
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നിരിക്കുന്നു. 1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,032 ആണ്. ഇന്ന് 785 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 87 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 109 പേര്.
ഇന്ന് കോവിഡ് മൂലം ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ നാരായണന് (75) ആണ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ന് 272 പേര് രോഗമുക്തി നേടി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം 226,
- കൊല്ലം 133,
- ആലപ്പുഴ 120,
- കാസര്‍കോട് 101,
- എറണാകുളം 92,
- മലപ്പുറം 61,
- തൃശൂര്‍ 56,
- കോട്ടയം 51,
- പത്തനംതിട്ട 49,
- ഇടുക്കി 43,
- കണ്ണൂര്‍ 43,
- പാലക്കാട് 34,
- കോഴിക്കോട് 25,
- വയനാട് 4.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം 9,
- കൊല്ലം 13,
- പത്തനംതിട്ട 38,
- ആലപ്പുഴ 19,
- കോട്ടയം 12,
- ഇടുക്കി 1,
- എറണാകുളം 18,
- തൃശൂര്‍ 33,
- പാലക്കാട് 15,
- മലപ്പുറം 52,
- കോഴിക്കോട് 14,
- വയനാട് 4,
- കാസര്‍കോട് 43.
കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാമ്പിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818.
ഇതുവരെ ആകെ 3,18,644 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,951 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 397 ആയി.
സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തില്‍ നിലവില്‍ ഇവിടെയുള്ള അവസ്ഥയും സൗകര്യങ്ങളും ഇവിടെ പറയേണ്ടതുണ്ട്. ഇപ്പോള്‍ ചികിത്സയിലുള്ള 8056 പേരില്‍ 53 പേര് ഐസിയുവിലാണ്. 9 പേര് വെന്റിലേറ്ററിലും. ഇന്ത്യയില്‍ കേസ് പെര് മില്യന്‍ 864.4 ആണ്. കേരളത്തില്‍ 419.1 ഫെറ്റാലിറ്റി റേറ്റ് ഇന്ത്യയുടേത് 2.41 ആണ്. കേരളത്തിന്റേത് 0.31 സംസ്ഥാനത്ത് ഇതുവരെ 86,959 പേരെ പ്രൈമറി കോണ്ടാക്ടുകളായി കണ്ടെത്തിയിട്ടുണ്ട്. സെക്കന്ററി കോണ്ടാക്ടുകളായി 37,937 പേരെയാണ് കണ്ടെത്തിയത്.
ആകെയുള്ള പോസിറ്റീവ് കേസുകളില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 65.16 ശതമാനം അതത് പ്രദേശങ്ങളില്‍ നിന്നുതന്നെ (ലോക്കലി അക്വയേര്‍ഡ്) വൈറസ് ബാധയുണ്ടായതാണ്. അതില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ 94.4 ശതമാനം.
കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകള്‍ക്കു പുറമെ 15,975 കിടക്കകള്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ തയ്യാറായിട്ടുണ്ട്. അവയില്‍ 4535 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള 3.42 ലക്ഷം എന്‍ 95 മാസ്കുകളും 3.86 ലക്ഷം പിപിഇ കിറ്റുകളും 16.1 ലക്ഷം ത്രീലെയര്‍ മാസ്കുകളും 40.3 ലക്ഷം ഗ്ലൗസുകളും സ്റ്റോക്കുണ്ട്.
80 വെന്റിലേറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയിട്ടുണ്ട്. 270 ഐസിയു വെന്റിലേറ്ററുകള്‍ കേന്ദ്ര ഗവണ്മെന്റില്നിന്നു ലഭ്യമായി. രണ്ടാഴ്ചയ്ക്കകം 50 വെന്റിലേറ്ററുകള്‍ കൂടി കേന്ദ്ര ഗവണ്മെന്റില്നിന്നും പ്രതീക്ഷിക്കുന്നു.
6007 വെന്റിലേറ്ററുകള്‍ക്ക് രാപ്പകല്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ള ഓക്സിജന്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏഴ് മെഡിക്കല്‍ കോളേജുകളിലും ലിക്വിഡ് ഓക്സിജന്‍ സൗകര്യം ലഭ്യമാണ്.
