
ന്യുഡല്‍ഹി: രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളും റെയില്‍വേ പിന്‍വലിക്കുന്നു. രാത്രി 12നും നാലിനും ഇടയിലെ സ്റ്റോപ്പുകള്‍ പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ കേരളത്തിലെ 200 സ്റ്റോപ്പുകളും ഇല്ലാതാകും. ദക്ഷിണ റെയില്‍വേയിലെ 800 സ്റ്റോപ്പുകളാണ് റെയില്‍വേ ടൈംടേബിള്‍ പരിഷ്കരിക്കുമ്പോള്‍ പിന്‍വലിക്കുക. ഒരു വര്‍ഷം 50 ശതമാനത്തില്‍ താഴെ യാത്രക്കാരുമായി മാത്രം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ ഇനി നിലനിര്‍ത്തില്ല. അവശ്യമെങ്കില്‍ മാത്രം ഇത്തരം ട്രെയിനുകളെ മറ്റേതെങ്കിലും ട്രെയിനുമായി സംയോജിപ്പിച്ച് സര്‍വീസ് നടത്താനാണ് തീരുമാനം.
എന്നാല്‍ യാത്രക്കാര്‍ കൂടുതലുളളതും ജില്ലാ ആസ്ഥാനങ്ങളിലെയും സ്റ്റോപ്പുകള്‍ നിലനിര്‍ത്താമെന്നാണ് ഇപ്പോഴത്തെ തീരുമാനം. അമൃത, രാജ്യറാണി, മലബാര്‍, മാവേലി എന്നിവയുടെ അസമയത്തെ സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്നാണ് ദക്ഷിണ റെയില്‍വേയുടെ നിലപാട്. എന്നാല്‍ അന്തിമ തീരുമാനം ബോര്‍ഡിന്റെയാകും. തീരെ യാത്രക്കാരില്ലാത്ത സ്റ്റോപ്പുകള്‍, രാത്രി 12നും പുലര്‍ച്ചെ നാലിനുമിടയില്‍ വരുന്ന സ്റ്റോപ്പുകള്‍, പാസഞ്ചറുകള്‍ എക്സ്പ്രസുകളായി മാറ്റുമ്പോള്‍ ഒഴിവാക്കേണ്ടവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സ്റ്റോപ്പുകള്‍ കുറക്കുന്നത്.
ദീര്‍ഘദൂര സര്‍വീസുകളിലെ സ്റ്റോപ്പുകളിലും മാറ്റം വരും. ദീര്‍ഘദൂര ട്രെയിനുകളില്‍ 200 കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകില്ല. സ്റ്റോപ്പുകള്‍ റദ്ദാക്കുന്നതിനായി വിവിധ സര്‍വീസുകളിലെ പതിനായിരം സ്റ്റോപ്പുകളുടെ പട്ടിക ഇന്ത്യന്‍ റെയില്‍വേ തയ്യാറാക്കി കഴിഞ്ഞു. എന്നാല്‍ 200 കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്‍ സുപ്രധാന നഗരങ്ങള്‍ ഉണ്ടെങ്കില്‍ സ്റ്റോപ്പുകള്‍ അനുവദിക്കും. അതേസമയം ചില ട്രെയിനുകളില്‍ മാത്രമേ ഇത് ബാധകമാകു എന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. സബര്‍ബന്‍ സര്‍വീസുകള്‍ക്ക് ഈ മാാറ്റങ്ങള്‍ ബാധകമായിരിയ്ക്കില്ല.
വേണാട് എക്സ്പ്രസിന്റെ മയ്യനാട്, ഡിവൈന്‍ നഗര്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കിയേക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസാകുമ്പോള്‍ നഷ്ടമാകുന്ന സ്റ്റോപ്പുകളാണ് കേരളത്തില്‍ കൂടുതല്‍. ഇത്തരം ട്രെയിനുകള്‍ക്ക് മൂന്നു മുതല്‍ ഏഴുവരെ സ്റ്റോപ്പുകള്‍ കുറയും. പുനലൂര്‍ മധുര, ഗുരുവായൂര്‍-പുനലൂര്‍, കോയമ്പത്തൂര്‍ മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്സ്പ്രസാക്കുന്നത്. ഇവയുടെ ഹാള്‍ട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഇല്ലാതാകും.
ട്രെയിനുകളുടെയും സ്റ്റോപ്പുകളുടെയും ലാഭനഷ്ടക്കണക്കുകള്‍ എല്ലാ വര്‍ഷവും പരിശോധിച്ചു നഷ്ടത്തിലുളളവ നിര്‍ത്തലാക്കണമെന്ന നിര്‍ദേശവും റെയില്‍വേക്കു മുന്നിലുണ്ട്. മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍. കൊല്ലം-പുനലൂര്‍, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-നിലമ്ബൂര്‍, എറണാകുളം-കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകള്‍ റദ്ദാക്കും. ചിലതു പുനഃക്രമീകരിക്കും. 10.15 കൊല്ലം-ചെങ്കോട്ട, 2.10 ചെങ്കോട്ട- കൊല്ലം, 12.20 എറണാകുളം- കോട്ടയം, 1.00 കായംകുളം- എറണാകുളം, 5.10 കായംകുളം- എറണാകുളം, രാത്രി 9.00 കൊല്ലം- എറണാകുളം എന്നിവയാണു തെക്കന്‍ കേരളത്തില്‍ റദ്ദാക്കാന്‍ സാധ്യതയുളള പാസഞ്ചറുകള്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)