
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 968 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. 885 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 56. വിദേശത്തുനിന്ന് 64 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്. ആരോഗ്യപ്രവര്‍ത്തകര്‍ 24.
ഇന്ന് നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
- തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മുരുകന് (46),
- കാസര്‍കോട് അനങ്കൂര്‍ സ്വദേശി ഖയറുന്നീസ (48),
- കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന് (68),
- ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരണമടഞ്ഞത്.
ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം 167,
- കൊല്ലം 133,
- കാസര്‍കോട് 106,
- കോഴിക്കോട് 82,
- എറണാകുളം 69,
- മലപ്പുറം 58,
- പാലക്കാട് 58,
- കോട്ടയം 50,
- ആലപ്പുഴ 44,
- തൃശൂര്‍ 33,
- ഇടുക്കി 29,
- പത്തനംതിട്ട 23,
- കണ്ണൂര്‍ 18,
- വയനാട് 15.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം 101,
- കൊല്ലം 54,
- പത്തനംതിട 81,
- ആലപ്പുഴ 49,
- കോട്ടയം 74,
- ഇടുക്കി 96,
- എറണാകുളം 151,
- തൃശൂര്‍ 12,
- പാലക്കാട് 63,
- മലപ്പുറം 24,
- കോഴിക്കോട് 66,
- വയനാട് 21,
- കണ്ണൂര്‍ 108,
- കാസര്‍കോട് 68.
കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,297 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1,346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9,371.
ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,09,635 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി.
ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ആയിരത്തില്‍ താണിട്ടുണ്ട്. പക്ഷേ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണ്.
തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി എന്നിവിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്.
ജില്ലയില്‍ 17 എഫ്എല്‍ടിസികളിലായി 2,103 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. 18 എഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജമാകും. ഇവിടെ 1,817 കിടക്കകള്‍ ഉണ്ടാകും. പുല്ലുവിളയില്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ 671 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 288 എണ്ണം പോസിറ്റീവായി.
42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്.
പുല്ലുവിളയിലും പൂന്തുറയിലും കഴിഞ്ഞ നാലുദിവസം നടത്തിയ കോവിഡ് പരിശോധന വിവരങ്ങള്‍ ഇങ്ങനെയാണ്.
പൂന്തുറ
- ജൂലൈ 20 - 54 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18 പോസിറ്റീവായി.
- ജൂലൈ 21 - 64 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15 പോസിറ്റീവായി.
- ജൂലൈ 22 - 55 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 22 പോസിറ്റീവായി.
- ജൂലൈ 23 - 49 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 14 പോസിറ്റീവായി.
പുല്ലുവിള
- ജൂലൈ 20 - 50 സാമ്പിളില്‍ 11 പോസിറ്റീവായി.
- ജൂലൈ 21 - 46 സാമ്പിളില്‍ 22 പോസിറ്റീവായി.
- ജൂലൈ 22 - 48 സാമ്പിളില്‍ 22 പോസിറ്റീവായി.
- ജൂലൈ 23 - 36 സാമ്പിളില്‍ 8 പോസിറ്റീവായി.
രോഗവ്യാപനത്തോത് കുറയുന്നുണ്ട്. എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നില്ല.
കൊല്ലം ജില്ലയിലെ 33 കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലായി 4,850 കിടക്കകള്‍ സജ്ജീകരിച്ചു. 3,624 കിടക്കകള്‍ ഉള്ള 31 കേന്ദ്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാവും. അതോടെ 64 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി ആകെ കിടക്കകളുടെ എണ്ണം 8,474 ആവും.
പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററില്‍ സമ്പര്‍ക്കംമൂലം ഇതുവരെ 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വലിയ രീതിയിലുള്ള രോഗവ്യാപനം ദൃശ്യമല്ല.
തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ സമ്പര്‍ക്കം മൂലം ഇതുവരെ 44 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 75 സിഎഫ്എല്‍ടിസികളിലായി 7,364 ബെഡുകളാണ് സജ്ജമാക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സിഎഫ്എല്‍ടിസികളിലായി 624 ബെഡുകളാണ് ഉള്ളത്.
