
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെയുള്ള സെയോനി ജില്ലയിലെ വൈഗംഗ നദിക്ക് കുറുകെ മൂന്നുകോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച പാലം ഉദ്ഘാടനത്തിനു മുമ്പ് തന്നെ കനത്ത മഴയില്‍ തകര്‍ന്നുവീണു. ഔദ്യോഗികമായി പാലത്തിന്റെ പണി പൂര്‍ത്തിയാകേണ്ടത് ഇന്ന് (ഓഗസ്റ്റ് 30) ആയിരുന്നു. ഇന്നുതന്നെയാണ് പാലം തകര്‍ന്നുവീണതും.
ഔദ്യോഗിക രേഖകള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ റോഡ് ശൃംഖല സ്കീം ആയ PMGSY-യില്‍ ഉള്‍പ്പെടുത്തി
3.7 കോടി രൂപയ്ക്കാണ് പാലം പണി പൂര്‍ത്തിയാക്കിയത്. 2018 സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2020 ഓഗസ്റ്റ് 30നു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആയിരുന്നു പദ്ധതി. നിശ്ചയിച്ചതിനും ഒരു മാസം മുമ്പേ പാലത്തിന്റെ പണി തീര്‍ന്നിരുന്നു. എന്നാല്‍, 150 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നില്ല. പക്ഷേ, ഗ്രാമവാസികള്‍ പാലം ഉപയോഗിച്ച് തുടങ്ങിയിരുന്നു.
അതേസമയം, സംഭവത്തില്‍ കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ രാഹുല്‍ ഹരിദാസ് പറഞ്ഞു. ബി ജെ പി നിയമസഭാംഗമായ രാകേഷ് പാല് സിംഗിന്റെ കീഴിലുള്ള മണ്ഡലത്തിലെ സിയോനി സുന്വര ഗ്രാമത്തെയും ഭീംഗഡ് ഗ്രാമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇരു ഗ്രാമങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കും.
തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപക നാശമുണ്ടായി. നര്‍മദ നദീതീരത്ത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടായി. ഭോപ്പാലിലെ കോവിഡ് കെയര്‍ സെന്ററായ ചിരായു ആശുപത്രിയില്‍ ആശുപത്രിയില്‍ വെള്ളം കയറി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)