
അങ്ങനെ 30 വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ഇന്ന് നടന്ന സീസണിലെ അവസാനത്തെ ഹോം മത്സരത്തില്‍ ആന്‍ഫീല്‍ഡില്‍ വെച്ച് ഒരു ത്രില്ലറില്‍ ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് കൊണ്ടായിരുന്നു ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയത്. എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ലമ്പാര്‍ഡിന്റെ ടീമിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ന് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ഗോള്‍ വര്‍ഷം തന്നെ ഇന്ന് ആന്‍ഫീല്‍ഡിന് കാണാനായി.
എഫ് എ കപ്പ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കാണിച്ച മികവ് ഇന്ന് തുടക്കത്തില്‍ പുറത്തെടുക്കാന്‍ ചെല്‍സിക്ക് ഇന്നായില്ല. ആദ്യ 43 മിനുട്ടില്‍ തന്നെ ചെല്‍സി മൂന്ന് ഗോളുകള്‍ക്ക് പിറകിലായി. നാബി കെറ്റയുടെ ഒരും ഗംഭീര സ്ട്രൈക്കിലൂടെയാണ് ലിവര്‍പൂള്‍ ലീഡ് എടുത്തത്. ബോക്സിന് പുറത്തായിരുന്നു കെറ്റയുടെ സ്ട്രൈക്ക്. പിന്നാലെ ഒരു സുന്ദര ഫ്രീകിക്കുലൂടെ അര്‍നോള്‍ഡ് ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കി.
43-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് വൈനാള്‍ഡമാണ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാനം ജിറൂഡിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കി ചെല്‍സിക്ക് പ്രതീക്ഷ നല്കി. രണ്ടാം പകുതിയിലും ആന്‍ഫീല്‍ഡില്‍ ഗോള്‍ ഒഴുകി. 55-ാം മിനിറ്റിലെ ഫര്‍മീനോ ഗോള്‍ ലിവര്‍പൂളിനെ 4-1ന് മുന്നില്‍ എത്തിച്ചു.
പിന്നീട് ലമ്പാര്‍ഡ് നടത്തിയ സബ്സ്റ്റിട്യൂഷന് കളി മാറ്റി. പുലിസിക് സബ്ബായി വന്ന് ഒരു അസിസ്റ്റും ഒരു ഗോളും നേടി കളി 4-3 എന്നാക്കി. ടാമി അബ്രഹാമായിരുന്നു പുലിസിക് ഒരുക്കിയ ഗോള്‍ അടിച്ച് ലിവര്‍പൂളിനെ സമ്മര്‍ദ്ദത്തിലാക്കിയത്. പക്ഷെ ഒരു ഓക്സ് ചാമ്പെര്ലിന് ഗോള്‍ വീണ്ടും ലിവര്‍പൂളിന് ശ്വാസം നല്കി. കളി 5-3ന് ലിവര്‍പൂള്‍ വിജയിക്കുകയും ചെയ്തു.
ഈ വിജയത്തിനു ശേഷം ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. എന്നാല്‍ ഇന്നത്തെ തോല്‍വി ചെല്‍സിക്ക് വലിയ തിരിച്ചടിയാണ്. അവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പിറകിലായി. നാലാം സ്ഥാനത്ത് ആണ് ഇപ്പോള്‍ ചെല്‍സി ഉള്ളത്. അവസാന മത്സരത്തില്‍ വോള്വ്സൊനെതിരെ ഒരു പോയന്റ് എങ്കിലും നേടിയാലെ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ ആകു. അല്ലായെങ്കില്‍ അവര്‍ക്ക് ലെസ്റ്റര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫലത്തിനായി കാത്തിരിക്കേണ്ടി വരും.
സമനിലയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
വെസ്റ്റ് ഹാമിനെ യുണൈറ്റഡ് എതിരേറ്റ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു പോയിന്റുകള്‍ പങ്കിട്ടെടുത്തു. ലീഗില്‍ ഒരു കളി മാത്രം അവശേഷിക്കെ 63 പോയിന്റുമായി ചെകുത്താന്മാര് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 62 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ലെസ്റ്ററുമായാണ് അവരുടെ അടുത്ത മത്സരം. അതില്‍ തോല്‍ക്കില്ല എന്ന് ഉറപ്പ് വരുത്തിയാല്‍ യുണൈറ്റഡ് അടുത്ത സീസണ് ചാപ്യന്‍സ് ലീഗ് കളിക്കും.