ആലപ്പുഴ ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടിരുന്ന കുറത്തികാട്, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രി, ഐടിബിപി എന്നിവിടങ്ങളില്‍ കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. തീരപ്രദേശത്തെ ക്ളസ്റ്ററുകള്‍ സജീവമായി നിലനില്ക്കുന്നു. സമ്പര്‍ക്ക പട്ടികയിലെ 105 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ കടക്കരപ്പളളിയില്‍ 18 പേര്‍ക്കും ചെട്ടികാട് സമ്പര്‍ക്കപട്ടികയിലെ 465 പേരില്‍ 29 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി 29 കെട്ടിടങ്ങളിലായി 3,140 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കോട്ടയത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റയിനില്‍ പ്രവേശിച്ച കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുകയാണ്. ചങ്ങനാശേരിക്കും പായിപ്പാടിനും പുറമെ പാറത്തോട്, പള്ളിക്കത്തോട് എന്നിവയാണ് നിലവിലുള്ള കോവിഡ് ക്ലസ്റ്ററുകള്‍. സിഎഫ്എല്‍ടിസികള്‍ക്കായി ഇതുവരെ 55 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. ഇതില്‍ വിപുല സൗകര്യങ്ങളുള്ള 33 കേന്ദ്രങ്ങളില്‍ മാത്രം 4,255 പേരെ താമസിപ്പിക്കാനാകും.
ഇടുക്കി ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഇല്ല. സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ കൊന്നത്തടി, രാജാക്കാട് എന്നിവയാണ്. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി അഞ്ചു താലൂക്കുകളിലായി 5,606 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. 3,114 പേര്‍ക്കുള്ള സൗകര്യം പൂര്‍ത്തിയായി.
എറണാകുളം ജില്ലയില്‍ വൃദ്ധജന രോഗീപരിപാലന കേന്ദ്രങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനമുണ്ടായത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണുള്ളത്. തൃക്കാക്കരയിലെ ഒരു കെയര്‍ ഹോമിലെ 135 അന്തേവാസികളുടെ ആന്റിജന്‍ പരിശോധന നടത്തിയതില്‍ 40 പേരുടെ റിസല്‍ട്ടും പോസീറ്റീവാണ്. കെയര്‍ഹോമുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. പുറമേക്കുള്ള കെയര്‍ ഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്തും.
പോസീറ്റീവായവരുടെ എണ്ണം കൂടുതലുള്ള കെയര്‍ഹോമുകളില്‍ തന്നെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ആംബുലന്‍സ് സൗകര്യവും ഉണ്ടാകും. രോഗനിലയില്‍ വ്യത്യാസം കണ്ടാല്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും. ലഭ്യമായ മൊത്തം ചികിത്സാ സൗകര്യത്തില്‍ 39 ശതമാനം കിടക്കകളാണ് ഇപ്പോള്‍ വിനിയോഗിച്ചിട്ടുള്ളത്. 47 ശതമാനം ഐസിയു സൗകര്യവും 26 ശതമാനം വെന്റിലേറ്ററുകളും ഉപയോഗിക്കുന്നുണ്ട്.
പ്രധാന ക്ലസ്റ്റര്‍ ആയ ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്. സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കോര്‍പറേഷനിലെ ചില പ്രദേശങ്ങളിലും സമ്പര്‍ക്കം മൂലം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആകെ 109 എഫ്എല്‍ടിസികളിലായി 5,897 പോസിറ്റീവ് കേസുകള്‍ അഡ്മിറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. 24 കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിച്ചു. 21 സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് ആശുപത്രികളിലെ ഐസിയുകളില്‍ ഇന്റന്‍സിവിസ്റ്റുകളുടെ സേവനം കൂടുതലായി ആവശ്യമായി വരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കൂടി സഹകരിച്ചാലേ ഇതിന് പരിഹാരമുണ്ടാകൂ.
തൃശൂരില്‍ സമ്പര്‍ക്ക വ്യാപനം കൂടുകയാണ്. ആദ്യം രോഗം സ്ഥിരീകരിച്ച ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 1000 കടന്നു. 40 തദ്ദേശ സ്ഥാപന പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആണ്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്ന് മുരിയാട് പഞ്ചായത്തിലേക്ക് വ്യാപിക്കുന്നുണ്ട്. നാളെ വൈകിട്ട് മുതല്‍ ഇവിടെ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 30 സിഎഫ്എല്‍ടിസികള്‍ തയ്യാറായി. ഇതില്‍ 6,033 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.
