീവായത്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ പരിശോധനയുടെ എണ്ണം കുറഞ്ഞു. എന്നാല്‍, രോഗം ബാധിക്കുന്നവരുടെ എണ്ണം തത്തുല്യമായി കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45,000 വരെ ഉയര്‍ന്നിരുന്നു. അത് അരലക്ഷത്തിലെത്തിക്കാന്‍ കഴിയണം എന്നാണ് കണ്ടിട്ടുള്ളത്.
സിഎസ്ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കന്‍ ജില്ലകളിലെ രോഗികളില്‍ നടത്തിയ ജനിതക പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റ സാന്നിധ്യമാണ്. അതില്‍ കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ഈ പഠനത്തിന്റെ വെളിച്ചത്തില്‍ ബ്രേക്ക് ചെയിന്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമമാക്കണം. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടത്തും.
രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളെ മാറ്റുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് സ്റ്റാഫിനെയും ഉള്‍പ്പെടെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 194 സിഎഫ്എല്‍ടിസികളാണ് പ്രവര്‍ത്തിക്കുന്നത്.
അതില്‍ 26,425 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ പകുതിയോളം കിടക്ക ഇപ്പോള്‍ ഒഴിവുണ്ട്. ഒന്നാം ഘട്ടത്തില്‍ 133 സിഎഫ്എല്‍ടിസികളും 16,936 കിടക്കകളുമാണ് തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തില്‍ 400 സിഎഫ്എല്‍ടിസികളും 31,359 കിടക്കകളും മൂന്നാംഘട്ടത്തില്‍ 664 സിഎഫ്എല്‍ടിസി-കളിലായി 46,155 കിടക്കകളുമാണ് ഉണ്ടാവുക. ആകെ 1,391 സിഎഫ്എല്‍ടിസി-കളിലായി 1,21,055 കിടക്കകള്‍ സജ്ജമാവും.
കോവിഡ് പോസിറ്റിവായ എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരെയുമാണ് ഫസ്റ്റ്ലൈന് സെന്ററില്‍ ചികിത്സിക്കുന്നത്. ഭക്ഷണവും താമസവും ചികിത്സയുമെല്ലാം ഇവിടെ സൗജന്യമാണ്. സിഎഫ്എല്‍ടിസി രോഗികള്‍ക്ക് ആവശ്യമായ കിടത്തി ചികിത്സ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൊടുക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സൗകര്യം ടെലിമെഡിസിന്‍ മുഖാന്തരം ലഭ്യമാകുകയും ചെയ്യുന്നുണ്ട്.
സിഎഫ്എല്‍ടിസി-കളില്‍ ഉള്ള രോഗികള്‍ ഡോക്ടര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഓരോ സിഎഫ്എല്‍ടിസി-യെയും ഒരു കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗിയുടെ അസുഖം മൂര്‍ച്ഛിക്കുന്ന സാഹചര്യമുണ്ടായാല്‍ സിഎഫ്എല്‍ടിസി-യിലെ ഡോക്ടര്‍ പരിശോധിക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന് തോന്നിയാല്‍ കോവിഡ് ആശുപത്രിയിലേക്ക് ഉടന്‍ റഫര്‍ ചെയ്യുകയും ചെയ്യും. രോഗികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് കൊടുക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയത്. വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്.
ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യന്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡില്‍ അംഗങ്ങളായിരിക്കുന്നത്.
