
വാടകയിനത്തില്‍ മാസം പതിനായിരം രൂപയിലധികം ലാഭിക്കാമെങ്കിലും അനര്‍ട്ടിന്റെ ഇ-മൊബിലിറ്റി പദ്ധതിയോട് മുഖംതിരിഞ്ഞ് സര്‍ക്കാര്‍ വകുപ്പുകള്‍. വൈദ്യുതവാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിനാണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന വൈദ്യുതവാഹനങ്ങള് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടക വണ്ടികളായി ഉപയോഗിക്കണമെന്ന് ഉത്തരവിറക്കിയത്. മൂന്നുമാസം കഴിഞ്ഞിട്ടും 27 വകുപ്പുകള്‍ ബുക്കുചെയ്തത് നൂറില്‍ താഴെ വാഹനങ്ങള്‍.
തിരുവനന്തപുരം കോര്പ്പറേഷന്, ഷൊര്‍ണൂര്‍ നഗരസഭ, കൊളീജിയേറ്റ് എജ്യുക്കേഷന്‍, ദേവസ്വം ബോര്‍ഡ്, ഫിഷറീസ്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രി, കേരള നിര്‍മിതി കേന്ദ്ര, വാട്ടര്‍ അതോറിറ്റി, യൂത്ത് കമ്മിഷന് തുടങ്ങിയവയാണ് വാഹനത്തിനായി അനര്‍ട്ടിനെ സമീപിച്ചിരിക്കുന്നത്. മൂന്നുമാസത്തെ വാടക ഒരുമിച്ചു നല്‍കണമെന്ന നിര്‍ദേശമാണ് പലരെയും പദ്ധതിയില്‍നിന്നു പിറകോട്ടു വലിക്കുന്നത്.
അനര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡും (ഇ.ഇ.എസ്.എല്‍) ചേര്‍ന്നാണ് ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 120 മുതല്‍ 450 വരെ കിലോമീറ്റര്‍ ഓടുന്ന അഞ്ചുതരം വാഹനങ്ങളാണുള്ളത്. വാഹനങ്ങള്‍ അനര്‍ട്ടിന് വാടകയ്ക്ക് നല്‍കുന്നത് ഇ.ഇ.എസ്.എല്‍ ആണ്.
അഞ്ച് മുതല്‍ എട്ടുവരെ വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ നല്കുന്ന വൈദ്യുത കാറുകളെല്ലാം പുതിയതാണ്. അറ്റകുറ്റപ്പണികള്‍ അനര്‍ട്ട് നടത്തും. 22,500 മുതല്‍ 50,000 വരെ രൂപ വാടകയ്ക്കാണ് വാഹനങ്ങള്‍ നല്‍കുന്നത്. ഡ്രൈവറുള്‍പ്പെടെ 17,500 രൂപ അധികം നല്‍കണം. നിലവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 1,500 കിലോമീറ്ററിന് 30,000 രൂപ മാസവാടകയ്ക്കാണ് വണ്ടിയോടുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 മുതല്‍ 18 രൂപവരെ അധികതുക നല്‍കണം.
ലാഭം കണ്ട് മോട്ടോര്‍വാഹന വകുപ്പ്
വൈദ്യുതവാഹനങ്ങള് ഉപയോഗിക്കുന്നതിലൂടെ വകുപ്പിന് വര്‍ഷത്തില്‍ മൂന്നരക്കോടി ലാഭമുണ്ടാക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. 65 വണ്ടികള്‍ വൈദ്യുതിയിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. നിലവില്‍ മാസവാടക ഇനത്തില്‍ വാഹനം 4,000 കിലോമീറ്ററാണ് ഓടുന്നത്. കരാര്‍പ്രകാരം 3,000 കിലോമീറ്റര്‍ ഓടാന്‍ 84,500 രൂപ. തുടര്‍ന്നുള്ള 1,000 കിലോമീറ്ററിന് 18,000 നല്‍കണം.
മാസം 1,02,500 രൂപ. വൈദ്യുതിയിലേക്ക് മാറിയാല്‍ ഡ്രൈവറുള്‍പ്പെടെ 51,000 രൂപയേ വരൂ. ഒരു മാസം ചാര്‍ജ് ചെയ്യാന്‍ 3,500 രൂപയേ വേണ്ടൂ. 54,500 രൂപയ്ക്ക് വണ്ടിയോടും. ഇങ്ങനെ ഒരു വാഹനം ലാഭിക്കുന്നത് 48,000 രൂപയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)