പാലക്കാട് പട്ടാമ്പിയിലെ രോഗബാധ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയില്‍ മൂന്ന് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി നഗരസഭയിലെ എല്ലാ വാര്‍ഡുകളുമാണ് കമ്യൂണിറ്റി ക്ലസ്റ്ററായി തുടരുന്നത്. ലാര്‍ജ് ക്ലസ്റ്ററായിരുന്ന പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു ക്ലസ്റ്ററായിരുന്ന താനൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങളും ഒഴിവാക്കി. ജില്ലയില്‍ 59 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് ഒരുങ്ങുന്നത്. 5,793 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും.
വയനാട് ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഉണ്ടായിട്ടില്ല. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടര്‍നാട് പ്രദേശം തുടരുന്നു. കണ്ടെയ്ന്മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകളാണ്.
ജില്ലയില്‍ 20 എഫ്എല്‍ടിസികളിലായി 2,630 കിടക്കകള്‍ സജ്ജീകരിച്ച് കഴിഞ്ഞു. 5,660 ബെഡുകളുടെ സൗകര്യത്തില്‍ 52 കേന്ദ്രങ്ങള്‍ എഫ്എല്‍ടിസികളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപന ഭീതി നിലനില്‍ക്കുന്നുണ്ട്. 50 ഇടങ്ങളിലായി ഒരുക്കിയ എഫ്എല്‍ടിസികളില്‍ 4,870 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ തൂണേരിയാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. ചെക്യാട് ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും ഈ വ്യക്തിയുമായി ഇടപഴകിയവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചോറോട് ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ജډദിനാഘോഷം നടന്നത് ജൂലൈ 15നാണ്. കൊവിഡ് സമ്പര്‍ക്ക ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് നടന്നത്. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കണ്ണൂരില്‍ ഫസ്റ്റ്ലൈന് ചികിത്സ കേന്ദ്രങ്ങളില്‍ ആകെ 7,178 കിടക്കകള്‍ സജ്ജമാക്കി. ഇതില്‍ 2,500 കിടക്കകള്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളോട് അനുബന്ധിച്ചാണ്. ബാക്കി 4,678ല്‍ പഞ്ചായത്തുകളില്‍ 2,632, മുന്‍സിപ്പാലിറ്റി 1,296, കോര്പറേഷന് 750. എന്നിങ്ങനെ യാണ് കിടക്കകള്‍ ഒരുക്കിയിട്ടുള്ളത്.
കാസര്‍കോട് ജില്ലയില്‍ ആറ് കമ്യൂണിറ്റി ക്ലസറുകളാണ്. കാസര്‍കോട് മാര്‍ക്കറ്റ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട്. ഹൊസങ്കടിയിലെ പ്രിയദര്‍ശിനി ലാബിനെ കമ്യൂണിറ്റി ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിലാദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും കൃത്യനിഷ്ഠയോടെ നടത്തിയ ഇടപെടലുകള്‍ വൈറസിന്റെ വ്യാപനം കുറയ്ക്കുവാനും മരണനിരക്ക് കുറക്കുവാനും സഹായിച്ചു. ആദ്യ രണ്ട് ഘട്ടത്തിലും രോഗപ്പകര്‍ച്ച ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. മൂന്നാംഘട്ടത്തിലെ രോഗപ്പകര്‍ച്ച എല്ലാവരും പ്രതീക്ഷിച്ചതാണ്.
ഫ്ളാറ്റനിങ് ദ കര്‍വ്
ലോകത്തിന് മുന്നില്‍ രോഗ പകര്‍ച്ചയുടെ ഉയര്‍ച്ചയും മരണനിരക്കും കുറയ്ക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന്റെ നേട്ടം. മരണനിരക്ക് മറ്റുപല രാജ്യങ്ങളിലും 4 ശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 0.31 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് യാദൃച്ഛികമായ അനുഭവമല്ല. കഠിന പ്രയത്നത്തിന്റെ ഗുണഫലമാണ് അത്. ഇന്നലെ വരെ 16,110 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മരണ സംഖ്യ 50 മാത്രമാണ്.