കോവിഡ് ബ്രിഗേഡില്‍ ചേരാന്‍ കൂടുതല്‍ ആളുകള്‍ രംഗത്തുവരണം. ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന് നടത്താവുന്നതാണ്. ഇതുവരെ 13,577 പേരാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 2,562 ഡോക്ടര്‍മാരും 833 ബിഎഎംഎസ്- കാരും, 1080 ബിഡിഎസ്- കാരും, 293 എംബിബിഎസ്- കാരും, 2811 നഴ്സുമാരും, 747 ലാബ് ടെക്നീഷ്യന്മാരും, 565 ഫാര്‍മസിസ്റ്റും, 3827 നോണ്‍ ടെക്നീഷ്യന്മാരും ഉള്‍പ്പെടുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ കുറവുള്ള ജില്ലകളിലാണ് കോവിഡ് ബ്രിഗേഡംഗങ്ങളെ നിയോഗിക്കുക. കാസര്‍കോട്ടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് ബ്രിഗേഡ് ഏറ്റെടുത്ത ആദ്യ ദൗത്യം. 6 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 26 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതുകൂടാതെ മറ്റ് ജില്ലകളിലും ആവശ്യാനുസരണം കോവിഡ് ബ്രിഗേഡിനെ നിയോഗിക്കുന്നുണ്ട്.
സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തുറക്കാനാവില്ല എന്നുതന്നെയാണ് കാണുന്നത്. അങ്ങനെ ഇന്ത്യാ ഗവണ്മെന്റും പറഞ്ഞിട്ടില്ല.
സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്കാന് തീരുമാനിച്ചിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. വീടുകളില്‍ കഴിഞ്ഞുകൊണ്ടുള്ള നിരീക്ഷണം വിജയകരമായാണ് സംസ്ഥാനത്ത് നടപ്പാകുന്നത്.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ചില വ്യക്തികളും സംഘടനകളും ശ്രമിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. കെ ടി ജലീലിനെ വഴിയില്‍ കാര്‍ കുറുകെ കയറ്റി തടയാന്‍ ശ്രമിച്ചത് അത്തരത്തിലൊന്നാണ്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കൊല്ലം പാരിപ്പള്ളി ജങ്ഷനിനടുത്ത് മന്ത്രിയെ തടഞ്ഞത്. ഒരു കാര്‍ റോഡിലേക്ക് കയറ്റി ഇടുകയായിരുന്നു.
വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കൃത്യമാണ് ഉണ്ടായത്. കാറുകണ്ട് മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാടിവീണു. അതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. സമരം പല തരത്തില്‍ നടക്കാറുണ്ട്. ദേശീയപാതയില്‍ വാഹനം കയറ്റിയിട്ട് അപകടം ക്ഷണിച്ചുവരുത്തുന്ന ഏര്‍പ്പാടിനെ സമരം എന്നു വിളിക്കാന്‍ കഴിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലം ജില്ലയില്‍ തന്നെയുണ്ടായ മറ്റൊരു അനുഭവമുണ്ട്.
കുന്നത്തൂര്‍ എംഎല്‍എ ശ്രീ. കോവൂര്‍ കുഞ്ഞുമോനെതിരെ തുടര്‍ച്ചയായി നടത്തുന്ന അതിക്രമമാണത്. അവിടെ സമരമല്ല, ഒരു പ്രത്യേകതരം ആഭാസമാണ് അരങ്ങേറുന്നത്. എംഎല്‍എയുടെ നേരെ മുണ്ടുപൊക്കിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ഇന്നലെ രാവിലെ ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ ഒരു പൊതുപരിപാടി കഴിഞ്ഞ് മടങ്ങിപ്പോകാന്‍ കാറില്‍ കയറിയ എംഎല്‍എയുടെ വാഹനം തടയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അത് ചെയ്തത്. കോവൂര്‍ കുഞ്ഞുമോന്റെ കുറ്റം നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രീയം പറഞ്ഞു എന്നതാണ്.
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കുഞ്ഞുമോന് സഭയില്‍ പറഞ്ഞത്. അതിനാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. ഏതു തരം ജനാധിപത്യരീതിയാണ് ഇത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം തെറ്റായ രീതികള്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളാനും ജാഗ്രത പുലര്‍ത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി പൊലീസ് സ്വീകരിക്കും.
വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവര്‍ത്തിക്കുക.
മാസ്ക് ധരിക്കാത്ത 5,068 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന് ലംഘിച്ച രണ്ടുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും വെളിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)