
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം കരുതലോടെ
ബലിപെരുന്നാള്‍ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടു മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം മതനേതാക്കളുടെ സഹായം അഭ്യര്‍ത്ഥിച്ചതായും എല്ലാവരും അനുകൂലമായി തന്നെ പ്രതികരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളൂവെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. നമ്മുടെ ആരോഗ്യത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും മുന്‍ഗണന നല്കി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാമെന്ന ഉറപ്പും യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കിയാതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.
പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും. പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. പൊതു സ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പള്ളികളില്‍ പരമാവധി 100 പേരില്‍ അധികം പാടില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായി. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയും ഉണ്ടാകും. നേരത്തേ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശ്രേഷ്ഠപരമെന്നു കരുതുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്റെ നന്മയെ കരുതി ക്രമീകരിക്കാന്‍ ഉയര്‍ന്ന മനസ്സ് കാട്ടിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ജില്ലാ കളക്ടര്‍:
കൊച്ചി: എറണാകുളം ജില്ലയില്‍ ബലിപെരുന്നാല്ള് ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിയന്ത്രണങ്ങളും നിര്‍ദേശിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിറക്കി. ബലികര്‍മത്തിനായി ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചായിരിക്കും കര്‍മങ്ങള്‍ നടക്കുക.
1. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളു.
2. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം.
3. പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രമായി നടത്താന്‍ ശ്രമിക്കണം. ഈദ് ഗാഹുകള്‍ ഒഴിവാക്കണം. വീടുകളില്‍ ബലി കര്‍മങ്ങള്‍ നടത്തുമ്ബോള്‍ അഞ്ച് പേര് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു
4. ബലിക്കര്‍മവുമായി ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളില്‍ അപരിചിതര്‍ എത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
5. പെരുന്നാള്‍ നമസ്കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
6. ബലി കര്‍മത്തിന്റെ സമയത്തും മാംസം വീട്ടില്‍ എത്തിച്ചു നല്കുമ്ബോളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. കണ്ടൈന്‍മെന്റ് സോണുകളില്‍ മാംസ വിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ സൂക്ഷിക്കുകയും സന്ദര്‍ശിച്ച വീടുകളുടെയും ആളുകളുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യണം
7. കണ്ടൈന്‍മെന്റ് സോണുകളില്‍ ബലികര്‍മം നടത്താന്‍ പാടില്ല.
എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.
കോഴിക്കോട് ജില്ലാകളക്ടര്‍ :
കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയുന്നതിനായി ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച് ജില്ലാകളക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്നും പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചു.
പള്ളികളിലെ പെരുന്നാള്‍ നമസ്കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണം. കണ്ടെയിന്മെന്റ് സോണുകളിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരങ്ങളോ മൃഗബലിയോ അനുവദനീയമല്ല. കണ്ടെയിന്മെന്റ് സോണുകളിലും കണ്ടെയിന്മെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും അവരവരുടെ വീടുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മ്മം നടത്താം. അഞ്ചുപേരില്‍ കൂടുതല്‍ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. ക്വാറന്റയിനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും പെരുന്നാള്‍ നമസ്കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കാന്‍ പാടില്ല. വീടുകളില്‍ നടക്കുന്ന ഇത്തരം ചടങ്ങുകള്‍ക്കും ഇത് ബാധകമാണ് .
ബലിക്കുശേഷമുള്ള മാംസവിതരണം കണ്ടെയിന്മെന്റ് സോണുകളില്‍ അനുവദിക്കില്ല . കണ്ടെയിന്മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിച്ച് മാത്രമേ മാംസവിതരണം നടത്താന്‍ പാടുള്ളു. കൂടാതെ മാംസവിതരണം നടത്തുന്നവര്‍ അവര്‍ വിതരണം ചെയ്യുന്ന വീടുകള്‍ സംബന്ധിച്ചും നമ്ബര്ക്കത്തില് വരുന്ന വഴികള്‍ സംബന്ധിച്ചും രജിസ്റ്റര്‍ സൂക്ഷിക്കണം.