വെസ്റ്റ് ഹാം ആണ് സ്കോറിങ്ങിന് തുടക്കം കുറിച്ചത്. പെനാല്‍റ്റി ബോക്സില്‍ പോഗ്ബയുടെ ഹാന്‍ഡ് ബോളിനു കിട്ടിയ പെനാല്‍റ്റി അന്റോണിയോ [45+2′]മുതലാക്കുകയായിരുന്നു . രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യുണൈറ്റഡ് ഗ്രീന്‍വുഡിലൂടെ [51′]തിരിച്ചടിച്ചു.
മാര്ഷ്യലുമായി ഗ്രീന്‍വുഡ് നടത്തിയ ലിങ്ക് അപ്പ് പ്ലേയ് ഗോളില്‍ കലാശിച്ചു. തന്റെ 50-ാം മത്സരത്തിന് ഇറങ്ങിയ 18 കാരന്റെ സീസണിലെ 17-ാം ഗോള്‍ ആണ് ഇത്. ഒരു സീസണില്‍ 17 ഗോള്‍ പൂര്‍ത്തീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ യുണൈറ്റഡ് താരമായി ഗ്രീന്‍വുഡ് മാറി.
ആസ്റ്റണ്‍ വില്ല, വാറ്റ്ഫോര്‍ഡ്, ബൗണ്മത്...ഇതിൽ രക്ഷ ഒരു ടീമിന് മാത്രം. പ്രീമിയർ ലീഗ് റിലഗേഷൻ പോരും പ്രവചനാതീതം!
പ്രീമിയര്‍ ലീഗിലെ ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡ് കൂടെ റിലഗേറ്റാവില്ല എന്ന് ഉറപ്പായതോടെ ഇനി റിലഗേഷന്‍ ഒഴിവാക്കാന്‍ പൊരുതുന്നത് മൂന്ന് ടീമുകള്‍ മാത്രം. ആസ്റ്റണ്‍ വില്ല, വാറ്റ്ഫോര്‍ഡ്, ബൗണ്മത് എന്നിവരാണ് പ്രീമിയര്‍ ലീഗില്‍ തുടരാനാകുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും ഉള്ളത്. ബാക്കിയുള്ളത് ഒരേയൊരു മത്സരവും. ലീഗ് ടേബിളില്‍ അവസാനമുള്ള നോര്‍വിച് നേരത്തെ തന്നെ റിലഗേഷന്‍ ഉറപ്പിച്ചിരുന്നു.
ആസ്റ്റണ്‍ വില്ലയാണ് ഇപ്പോള്‍ റിലഗേഷന്‍ സോണിന് പുറത്തുള്ള ടീം. കഴിഞ്ഞ മത്സരത്തില്‍ ആഴ്സണലിനെതിരായ ജയത്തോടെ ആസ്റ്റണ്‍ വില്ല 34 പോയന്റില്‍ എത്തിയിരുന്നു. 17-ാം സ്ഥാനത്തേക്ക് എത്താനും അവര്‍ക്കായി. 18-ാം സ്ഥാനത്തുള്ള വാറ്റ്ഫോര്ഫിനും 34 പോയന്റാണ്. പക്ഷെ മെച്ചപ്പെട്ട ഗോള്‍ ശരാശരി വില്ലയെ മുന്നിലാക്കി. വാറ്റ്ഫോര്‍ഡിന് -27ഉം ആസ്റ്റണ്‍ വില്ലയ്ക്ക് -26ഉം ആണ് ഗോള്‍ ഡിഫറന്‍സ്.
ആസ്റ്റണ്‍ വില്ലയ്ക്കാണ് അവസാന മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ ആണ് നേരിടേണ്ടത്. വാറ്റ്ഫോര്‍ഡിന് വലിയ എതിരാളികള്‍ ആണ്. ആഴ്സണലിനെ ആണ് വാറ്റ്ഫോര്‍ഡിന് നേരിടാനുള്ളത്. പരിശീലകന് പുറത്തായതോടെ ആത്മവിശ്വാസവും നഷ്ടപ്പെട്ട വാറ്റ്ഫോര്‍ഡിന് റിലഗേഷന്‍ ഒഴിവാക്കുക ഒട്ടുന് എളുപ്പമാകില്ല. അവരുടെ മത്സരം നടക്കുക ആഴ്സണലിന്റെ ഗ്രൗണ്ടിലുമാണ്.