947 ആംബുലന്‍സുകള്‍ കോവിഡ് കാര്യങ്ങള്‍ക്കു മാത്രമായി സജ്ജമാണ്.
ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 19 എണ്ണം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുന്നു. നിലവിലുള്ള സാഹചര്യം നേരിടാന്‍ നാം സജ്ജരാണ്.
തിരുവനന്തപുരം ജില്ലയില്‍ അതീവ ഗുരുതരമായ സാഹചര്യം തുടരുകയാണ്. ഇന്ന് പോസിറ്റീവായ 226 കേസുകളില്‍ 190 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ലോക്ക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൊത്തവിതരണക്കാരില്‍ നിന്നും സ്റ്റോക്ക് സ്വീകരിക്കാന്‍ അനുമതി നല്കി. രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മൊത്തവിതരണക്കാര്‍ക്ക് വാഹനങ്ങളുമായി ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണിനുള്ളില്‍ പൊലീസ് അനുമതിയോടെ പ്രവേശിക്കാനാകും. പാറശാല അടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
കൊല്ലത്ത് 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 116ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത അഞ്ചുപേരുമുണ്ട്. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം. തീരമേഖലയില്‍ വിനോദങ്ങള്‍ക്കും കാറ്റുകൊള്ളാനും പ്രദേശവാസികളെ കൂട്ടം ചേരാന്‍ അനുവദിക്കുന്നതല്ല.
പത്തനംതിട്ട ജില്ലയില്‍ 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 32 സമ്പര്‍ക്കം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികില്‍സയിലിരുന്ന അഞ്ച് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തി.
ആലപ്പുഴയില്‍ കണ്ടൈന്‍മെന്റ് സോണുകളിലെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് പ്ലാസ്മ തെറാപ്പിയില്‍ സ്വയം പര്യാപ്തത നേടി. കോവിഡ് ചികിത്സക്കായി ആശുപത്രിയുടെ ബ്ലഡ് ബാങ്കിലുള്ള അഫേര്‍സിസ് മെഷീന് വഴി കോവിഡ് കോണ്‍വാലെന്റ് പ്ലാസ്മ ഇന്നലെ ശേഖരിച്ചു.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ച 51 പേരില്‍ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ അഞ്ചു സ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേര് ഗര്‍ഭിണികളാണ്. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും കണ്ടെത്തി ക്വാറന്റൈന് ചെയ്യുന്നതിനും വാര്‍ഡുകള്‍ അണുവിമുക്തമാക്കുന്നതിനും നടപടി സ്വീകരിച്ചു.
ഇടുക്കി ജില്ലയില്‍ ഇന്ന് വണ്ണപ്പുറം, വാഴത്തോപ്പ്, രാജാക്കാട് എന്നിവിടങ്ങളിലാണ് കൂടുതല്‍ സമ്പര്‍ക്ക രോഗങ്ങള്‍ കണ്ടെത്തിയത്. ഇന്ന് 43 പേര്‍ക്ക് വൈറസ് ബാധയുണ്ടായതില്‍ 26 പേര്‍ക്കാണ് സമ്പര്‍ക്കംമൂലം രോഗം വന്നത്.
എറണാകുളത്ത് 93 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 66 പേര്‍ക്കും സമ്പര്ക്കംമൂലമായിരുന്നു. 15 പേരുടെ ഉറവിടം വ്യക്തമല്ല. ആലുവ മേഖലയിലെ പടരുന്ന കോവിഡ് വൈറസ് വ്യാപനം അപകട സാധ്യത കൂടിയതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. ആലുവയില്‍ രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി ഒറ്റ കസ്റ്ററാക്കി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. ആലുവ ക്ലസ്റ്ററില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7മുതല്‍ 9 വരെ മൊത്തവിതരണവും 10 മുതല്‍ 2 വരെ ചില്ലറ വില്പനയും അനുവദിക്കും.