പള്ളികളിലെ പെരുന്നാള്‍ നമസ്കാരങ്ങളില്‍ 14 ദിവസത്തിനിടയില്‍ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടവര്‍, 65 വയസ്സില്‍ കൂടുതലുള്ളവര്‍, 10 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍, മറ്റ് സ്ഥലങ്ങളില്‍നിന്ന് യാത്ര ചെയ്ത് വന്നവര്‍, മറ്റ് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ എന്നിവര്‍ പങ്കെടുക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാര്‍ഡ് ആര്‍ആര്‍ടിയും പോലീസും ഉറപ്പുവരുത്തണം.
തിരുവനന്തപുരം ജില്ലാ കളക്ടര്‍:
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു.
- പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്നവര്‍ കൂട്ടംകൂടാന്‍ പാടില്ല. ഇത് ഒഴിവാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
- ഖുര്‍ബാനി, വുളുഹിയത്ത് തുടങ്ങിയ ചടങ്ങുകള്‍ നിര്‍വഹിക്കേണ്ട സാഹചര്യത്തില്‍ മതിയായ ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കണം.
- കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമായവര്‍ സാമൂഹിക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല.
- ക്വാറന്റൈനില്‍ കഴിയുന്നവരും പ്രാഥമിക സമ്ബര്ക്കപട്ടികയിലുള്പ്പെടുന്നവരും കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുന്നവരും നിര്‍ബന്ധമായും റൂം ക്വാറന്റൈനില്ത്തന്നെ കഴിയണം. ഇവര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മുറിയ്ക്കുള്ളില്‍ത്തന്നെ നിര്‍വഹിക്കണം.
- കെണ്ടയിന്‍മെന്റ് സോണില്‍ സമൂഹ പ്രാര്‍ത്ഥന, ഖുര്‍ബാനി എന്നിവ അനുവദിക്കില്ല. പ്രാര്‍ത്ഥനാ ചടങ്ങുകളും ബലി ചടങ്ങുകളും അവരവരുടെ വീടുകളില്‍ തന്നെ നിര്‍വഹിക്കണം.
- വീടുകളില്‍ പരമാവധി അഞ്ചുപേരെ ഉള്‍ക്കൊള്ളിച്ചു മാത്രമേ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്താന്‍ പാടുള്ളുവെന്നും ബലി ചടങ്ങുകള്‍ നിര്‍വഹിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ആലപ്പുഴ ജില്ലാ കളക്ടര്‍ :
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബലി പെരുന്നാള്‍ ചടങ്ങുകളിലും ആഘോഷങ്ങളിലും പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പുറത്തിറക്കി.കണ്ടെയ്ന്മെന്റ് സോണുകളില്‍ ആരാധനാലയങ്ങള്‍ തുറക്കുകയോ ഈദ് ഗാഹുകള്‍, സമൂഹ പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുകയോ പാടില്ല. വീടുകളില്‍ എത്തിച്ച് മാംസം വിതരണം പാടില്ല .കണ്ടെയ്ന്മെന്റ്് സോണുകളില്‍ ഇറച്ചി കടകളും തുറക്കാന്‍ പാടില്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ നേരത്തെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങള്‍ അടക്കം എല്ലാ നിയന്ത്രണങ്ങളും നിലവില്‍ ഉണ്ടായിരിക്കും.കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്കാരത്തിന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരമാവധി കുറച്ചു പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.
ബലിയറുക്കല്‍ കര്‍മ്മം വീടുകളില്‍ മാത്രം നടത്തണം. പരമാവധി അഞ്ചു ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. പനി ശ്വാസകോശരോഗങ്ങള്‍ , മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും പള്ളിയിലോ വീടുകളില്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. വീടുകളിലോ കൊവിഡ് കെയര്‍ സെന്ററുകളിലോ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ യാതൊരു കാരണവശാലും ക്വാറന്റൈന് ലംഘിച്ച് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല.പള്ളികളില്‍ ചടങ്ങിന് എത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ്ക്കാനും പള്ളികളില്‍ ബ്രേക്ക് ദ ചെയിന്‍ സജ്ജീകരണങ്ങള്‍ നിര്‍ബന്ധമായും ഒരുക്കാനും ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇടുക്കി ജില്ലാ കളക്ടര്‍:
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഈദുള്‍ അസ്ഹ ആചരിക്കുമ്ബോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:
1. പള്ളികളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുക. മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയ പരമാവധി എണ്ണമായി പരിമിതപ്പെടുത്തുക.
