
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചതിന് സൈബറാക്രമണം നേരിട്ട പത്രപ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിന് സി എം ഓഫീസിൽ സ്വാധീനമുണ്ടോ എന്ന ചോദ്യം ഉന്നയിച്ചതിനാണ് സി പി എം സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിലൂടെ പത്രപ്രവർത്തകരെ ആക്രമിച്ചത്. മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ, ഏഷ്യാനെറ്റ് ന്യൂസിലെ കമലേഷ്, പ്രജുല എന്നിവർക്കുനേരെ സൈബറാക്രമണം നടത്തിയിരുന്നു.
ഇന്നലെ തിങ്കളാഴ്ച നടന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പത്രപ്രവർത്തകർക്കെതിരെ നടന്ന അധിക്ഷേപങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ ഇതിനെതിരെ നിഷ പുരുഷോത്തമൻ രംഗത്തെത്തി.
ഭരണാധികാരികള്‍ മാധ്യമങ്ങളോട് എന്ത് സമീപനം സ്വീകരിക്കുന്നുവോ ആ സമീപനം അണികളുടെ പ്രവൃത്തികളിലും പ്രകടമാകുമെന്ന് സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് നിഷാ പുരുഷോത്തമന് റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു. ഏകാധിപതികള്‍ എല്ലായിടത്തും ഇങ്ങനെയാണെന്നും കാലങ്ങളായി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങൾ തുടരുകയാണ്.
“ഭരണാധികാരികള്‍ മാധ്യമപ്രവര്‍ത്തകരോടെടുക്കുന്ന സമീപനമെന്താണോ അതുതന്നെയാകും അണികളും സ്വീകരിക്കുക. ഏകാധിപതികള്‍ എല്ലായിടത്തും അങ്ങനെതന്നെയാണ്”.
സിപിഎം ‘സൈബര്‍ പോരാളികള്‍’ തനിക്കെതിരെ കാലങ്ങളായി അധിക്ഷേപം നടത്തിവരികയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നിഷ അറിയിച്ചു. ഇപ്പോള്‍ ചെയ്യുന്ന ജോലിയുമായി സധൈര്യം മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശമെന്ന് വ്യക്തമാക്കിക്കൊണ്ട് സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ഒരോ പാര്‍ട്ടിയും ആത്മപരിശോധന നടത്തണമെന്നും നിഷ സൂചിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് ഉള്‍പ്പെടെയുള്ള ആളുകള്‍ സൈബര്‍ അതിക്രമത്തെ പിന്തുണച്ചതു കൊണ്ടാണ് പരസ്യമായി പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറായതെന്ന് നിഷ റിപ്പോർട്ടർ ചാനലിനോട് വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)