ചെല്ലാനം മേഖലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ എഫ്എല്‍ടിസിയില്‍ കോവിഡ് പരിശോധന ആരംഭിച്ചു.
കോവിഡ് രോഗ സമ്പര്‍ക്കത്തിന്റെ പേരില്‍ ജില്ലയില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളില്‍ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ തന്നെ ചികിത്സ ഉറപ്പാക്കണം.
തൃശൂര്‍ ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും സമ്പര്‍ക്ക വ്യാപന കേസുകള്‍ കൂടുകയും ചെയ്തതോടെ ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. മൂന്നു തദ്ദേശസ്ഥാപന പ്രദേശങ്ങള്‍ കൂടി പുതുതായി കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.
പാലക്കാട് പട്ടാമ്പിയിലെ മത്സ്യമാര്‍ക്കറ്റില്‍ ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരിലും പോസിറ്റീവായ വ്യക്തികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരിലും പരിശോധന നടത്തിയിരുന്നു. ജൂലൈ 20ന് പട്ടാമ്പിയില്‍ നടത്തിയ 565 ആന്റിജന്‍ ടെസ്റ്റില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ സമൂഹവ്യാപന സാധ്യത കണക്കിലെടുത്തു കൊണ്ടോട്ടി, നിലമ്പൂര്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.
വയനാട് ജില്ലയില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ ഒരു ജനപ്രതിനിധിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെയും തൊട്ടടുത്ത പഞ്ചായത്തായ മുളളന്കൊല്ലിയിലും കനത്ത ജാഗ്രത തുടരുകയാണ്. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് അടക്കമുളള മൂന്നംഗങ്ങളുടെ പരിശോധനഫലം നെഗറ്റീവാണ്. എന്നാല്‍, പൊതുപ്രവര്‍ത്തകനായതിനാല്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടാനുളള സാധ്യതയുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കടകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കു. വിദേശങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്നും ജില്ലയില്‍ എത്തിച്ചേരുന്നവരെ വാര്‍ഡ് തല ജാഗ്രതാ സമിതി പ്രത്യേകം നിരീക്ഷണ വിധേയമാക്കും.
ഷോര്‍ട്ട് വിസിറ്റ് പാസ് വഴി എത്തിച്ചേരുന്നവര്‍ പലയിടങ്ങളിലായി യാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ശകര്‍ കാര്യ നിര്‍വഹണം നടത്തി മറ്റ് ഇടങ്ങളുമായി ബന്ധപ്പെടാതെ യഥാസമയം തിരിച്ചുപോകുന്നുണ്ടെന്ന് തദ്ദേശസ്വയം ഭരണസ്ഥാപന സെക്രട്ടറിമാരും പൊലീസും ഉറപ്പുവരുത്തേണ്ടതാണ്.
കാസര്‍കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 101 പേരില്‍ 85 സമ്പര്‍ക്കം. ജൂലൈ 30, 31 തീയതികളില്‍ നടക്കുന്ന കര്‍ണ്ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് അനുവദിക്കും. അവിടെ നിന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകാനാവും. ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴു ദിവസം റൂം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഇവര്‍ അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം.
മാധ്യമങ്ങള്‍
കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് പിടിച്ചുനില്ക്കാന് കഴിയുന്നതില്‍ നമ്മുടെ മാധ്യമങ്ങളുടെ സംഭാവന എടുത്തുപറയേണ്ടതു തന്നെയാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലും രോഗവിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും പ്രതിരോധത്തിന് മുന്‍കൈയെടുക്കുന്നതിലും മാധ്യമങ്ങള്‍ കാണിച്ച ശ്രദ്ധയും ചെലവിട്ട ഊര്‍ജവും വളരെ വലുതാണ്.