ലാബുകള്‍
വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല എന്നാണ് ചിലരുടെ ആക്ഷേപം. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.
ട്രൂ നാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന 6 സര്‍ക്കാര്‍ ലാബിലും 9 സ്വകാര്യ ലാബിലും നടക്കുന്നു. എയര്‍പോര്‍ട്ടിലേയും ക്ലസ്റ്ററുകളിലേയും ആന്റിജന്‍ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവില്‍ 84 ലാബുകളില്‍ കോവിഡിന്റെ വിവിധ പരിശോധനകള്‍ നടത്താനാകും. 8 സര്‍ക്കാര്‍ ലാബുകളില്‍ കൂടി പരിശോധിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അക്രഡിറ്റേഷന് ഉള്ള സ്വകാര്യ ലാബുകള്‍ക്ക് പരിശോധനയ്ക്കുള്ള അനുമതി നല്‍കുന്നുമുണ്ട്.
തുടക്കത്തില്‍ 100ന് താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ല്‍ കൂടുതലെത്തിക്കാന്‍ കഴിഞ്ഞു. പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.
റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ടെസ്റ്റ് പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പെര് മില്യണ്‍ ബൈ കേസ് പെര് മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി 2.6 ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. പരിശോധനകള്‍ വെച്ച് 5 ശതമാനത്തിന് താഴെ കേസുകളാണെങ്കില്‍ നിയന്ത്രണ വിധേയമാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്.
30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകള്‍ കെഎംഎസ്സിഎല് മുഖേന ലഭ്യമാക്കിയിട്ടുണ്ട്. കുറവ് വരുന്ന മുറയ്ക്ക് അവ ശേഖരിക്കാനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിനാല്‍ പരിശോധന കുറയുന്നു എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല.
സിഎഫ്എല്‍ടിസി
രോഗികള്‍ കൂടുന്ന അവസ്ഥയിലാണ് എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. കോവിഡ് വ്യാപനത്തെ നേരിടുന്നതിന് പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍.
ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയ കേസുകളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ കിടത്തി ചികിത്സിക്കുന്നത്. ഇതിലൂടെ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും സാധിക്കുന്നു.
മൂന്ന് സ്റ്റേജുകളായാണ് സിഎഫ്എല്‍ടിസികള്‍ തയ്യാറാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 86 സിഎഫ്എല്‍ടിസികളും 11,284 കിടക്കകളും രണ്ടാം ഘട്ടത്തില്‍ 253 സിഎഫ്എല്‍ടിസികളും 30,598 കിടക്കകളും മൂന്നാംഘട്ടത്തില്‍ 480 സിഎഫ്എല്‍ടിസികളിലായി 36,400 കിടക്കകളും സജ്ജമാണ്. ദിവസം തോറും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നുണ്ട്.
പൂള് ഒന്ന്, പൂള് രണ്ട്, പൂള് മൂന്ന് എന്നിവ അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ സജ്ജമാക്കിയത്. പൂള് ഒന്നില്‍ 30,000ത്തോളം ജീവനക്കാരെ തെരഞ്ഞെടുത്ത് അതാത് ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് അവരെ ആവശ്യമായ സിഎഫ്എല്‍ടിസികളില്‍ നിയമിക്കും. പൂള് രണ്ടിലും മൂന്നിലും കൂടി ആവശ്യമാണെങ്കില്‍ 50,000ത്തോളം ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള ആസൂത്രണം ആരോഗ്യ വകുപ്പില്‍ നടക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം
കേസുകള്‍ വര്‍ധിച്ച് സന്നിഗ്ധ ഘട്ടം വന്നാല്‍ ഒപ്പം നിര്‍ത്താനായി സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇതുകൂടാതെ ചികിത്സാ ചെലവ് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. 1,129 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ 200-ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ സിഎഫ്എല്‍ടിസികളിലും ഇവരുടെ സേവനം ഉപയോഗിക്കും. ജില്ലാതലത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം എടുത്തിട്ടുണ്ട്.