2. കണ്ടെയിന്മെന്റ് സോണുകളില്‍ കൂട്ടം കൂടി പ്രാര്‍ത്ഥനയും ഖുര്‍ബാനിയും പാടില്ല.
3. ഖുര്‍ബാനി അല്ലെങ്കില്‍ ഉലുഹിയാത്ത് ആചരിക്കുമ്പോള്‍ ശരിയായ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.
4. ബലികര്‍മം വീടുകളില്‍ മാത്രം നടത്തണം
5. ബലികര്‍മം നടത്തുമ്പോള്‍, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് , പരമാവധി 5 പേര് മാത്രമേ പങ്കെടുക്കാവൂ.
6. ബലികര്‍മത്തിനു ശേഷം ഇറച്ചി വിതരണം കണ്ടെയിന്മെന്റ് മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മാത്രമെ പാടുള്ളു. വീടുകളില്‍ വിതരണം ചെയ്യുമ്ബോള്‍ കൊടുക്കുന്ന വ്യക്തി സന്ദര്‍ശിച്ച വീടുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കുക. ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിക്കാന്‍ ശ്രദ്ധിക്കണം.
7. കഴിഞ്ഞ 14 ദിവസങ്ങളില്‍ കൊവിഡിന്റെയോ പനിയുടെയോ ലക്ഷണങ്ങളുള്ള ആരും സമൂഹ പ്രാര്‍ത്ഥനയിലും ചടങ്ങിലും പങ്കെടുക്കാന്‍ പാടില്ല.
8 നിരീക്ഷണത്തിലുള്ള ആളുകള്‍ സ്വന്തം വീടുകളിലാണെങ്കില്‍പ്പോലും കൂട്ടം കൂടി പ്രാര്‍ത്ഥനയിലോ ബലികര്‍മങ്ങളിലോ പങ്കെടുക്കരുത്.
വയനാട് ജില്ലാ കളക്ടര്‍:
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. പള്ളികളില്‍ സാമൂഹിക പ്രാര്‍ഥനകള്‍ക്ക് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. മാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞ എണ്ണത്തേക്കാള്‍ കൂടാന്‍ പാടില്ല. കണ്ടെയ്മെന്റ് സോണുകളില്‍ സമൂഹ പ്രാര്‍ത്ഥനകളോ ബലി കര്‍മങ്ങളോ അനുവദിക്കില്ല.
- കണ്ടെയിന്മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ ബലികര്മങ്ങളില് പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
- ബലി കര്‍മങ്ങള്‍ വീട്ടുപരിസരത്ത് മാത്രമെ നടത്താന്‍ അനുവദിക്കുകയുള്ളു. അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.
- കണ്ടെയിന്മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ മാത്രമെ മാംസവിതരണം നടത്താന്‍ പാടുള്ളൂ. ഹോം ഡെലിവറി മുഖേന മാംസം വീടുകളില്‍ എത്തിച്ചു നല്കുന്നയാള് കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുകയും എത്ര വീടുകളില്‍ കയറി, എത്ര ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുമാണ്.
- കഴിഞ്ഞ 14 ദിവസത്തിനകം പനി തുടങ്ങിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും യാതൊരു കാരണവശാലും സമൂഹപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല.
- നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വന്തം വീട്ടില്‍ പോലും നടക്കുന്ന സമൂഹ പ്രാര്‍ത്ഥനകളിലോ ബലികര്‍മങ്ങളിലോ പങ്കെടുക്കരുത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)