പക്ഷേ, സമീപ നാളുകളില്‍ ചില ഇടങ്ങളിലെങ്കിലും അത് ചോര്‍ന്നുപോകുന്നുണ്ടോ എന്ന സംശയം വരുന്നുണ്ട്. ഉദാഹരണത്തിന് ഇന്ന് ഒരു വാര്‍ത്താചാനല്‍ ആവര്‍ത്തിച്ച് കാണിച്ച ഒരു ബ്രേക്കിങ് ന്യൂസ് 'കേരളത്തില്‍ കോവിഡ് മരണം കൂടുന്നു' എന്നായിരുന്നു. മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. എന്നാല്‍, സ്ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇവിടെ ഇല്ല. നമ്മുടെ അയല്‍സംസ്ഥാനങ്ങളിലെയും മറ്റും മരണനിരക്ക് ഇന്നലെ ഇവിടെ സൂചിപ്പിച്ചിരുന്നുവല്ലൊ.
കോവിഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം മാധ്യമങ്ങള്‍ ജനങ്ങളിലെത്തിക്കേണ്ടതു തന്നെയാണ്. അതില്‍ സര്‍ക്കാരിനെയോ സംവിധാനങ്ങളെയോ വിമര്‍ശിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ, മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഒഴിവാക്കണം. തെറ്റായ പ്രചാരണങ്ങള്‍ ഏറ്റെടുക്കരുത്.
നാം ഇപ്പോള്‍ അസാധാരണമായ സാഹചര്യത്തിലാണ്. ആ അസാധാരണത്വം ഏറ്റവും കൂടുതല്‍ നേരിടുന്നത് ആരോഗ്യമേഖലയാണ്. കോവിഡും അതോടൊപ്പം മറ്റു രോഗങ്ങളും ഇപ്പോള്‍ മഴക്കാല രോഗങ്ങളും ചികിത്സിക്കേണ്ടതുണ്ട്. എത്ര വലിയ ആരോഗ്യമേഖലയായാലും ഈ പ്രതിസന്ധി നേരിടാന്‍ പ്രയാസമുണ്ടാകും. പ്രശ്നങ്ങളുമുണ്ടാകും.
അത്തരം ചെറിയ പ്രശ്നങ്ങളെപ്പോലും ഊതിവീര്‍പ്പിച്ച്, 'മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി' എന്ന സൂപ്പര്‍ലീഡ് വാര്‍ത്ത നല്കിയാലോ? മെഡിക്കല്‍ കോളേജുകളില്‍ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകാം. അവര്‍ക്ക് ചികിത്സ നല്‍കേണ്ടതുമുണ്ട്. അങ്ങനെ അനുഭവമുണ്ടാകുമ്പോള്‍ മെഡിക്കല്‍ കോളേജുകളിലാകെ പ്രതിസന്ധിയാണ് എന്നു പ്രചരിപ്പിക്കരുത്.
സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ, ഐഎംഎ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ കോവിഡ് രോഗികളെ കൊണ്ടുപോകാനായി സജ്ജമാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ആ സമയത്തുതന്നെ ആംബുലന്‍സ് എത്താന്‍ കഴിഞ്ഞുവെന്നു വരില്ല. കാരണം, ഓരോ യാത്ര കഴിഞ്ഞും അത് അണുമുക്തമാക്കണം. ഒരേസമയത്ത് ഒന്നിലേറെ സ്ഥലങ്ങളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം.
ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളാണെങ്കില്‍ അവര്‍ ഉള്ളിടത്തുതന്നെ അല്പനേരം നിരീക്ഷണത്തില്‍ തുടരുന്നതില്‍ അപകടവുമില്ല. കേരളത്തിനു പുറത്ത് പലയിടങ്ങളിലും രോഗബാധയുണ്ടെങ്കിലും അവശതയില്ലാത്ത ആളുകളെ വീട്ടില്‍ തന്നെയാണ് ചികിത്സിക്കുന്നത്. ഇവിടെ നാം ആശുപത്രിയിലെത്തിക്കുന്നു. ആംബുലന്‍സ് അല്പം വൈകുന്നത് ഒരു മഹാപരാധമായി എന്തിനാണ് ചിത്രീകരിക്കുന്നത്? അത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ രോഗികള്‍ തന്നെ പരസ്യമായി പ്രതികരിക്കുന്നത് നാം കണ്ടില്ലേ?