ശക്തമായ പ്രതിരോധം
ദീര്ഘവീക്ഷത്തോടെയുമുള്ള ഇടപെടലുകളും ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും അര്‍പ്പണ മനോഭാവവും ജനങ്ങളുടെ ഉത്തരവാദിത്തത്തോടു കൂടിയുള്ള പെരുമാറ്റവും കൂടിയാണ് ഈ പ്രതിസന്ധി മറികടക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നത്. തിരുവനന്തപുരത്ത് രണ്ട് പ്രദേശങ്ങളില്‍ സമൂഹ വ്യാപനമുണ്ടായെങ്കിലും പിടച്ചുനിര്‍ത്താന്‍ കഴിഞ്ഞു.
ക്ലസ്റ്റര്‍ കെയറിലൂടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഫീല്‍ഡ് നിരീക്ഷണം, ചെക്ക് പോസ്റ്റ് നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തി. സെന്റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. കേസ് വ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങ്ങും അതനുസരിച്ച് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇടപെടലും നടത്തുന്നുണ്ട്.
പ്രൈമറി കോണ്ടാക്ട്, സെക്കന്‍ഡറി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്റ്റ് ട്രെയ്സിങ് വിപുലമാക്കി. കണ്ടെയ്ന്മെന്റ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. കണ്ടൈന്‍മെന്റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈന് ചെയ്യുന്നു.
സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍
സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണ്. സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുകയാണ്. അതിര്‍ത്തികടന്ന് വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒ.പി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങും.
ഒരു കാര്യം കൂടി ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണ് 'കുട്ടികളെ ആരു നോക്കും?' എന്നാണ്. പരിശോധനയ്ക്ക് പോകാന്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മടിക്കുന്നതിന്റെ കാരണമായി ആ മാധ്യമം പറയുന്നത് അവര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ വീട്ടില്‍ കുട്ടികളും വയോജനങ്ങളും തനിച്ചാകുമെന്നാണ്. രോഗബാധ ഉണ്ടാകാതിരിക്കാനായി നമ്മള് റിവേഴ്സ് ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ച വിഭാഗമാണ് കുട്ടികളും വയോജനങ്ങളും. വയോജനങ്ങളില്‍ രോഗം മാരകമായിത്തീരും എന്നു നമുക്കൊക്കെ അറിയാം. അതുകൊണ്ടുതന്നെ വീടുകളിലുള്ള പ്രായമായവരെ കരുതി അതീവ ജാഗ്രത എല്ലാവരും പുലര്‍ത്തിയേ തീരൂ. എന്നാല്‍ ഈ വാര്‍ത്ത വായിച്ചാല്‍ തോന്നുക, ആളുകള്‍ക്ക് ടെസ്റ്റ് നടത്തി, അവരെ നിര്‍ബന്ധിച്ച് ട്രീറ്റ്മെന്റ് സെന്ററുകളിലോട്ട് മാറ്റി, വീട്ടിലെ കുട്ടികളേയും മുതിര്‍ന്നവരേയും സര്‍ക്കാര്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നു എന്നാണ്.
ഈ വാര്‍ത്ത വായിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ടെസ്റ്റിനോട് സഹകരിക്കാന്‍ വിമുഖതയല്ലേ ഉണ്ടാവുക? അങ്ങനെ ആളുകള്‍ ടെസ്റ്റ് നടത്തുന്നതിനോട് നിസ്സഹകരിക്കുകയും രോഗവ്യാപനം കൂടുകയും ചെയ്യുന്ന സാഹചര്യമാണോ നമുക്ക് വേണ്ടത്. തെറ്റായ രീതി ആരെങ്കിലും സ്വീകരിച്ചാല്‍ തെറ്റാണ് എന്ന് പറഞ്ഞ് ബോധവല്ക്കരിക്കുകയല്ലേ ശരിയായ മാധ്യമധര്‍മം.
കേരളത്തില്‍ ഇതിനോടകം എത്രായിരം ആളുകള്‍ ക്വാറന്റൈനില്‍ പോയി. എത്ര പേരുടെ ചികിത്സ നടന്നു. വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കാക്കി രക്ഷിതാക്കള്‍ക്ക് പോകേണ്ടി വന്ന എത്ര സംഭവമുണ്ടായി എന്നു നിങ്ങള്‍ തന്നെ പറയൂ.