19-ാം സ്ഥാനത്തുള്ള ബൗണ്മതിന് 31 പോയന്റാണ് ഉള്ളത്. ഗോള്‍ ഡിഫറന്‍സ് -27 ആണ്. എവര്‍ട്ടണെ ആണ് ബൗണ്മതിന് നേരിടാനുള്ളത്. ആസ്റ്റണ്‍ വില്ലയും വാറ്റ്ഫോര്‍ഡും പരാജയപ്പെടുകയും ബൗണ്മത് വിജയിക്കുകയും ചെയ്താല്‍ ബൗണ്മത് മാത്രമായിരിക്കും പ്രീമിയര്‍ ലീഗില്‍ ബാക്കി ആവുക. ബാക്കി രണ്ട് ടീമുകളും ചാമ്പ്യന്‍ഷിപ്പിലേക്ക് തരം താഴ്ത്തപ്പെടും. ഞായറാഴ്ച രാത്രി 8.30നാണ് എല്ലാ മത്സരവും നടക്കുക.
ഇന്നലെ വെസ്റ്റ് ഹാമിനെതിരെ ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡ് ഇതിഹാസ താരങ്ങളുടെ റെക്കോര്‍ഡിനൊപ്പം
18കാരനായ ഗ്രീന്‍വുഡിന്റെ ഈ സീസണിലെ 17-ാം ഗോളായിരുന്നു ഇത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചരിത്രത്തില്‍ ഒരു ടീനേജ് താരം ഒരു സീസണില്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകളാണിത്. മൂന്ന് ഇതിഹാസ താരങ്ങളും മുമ്ബ് ടീനേജ് താരങ്ങളായിരിക്കെ യുണൈറ്റഡിനായി ഒരു സീസണില്‍ 17 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഇതിഹാസ താരം ജോര്‍ജ്ജ് ബെസ്റ്റ്, ബ്രയാന്‍ കിഡ്, വെയ്ന്‍ റൂണി എന്നിവരാണ് 17 ഗോളുകള്‍ എന്ന നേട്ടത്തില്‍ മുമ്പ് എത്തിയിട്ടുള്ളത്. ഇനി ഒരു പ്രീമിയര്‍ ലീഗ് മത്സരവും ഒപ്പം യൂറോപ്പ ലീഗ് മത്സരങ്ങളും ഉണ്ട് എന്നതിനാല്‍ ഗ്രീന്‍വുഡിന് ഇവരെയൊക്കെ മറികടന്ന് പുതിയ റെക്കോര്‍ഡ് ഇടാന്‍ കഴിഞ്ഞേക്കും.
ഗ്രീന്‍വുഡിന്റെ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ പത്താം ഗോളുമായിരുന്നു ഇന്നലത്തേത്. 1998ല്‍ മൈക്കിള്‍ ഓവനു ശേഷം ആദ്യമായാണ് ഒരു 18കാരന് പ്രീമിയര്‍ ലീഗില്‍ 10 ഗോളുകള്‍ നേടുന്നത്.
ചാംപ്യന്‍ഷിപ്പിലെ അവസാന ദിവസത്തെ നാടകീയതയ്ക്ക് ഒടുവില്‍ വെസ്റ്റ് ബ്രോം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന് നേടി
ഇന്ന് നടന്ന അവസാന മത്സരത്തില്‍ ക്യു പി ആറിനെതിരെ സമനില നേടിയതോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവും ഓട്ടോമാറ്റിക് പ്രൊമോഷനും വെസ്റ്റ് ബ്രോം ഉറപ്പിച്ചത്. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിപ്പിച്ചത്. മൂന്നാമതുള്ള ബ്രെന്റ് ഫോഡിന് ഒരു വിജയം കൊണ്ട് രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു.
എന്നാല്‍ ബ്രെന്റ് ഫോര്‍ഡിനെ അപ്രതീക്ഷിതമായ ഫലത്തില്‍ ബ്രാന്‍സ്ലി 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി. അതും ബ്രാന്റ് ഫോര്‍ഡിന്റെ ഹോമില്‍ ആയിരുന്നു ഈ പരാജയം. വെസ്റ്റ് ബ്രോം 83 പോയന്റുമായാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
81 പോയന്റുമായി ബ്രെന്റ് ഫോര്‍ഡ് മൂന്നാമതും ഫിനിഷ് ചെയ്തു. ലീഡ് യുണൈറ്റഡ് നേരത്തെ തന്നെ പ്രീമിയര്‍ ലീഗ് പ്രൊമോഷന് ഉറപ്പിച്ചിരുന്നു. ലീഡ്സ് ഇന്ന് 4-0 എന്ന സ്കോറില്‍ ചാള്‍ട്ടണെ തോല്‍പ്പിച്ചു. 94 പോയന്റുമായാണ് ലീഡ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്.