ആശുപത്രികളിലും ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയും ഭക്ഷണവും മറ്റു സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ എന്തെങ്കിലും പ്രത്യേക കാരണങ്ങളാല്‍ ഭക്ഷണം എത്താന്‍ അല്പം വൈകിയേക്കാം. അതിനെ സര്‍ക്കാരിന്റെ പരാജയമെന്നു പറഞ്ഞ് ആക്ഷേപിക്കരുത്.
എറണാകുളം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് പീഡനം എന്നാണ് ഒരു ചാനല്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്. അതല്ല എന്ന് വ്യക്തമായപ്പോള്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. ഏതോ കുബുദ്ധികള്‍ ചില ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അപവാദ പ്രചാരണത്തിനായി തയ്യാറാക്കിയതാണ്. ഇതില്‍ ആ മാധ്യമവും വഞ്ചിക്കപ്പെടുകയാണുണ്ടായത്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ സംഘങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം.
കോവിഡിനെതിരായ പോരാട്ടം ഈ നാട്ടിലെ ജനങ്ങളുടെ ജീവനുവേണ്ടിയുള്ള പോരാട്ടം കൂടിയാണ്. തെറ്റിദ്ധാരണകള്‍ പരത്തിയും നുണക്കഥകള്‍ പ്രചരിപ്പിച്ചും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തിരുത്താനൊന്നും പോകുന്നില്ല. അവരാണ് കഴിഞ്ഞദിവസം ഒരു പ്രദേശത്ത് ജനങ്ങളെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ തിരിച്ചുവിട്ടത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട അതൃപ്തി പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയവരെ തെറ്റായി ചിത്രീകരിച്ച് ഒരു ചിത്രം പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ചത് ഓര്‍മയില്ലേ? തെറ്റിദ്ധാരണ മനസ്സിലാക്കി ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോടുള്ള നിലപാടില്‍ മാറ്റം വരുത്തി. പക്ഷെ, തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച ആ മാധ്യമം തിരുത്തുന്നതായി കണ്ടില്ല.
ഇവിടെ എല്ലാ മാധ്യമങ്ങളെക്കുറിച്ചും അല്ല പറയുന്നത്. ചില പ്രത്യേക ഉദ്ദേശം വെച്ച് സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്ന പ്രവണതയെക്കുറിച്ചാണ്.
കോവിഡ് ആദ്യമായി കേരളത്തില്‍ കണ്ടെത്തിയതു മുതല്‍ മാധ്യമങ്ങള്‍ പൊതുവില്‍ കാണിച്ച ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും കൂടുതല്‍ ശക്തിയോടെ തുടരേണ്ട ഘട്ടമാണിത്. അതിന് നമ്മുടെ എല്ലാ മാധ്യമങ്ങളും അവരുടെ പ്രത്യേക താല്പര്യങ്ങളെ മാറ്റിനിര്‍ത്തി പങ്കാളികളാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
റിക്കവറി റേറ്റ്
രോഗമുക്തി (റിക്കവറി) നിരക്കില്‍ കേരളം പുറകിലാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എവിടെയൊക്കെ പുറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം നടക്കട്ടെ. എന്നാല്‍, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ പ്രതിപക്ഷ നേതാവിന് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടാകില്ല.
കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാര്‍ജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളില്‍ നിന്നും വ്യത്യസ്തമാണ്. ദേശീയ പോളിസി അനുസരിച്ച് അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിനു ശേഷം ചെറിയ രോഗലക്ഷണങ്ങളില്ലെങ്കില്‍ ഡിസ്ചാചാര്‍ജ് ചെയ്യാം. ഭേദമായി എന്ന് രേഖപ്പെടുത്തി ഡിസ്ചാര്‍ജ് ചെയ്തു വിടുകയാണ്. കേരളമൊഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ആ രീതിയാണ് പിന്തുടരുന്നത്. കേരളം അങ്ങനെയല്ല. നാം ആദ്യം സ്വീകരിച്ചിരുന്ന രീതിയനുസരിച്ച് ടെസ്റ്റ് രണ്ടു തവണ നെഗറ്റീവ് ആയതിനു ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.