നമുക്ക് കുടുംബങ്ങളും സാമൂഹ്യജീവിതവും ഉള്ളത് അത്തരം സാഹചര്യത്തില്‍ താങ്ങാകാനാണ്. ഇനി ഏതെങ്കിലും കേസില്‍ അങ്ങനെ ഒരു സഹായം ആര്‍ക്കെങ്കിലും ലഭിച്ചില്ലെങ്കില്‍, അതു സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിച്ചാല്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ച് വേണ്ട പിന്തുണ ഉറപ്പു വരുത്തുന്നതായിരിക്കും. അല്ലാതെ, വീട്ടിലെ രണ്ടു പേര് ട്രീറ്റ്മെന്റ് സെന്ററില്‍ പോയാല്‍, ബാക്കിയുള്ളവര്‍ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ലല്ലോ. എല്ലാ പിന്തുണയും നല്കുകയല്ലേ ചെയ്തിട്ടുള്ളത്.
അതുകൊണ്ട്, ഈ രീതിയില്‍ ഭീതി വളരുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുന്നതിനും ഇടയാകുന്ന വാര്‍ത്തകള്‍ നല്കാന് തയ്യാറാകരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ യാതൊരു തകരാറുമില്ല. പക്ഷേ, അതു വസ്തുനിഷ്ഠവും നിര്‍മാണാത്മകവും ആയിരിക്കണം. കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ആകരുതെന്ന അഭ്യര്‍ത്ഥന നിങ്ങള്‍ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കര്‍ഷകര്‍ക്ക് സഹായപദ്ധതി
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഭക്ഷ്യസുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ 5,000 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്സിഡി നല്‍കും.
സംസ്ഥാനത്തെ 3,500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനായി 15,000 രൂപ വീതം സബ്സിഡിയും, കാറ്റില്‍ ഷെഡ് നിര്‍മാണത്തിനായി 5,000 കര്‍ഷകര്‍ക്ക് 25,000 രൂപ വീതം സബ്സിഡിയും വിതരണം ചെയ്യും. 6,000 കര്‍ഷകര്‍ക്ക് 6,650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും ആടു വളര്‍ത്തലിനായി 1,800 പേര്‍ക്ക് 25,000 രൂപ വീതവും സബ്സിഡി നല്‍കും.
സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കോണ്ടാക്റ്റ് ട്രെയിസിങ്ങിനായി പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മാസ്ക് ധരിക്കാത്ത 5,500 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന് ലംഘിച്ച എട്ടു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മം അനുഷ്ഠിക്കുന്നവര്‍ കോവിഡ് ഹെല്‍ത്ത് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ഒരുവട്ടം കൂടി ഓര്‍മിപ്പിക്കുന്നു.
സഹായം
- മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തങ്ങളുടെ ഉടമസ്ഥതയിലുള്ള സെമിനാരികള്‍, എഞ്ചിനിയറിങ്ങ് കോളേജുകള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, ഹാളുകള്‍ എന്നിവ ഉള്‍പ്പെടെ 12 സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയിട്ടുണ്ട്.
- രാജീവ് ഗാന്ധി ഗുഡ്വില് ചാരിറ്റബിള്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ പഠന സൗകര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 76 വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി. വിതരണം ചെയ്തതായി അറിയിച്ചു.
- ടി.ബി.എസ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലയിലെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് 1,05,814 രൂപയുടെ സാധനങ്ങള്‍ കൈമാറി. കിടക്ക, തലയിണ, കിടക്ക വിരി മുതലായ സാധനങ്ങളാണ് കൈമാറിയത്.
ദുരിതാശ്വാസം
- സി.പി.ഐ.എം തലശ്ശേരി ന്യൂബസ് സ്റ്റാന്റ് ബ്രാഞ്ച് 50,000 രൂപ
- യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് അമ്പലമെട്ട, മക്രേരി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 43,242 രൂപ
- സി.പി.ഐ.എം എ.കെ.ജി നഗര്‍ ബ്രാഞ്ച്, പാനൂര്‍ ഏരിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 29,500 രൂപ
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)