ലീഗില്‍ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവര്‍ ആണ് നേരിട്ട് പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന് നേടുക. വെസ്റ്റ് ബ്രോം 2018ല്‍ ആയിരുന്നു പ്രീമിയര്‍ ലീഗില്‍ നിന്ന് റിലഗേറ്റഡ് ആയത്. ബ്രെന്റ് ഫോര്‍ഡ്, ഫുള്‍ഹാം, കാര്‍ഡിഫ് സിറ്റി, സ്വാന്‍സി എന്നിവര്‍ പ്ലേ ഓഫിന് യോഗ്യത നേടി. പ്ലേ ഓഫിലെ വിജയികള്‍ക്കും പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന് നേടാം. ചാള്ട്ടണ്, വീഗന്‍ അത്ലറ്റിക്ക്, ഹള്‍സിറ്റി എന്നിവര്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടു.
ക്യാപ്റ്റൻ ഒബാമയങ്ങിന് ഒരു വൻ കരാർ നൽകാൻ ഒരുങ്ങി ആർസെനൽ
ആഴ്സണല്‍ ക്യാപ്റ്റന്‍ ആയ ഒബാമയങ്ങിനെ എങ്ങനെ എങ്കിലും ക്ലബില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ആഴ്സണല്‍. ഇതിനായി ഒരു വലിയ കരാര്‍ തന്നെ അവര്‍ ഒബാമയങിന് വാഗ്ദാനം ചെയ്തതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഉള്ള ഒബാമയങ്ങിന്റെ വേതനം വര്‍ധിപ്പിച്ച് കൊണ്ട് ആഴ്ചയില്‍ 2,50,000 പൗണ്ട് വേതനം നല്കുന്ന കരാറാണ് താരത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.
അര്‍ട്ടേറ്റയുടെ കീഴില്‍ പഴയ പ്രതാപത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുന്ന ആഴ്സണലിന് ഒബാമയങ്ങിനെ നിലനിര്‍ത്തുക എന്നത് അത്യാവശ്യമാണ്. ഒബാമയങ്ങിനെ നിലനിര്‍ത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പരിശീലകന് അര്‍ട്ടേറ്റ പറഞ്ഞിരുന്നു. 32കാരനായ ഒബാമയങ്ങിന് ഇനി ആഴ്സണലില്‍ ഒരു വര്‍ഷം കൂടെയേ കരാര്‍ ബാക്കിയുള്ളൂ. ബാഴ്സലോണ അടക്കമുള്ള ക്ലബുകള്‍ ഒബാമയങ്ങിനു വേണ്ടി രംഗത്തുണ്ട്. ആഴ്സണലിനു വേണ്ടി ഇതുവരെ 66 ഗോളുകള്‍ നേടാന്‍ ഒബാമയങ്ങിനു കഴിഞ്ഞിട്ടുണ്ട്.
നിഷു കുമാറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
രാജ്യത്തെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ശക്തമാക്കി. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ശക്തമാകുമെന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കന് പകരമായിട്ടാണ് ബംഗ്ളുരു എഫ് സിയില്‍ നിന്നും നിഷുകുമാറിനെ ടീമിലെത്തിച്ചിരിക്കുന്നത്. നാല് വര്‍ഷത്തേക്കാണ് നിഷു കുമാറുമായുള്ള കരാര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ 22 കാരനായ ഈ ചെറുപ്പക്കാരന് 11-ാം വയസ്സില്‍ ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയിലാണ് തന്റെ ഫുട്ബോള്‍ യാത്ര ആരംഭിച്ചത്.