ഇംഗ്ലണ്ടില്‍ നിന്നു വന്ന ആറന്മുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായതിനു ശേഷം ഡിസ്ചാര്‍ജ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 41 ദിവസങ്ങളാണ് അദ്ദേഹത്തെ നമ്മള് ആശുപത്രിയില്‍ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കോവിഡ്19 മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇത്തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നതാണ്. നാം അങ്ങനെയാണ് ചെയ്തത്.
ഇന്നലെ പ്രസിദ്ധീകരിച്ച ആരോഗ്യ വകുപ്പിന്റെ പുതുക്കിയ ഗൈഡ്ലൈനിലും ലക്ഷണങ്ങളില്ലാത്ത കേസുകളിലും ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് അനുവദിക്കുകയുള്ളൂ. പോസിറ്റീവ് ആകുന്നവര്‍ക്ക് ഡിസ്ചാര്‍ജ് ഉണ്ടാകില്ല. നമ്മള് മുന്നിലാണെന്ന് കാണിക്കാന്‍ വേണമെങ്കില്‍ കേന്ദ്രത്തിന്റെ ഡിസ്ചാര്‍ജ് പോളിസി നമുക്ക് അതേപടി പിന്തുടരാമായിരുന്നു.
എന്നാല്‍, സമൂഹത്തിന്റെ സുരക്ഷ പഴുതടച്ച് ഉറപ്പുവരുത്താനും രോഗവ്യാപനത്തിനുള്ള സാധ്യത അടയ്ക്കാനും ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്ക് മാത്രം ഡിസ്ചാര്‍ജ് എന്ന നയമാണ് ഇവിടെ സ്വീകരിച്ചത്. കണക്കുകളില്‍ ഒന്നാം സ്ഥാനത്തെത്തുക എന്നതല്ല, ശാസ്ത്രീയമായി ഈ രോഗാവസ്ഥയെ മറികടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
രോഗവ്യാപനത്തോത് കേരളത്തില്‍ കൂടുതല്‍ ആണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കേരളത്തില്‍ രോഗികളുടെ എണ്ണം മിക്ക പ്രദേശങ്ങളേക്കാളും കുറവായിരുന്നു എന്ന് നമ്മളോര്‍ക്കണം. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങള്‍ പോലും നമുക്കുണ്ടായിരുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ നിന്നും പെട്ടെന്ന് രോഗികളുടെ എണ്ണം കൂടുമ്പോള്‍ നിരക്കും സ്വാഭാവികമായി കൂടും.
ഉദാഹരണമായി പത്ത് ഇരുപതാകുമ്പോള്‍ 100 ശതമാനമാണ് വര്‍ദ്ധനവിന്റെ നിരക്ക്. എന്നാല്‍ 1000 രോഗികളുള്ളിടത്ത് 1500 രോഗികളുണ്ടാകുമ്പോള് വര്‍ദ്ധനവിന്റെ നിരക്ക് 50 ശതമാനമേയുള്ളൂ. നിരക്ക് മാത്രം നോക്കുകയാണെങ്കില്‍ 200 രോഗികള്‍ ഉള്ള സ്ഥലത്താണ് 1500 രോഗികള്‍ ഉള്ളിടത്തേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമെന്നു തോന്നും. എന്നാല്‍ യാഥാര്ഥ്യമതാണോ? തീര്‍ത്തും ലളിതമായ ഈ യുക്തി മനസ്സിലാകാത്തതു കൊണ്ടാണ് രോഗവ്യാപനത്തോതെടുത്ത് വച്ച് കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ പലരും ആവേശം കാണിക്കുന്നത്.
