
ചെന്നൈ: പ്രമുഖ സംവിധായകൻ എ.ബി.രാജ് (രാജ് ആന്റണി ഭാസ്കർ) അന്തരിച്ചു. 95 വയസായിരുന്നു. നടി ശരണ്യ പൊന്‍വണ്ണന്റെ പിതാവാണ് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് ചെന്നൈയില്‍ നടക്കും. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ച് മക്കളില്‍ നാലാമനായി 1925 ഏപ്രിൽ 21 ന് മധുരയിൽ ജനനം. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. സിലോണിൽ സിംഹള സിനിമകളിലൂടെയായിരുന്നു തുടക്കം.
മലയാളത്തിലെ ആദ്യ ചിത്രം കളിയല്ല കല്യാണം തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോൾ ചാമ്പ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉൾപ്പടെ 69 മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഓർമിക്കാൻ ഓമനിക്കാൻ ആണ് അവസാന ചിത്രം. കുടുംബ ചിത്രങ്ങളും ആക്ഷൻ ചിത്രങ്ങളും ഒരേ പോലെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ടി.ഇ.വാസുദേവൻ നിർമ്മിച്ച് എ.ബി.രാജ് സംവിധാനം ചെയ്ത "എഴുതാത്ത കഥ" എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
എ.ബി രാജ് 1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച് രാജ് റ്റി ആര് സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി. ജഗ്താപ് നൊട്ടാണിയുടെ സഹായിയായി. ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ “ബ്രിഡ്ജ് ഇൻ ദി റിവർ ക്വയി” എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ഡസനിലധികം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡകംസു ടൗണ്‍ എന്ന സിംഹള ചിത്രം റിലീസായി. 11 വർഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനും കൈ നിറയെ കാസ് എന്നിവയാണ് രാജിന്റെ തമിഴ് ചിത്രങ്ങൾ. തമിഴ്നാട് ഡയറക്ടേഴ്സ് യൂണിയന് മുന്‍ പ്രസിഡന്റ് ആയിരുന്നു. ഹരിഹരന്, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന് തുടങ്ങിയവര്‍ രാജിന്റെ ശിഷ്യരാണ്.
ഭാര്യ-പരേതയായ സരോജിനി. മക്കള്‍ ജയപാല്‍, മനോജ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)