2011 ല്‍ അദ്ദേഹത്തെ എഐഎഫ്എഫ് എലൈറ്റ് അക്കാദമി തിരഞ്ഞെടുത്തു, അവിടെ 4 വര്‍ഷം പരിശീലനം നേടി. 2015ല്‍ ബെംഗളൂരു എഫ്സിയുമായി കരാറൊപ്പിട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 2015ല്‍ ബി എഫ് സി-യിലെത്തിയ നിഷു കുമാര്‍ ക്ലബ്ബിനായി 70 ല്‍ അധികം മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞു. 2018-19 ല്‍ ബെംഗളൂരു എഫ്സി ഐഎസ്എല്‍ കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ബി എഫ് സി പ്രതിരോധത്തില്‍ നിഷു കുമാര്‍ സുപ്രധാന പങ്കുവഹിച്ചു. കൂടാതെ ഓരോ സീസണിലും ഒരു ഗോള്‍ നേടുകയും ശരാശരി 70ശതമാനം പാസ് കൃത്യത നിലനിര്‍ത്തുകയും ചെയ്തു. വൈവിധ്യമാര്‍ന്ന ഫുള്‍ ബാക്കായ നിഷു അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍ തലങ്ങളില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ഥിരതയാര്‍ന്നതും അതിശയകരവുമായ പ്രകടനങ്ങളിലൂടെ 2018 ല്‍ അദ്ദേഹം സീനിയര്‍ ടീമിലെത്തി. ജോര്‍ദാനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ഒരു ഗോളും നേടി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായിക്കൊണ്ട് ഈ ഫുട്ബോള്‍ യാത്രയില്‍ താന്‍ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് നിഷുകുമാര്‍ പറഞ്ഞു. ക്ലബിനായി താന്‍ പരമാവധി കഴിവും നല്‍കും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ക്ലബിന്റെ എക്കാലത്തെയും അഭിമാനവും, ഹൃദയത്തുടിപ്പുമായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും നിഷു കുമാര്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതിന് നിഷുവിനെ അഭിനന്ദിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. 'അദ്ദേഹത്തിന്റെ ഗുണനിലവാരവും പരിശ്രമവും കൊണ്ട് ടീമിന്റെ മൂല്യം വര്‍ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തെ ബ്ലാസ്റ്റോഴ്സ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും സ്കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
പി എസ് ജി യില്‍ തന്നെ തുടരുമെന്ന് സ്ഥിതീകരിച്ച് എംബപ്പെ
റയല്‍ മാഡ്രിഡിലേക്ക് ലോകകപ്പ് ജേതാവായ എംബപ്പെ പോവുമെന്ന് തുടര്‍ച്ചായി റിപ്പോര്‍ട്ടുകള്‍ വരുന്നതിന് പിന്നാലെയാണ് പി എസ് ജി യില്‍ തന്നെ തുടരുമെന്ന് എംബപ്പെ തന്നെ പറയുന്നത്. ഫ്രഞ്ച് താരമായ എംബപ്പെക്ക് 2022 വരെ പി എസ് ജിയില്‍ കരാറുണ്ട്. അടുത്ത സീസണിലും പി എസ് ജിയില്‍ തുടരുമെന്നും പി എസ് ജിയോടൊപ്പം ചാമ്പ്യന്‍സ് ലീഗ് അടക്കം കിരീടങ്ങള്‍ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും എംബപ്പെ പറഞ്ഞു.
നെയ്മറിന് പിന്നില്‍ ലോകത്തെ ഏറ്റവും വിലയേറിയ താരമായാണ് മൊണാകോയില്‍ നിന്നും എംബപ്പെ പി എസ് ജിയില്‍ എത്തിയത്. 120 മത്സരങ്ങളില്‍ നിന്നും ഫ്രഞ്ച് ചാമ്പ്യന്മാര്ക്കായി 90 ഗോളുകള്‍ എംബപ്പെ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണ് ലീഗ് വണ്ണിലെ ടോപ്പ് സ്കോറര്‍ കൂടിയാണ് എംബപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ അറ്റലാന്റ ആണ് ഇനി പി എസ് ജിയുടെ എതിരാളികള്‍.
ഈ സീസണിലെ ഐലീഗ് കൊല്‍ക്കത്തയില്‍ നടക്കാന്‍ സാധ്യത.സെക്കന്‍ഡ് ഡിവിഷന് ഐലീഗ് കര്‍ണാടകയില്‍ നടത്താനും തീരുമാനം
മുഴുവന്‍ ലീഗ് മത്സരങ്ങളും കൊല്‍ക്കത്തയില്‍ വെച്ച് നടത്താന്‍ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. കൊറോണ കാരണം ഉയര്‍ന്നു വന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതിനായി ഐ എഫ് എ ബംഗാള്‍ സര്‍ക്കാറിനോട് അനുമതി ചോദിച്ചിട്ടുണ്ട്. ഗവണ്മെന്റ് അനുവാദം നല്കിയാല് എ ഐ എഫ് എഫ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
സെക്കന്‍ഡ് ഡിവിഷന് ഐലീഗ് കര്‍ണാടകയില്‍ നടത്താനും തീരുമാനം ആയിട്ടുണ്ട്. ഒക്ടോബറില്‍ ആകും സെക്കന്‍ഡ് ഡിവിഷന് നടക്കുക. ചെറിയ ടൂര്‍ണമെന്റായാകും സെക്കന്‍ഡ് ഡിവിഷന് നടക്കുക. വനിതാ ഫുട്ബോള്‍ ലീഗായ ഇന്ത്യന്‍ വിമണ്‍സ് ലീഗ് അടുത്ത വര്‍ഷം ഏപ്രിലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)