ഇന്നലെ 720 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8336 പേര്‍ക്കും. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ 4965 പേര്‍ക്കും കര്‍ണാടകയില്‍ 3496 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്താകമാനം 37,724 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ 720 മാത്രമാണ് കേരളത്തില്‍ നിന്നുണ്ടായത്. കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ പടിപടിയായി രോഗികളുടെ എണ്ണം കൂടി വന്നിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തിലുള്ള ഏത് കണക്കെടുത്താലും കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമുള്ള വ്യാപനം താരതമ്യേന കുറവാണ്.
സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് ഒരു പാന്‍ഡമിക് സൃഷ്ടിക്കുന്നത്. ഒരുപാട് ഘടകങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നിരവധി സങ്കേതങ്ങളിലൂടെയാണ് വിദഗ്ധര്‍ ഇത്തരം സ്ഥിതി വിശേഷങ്ങളെ വിശദികരിക്കുന്നത്. വിമര്‍ശനങ്ങളുമായി വരുന്നവര്‍ അവ എന്തെന്നു മനസ്സിലാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം കൂടെ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൊലീസിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ച് കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററായി ഉപയോഗിക്കാന്‍ വിട്ടുനല്‍കും. കോവിഡ് ബാധിതരാകുന്ന പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഈ കേന്ദ്രം ഉപയോഗിക്കുക. പൊലീസ് വകുപ്പിലെ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും. 50 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടാകുക.
ആരോഗ്യപ്രവര്‍ത്തകര്‍
ജൂലൈ 20 വരെ 267 ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായത്. 62.55 ശതമാനം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ രോഗികള്‍ക്ക് ശുശ്രൂഷ നല്കിയിരുന്നവരാണ്. 41 ശതമാനം പേര് നേരിട്ട് ശുശ്രൂഷ നല്കിയവരും 22 ശതമാനം പേര് ഇന്‍ഡയറക്റ്റ് പേഷ്യന്റ് കെയര്‍ നല്കിയവരും ആണ്. 23.2 ശതമാനം പേര് ഫീല്‍ഡ് വര്‍ക്കില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ്. 63 നഴ്സുമാര്‍ക്കും 47 ഡോക്ടര്‍മാര്‍ക്കുമാണ് ഇതുവരെ രോഗം പിടിപെട്ടത്.
ഇന്ത്യയിലെ മൊത്തം സ്ഥിതിവിശേഷം വിലയിരുത്തുമ്പോള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കാന്‍ നമുക്കായി എന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇതിനകം നൂറില്‍പരം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നല്കിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് വീഴാതെ കാത്തു. ഇപ്പോള്‍ രോഗങ്ങള്‍ കൂടിയ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോകോള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രോസിക്യൂഷന് വിഭാഗത്തിന് രൂപം നല്കി. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ സംസ്ഥാന അതിര്‍ത്തി കടന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ ആവശ്യം വ്യക്തമാക്കി ഇ-ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മാസ്ക് ധരിക്കാത്ത 5095 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന് ലംഘിച്ച 7 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
വാക്സിന്
ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോവിഡ് വാക്സിന് ഒന്നാംഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസൂരിക്കെതിരെ 1796ല്‍ വാക്സിന് കണ്ടെത്തിയ എഡ്വര്‍ഡ് ജെന്നറിന്റെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വാക്സിന് ഗവേഷണം നടക്കുന്നത്.
ചിമ്പാന്സിയില് രോഗകാരണമാവുന്ന അഡിനോ വൈറസുപയോഗിച്ചാണ് വാക്സിന് നിര്‍മിക്കുന്നത്. ആദ്യഘട്ട മനുഷ്യപരീക്ഷണത്തില് വാക്സിന്റെ രോഗപ്രതിരോധ സാധ്യതയും സുരക്ഷിതത്വവുമാണ് വിലയിരുത്തുന്നത്. രണ്ടിലും വാക്സിന് വിജയിച്ചുവെന്നാണ് സൂചന. രണ്ടാമത്തേയും മൂന്നാമത്തേയും ഘട്ടത്തിലുള്ള പരീക്ഷണം പൂര്‍ത്തിയായാല്‍ ഔഷധ നിയന്ത്രണ ഏജന്‍സികളുടെ അംഗീകാരം തേടേണ്ടിവരും. കാലതാമസം ഒഴിവാക്കാനായി കോടിക്കണക്കിന് ഡോസ് വാക്സിന് ഇതിനകം നിര്‍മിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനക്കയുമായി സഹകരിച്ചാണ് സര്‍വകലാശാല ഗവേഷണം നടത്തുന്നത്. ഓക്സ്ഫോര്‍ഡ് വാക്സിനു പുറമേ ചൈനയിയിലും അമേരിക്കയിലും റഷ്യയിലും വാക്സിന് ഗവേഷണം പുരോഗമിക്കുന്നുണ്ട്. ഇവയില്‍ ഒന്നെങ്കിലും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ലഭ്യമാവുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. തീര്‍ച്ചയായും ആശ്വാസം പകരുന്ന വിവരമാണിത്.
കടലാക്രമണം
സംസ്ഥാനത്ത് കടലാക്രമണം ശക്തമാണ്. തീരശോഷണം നേരിടുന്ന 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്.
ബണ്ട് സംരക്ഷണം, കടല്‍തീരത്തെ വീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍ പണം വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ജലസേചന വകുപ്പിനും, കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവൃത്തിക്ക് പണം ലഭ്യമല്ല എങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ ജിയോ ട്യൂബുകളോ ഇടുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ടു ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്നു ലക്ഷം രൂപ, കോര്‍പ്പറേഷനില്‍ അഞ്ചു ലക്ഷം രൂപ വരെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വഹിക്കും.
ഓണക്കിറ്റ്
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ് (പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക്) കിറ്റിലുണ്ടാവുക. ആഗസ്ത് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. ഇതുകൂടാതെ മതിയായ അളവില്‍ റേഷന്‍ ധാന്യവിഹിതം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് ആഗസ്തില്‍ പത്തുകിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.
സഹായം
കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്സ് ഡെവലപ്പ്മെന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ കോവിഡ് റാപ്പിഡ് പരിശോധനക്കായി വാഹനം കൈമാറി.
കോഴിക്കോട് ജില്ലയിലെ ഹയര്‍സെക്കണ്ടറി വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ജില്ലയിലെ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് 4,63,200 രൂപ വില വരുന്ന 5790 ബെഡ് ഷീറ്റുകള്‍ കൈമാറി.
ദുരിതാശ്വാസം
- കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന്, അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച 67,82,301 രൂപ. നേരത്തെ 10 ലക്ഷം രൂപ കൈമാറിയിരുന്നു.
- എല്‍ഐസി പെന്‍ഷനേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ല 4 ലക്ഷം രൂപ.
- നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്, കണ്ണൂര്‍ ജില്ല 1,50,000 രൂപ.
- പിലിക്കോട് നവദമ്പതികളായ ഇ വി മേഘ, സജിന്‍ എന്നിവര്‍ 1 ലക്ഷം രൂപ.
- ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് (സിഐ ടിയു) പാനൂര്‍ ഏരിയാ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 80,000 രൂപ.
- മുംബൈ മലയാളി വി വി ശ്രീനിവാസന് 50,000 രൂപ.
- സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചും ചെമ്പട വാട്സ്ആപ്പ് ഗ്രൂപ്പും ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ.
- കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റി 50,000 രൂപ.
- തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ അക്കാദമി 50,000 രൂപ.
- മുഴക്കോം ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം 50,000 രൂപ.
- ചലഞ്ചേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മേലൂര്‍ കലാമന്ദിരം, ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 44,444 രൂപ.
- എന്‍ ജി കമ്മത്ത് സ്മാരക കലാവേദി, ചായോത്ത് 34,583 രൂപ.
- കോസ്മോ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് തൂവ്വക്കുന്ന്, ചിറക്കര, ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 26,500 രൂപ.
- എസ്എഫ്ഐ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി 25,000 രൂപ.
- കയ്യൂര്‍ ഇ കെ നായനാര്‍ ആര്‍സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ് 25,210 രൂപ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)