
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുൻകൂർ ജാമ്യാപേക്ഷ എൻഐഎ തടയുകയായിരുന്നു. എന്നാല്‍ സ്വപനയുടെ അറസ്റ്റ് തടഞ്ഞിട്ടില്ല.
കേസിൽ താൻ നിരപരാധിയാണെന്നും കസ്റ്റംസിനോട് ഒന്നും വെളിപ്പെടുത്താനില്ലെന്നുമാണ് സ്വപ്നാ സുരേഷ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാസിമി അല്‍ ഷിമേലിയുടെ നിര്‍ദേശമനുസരിച്ചാണ് ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകിട്ടാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ താന്‍ വിളിച്ചതെന്ന് സ്വപ്ന ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മാധ്യമവിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അവ ര്‍ ആരോപിച്ചു. പലതും വ്യാജവാര്‍ത്തകളാണ്. അന്വേഷണ ഉദ്യോഗസ്ഥനോട് ഒന്നും പറയാനില്ല. തന്നില്‍നിന്ന് ഒരുവിവരവും ലഭിക്കാനുമില്ല. ഇതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ല. സുപ്രീംകോടതി വിധികള്‍ക്കു വിരുദ്ധമായി തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി തനിക്കു ബന്ധമുണ്ടെന്ന തരത്തില്‍ നടത്തുന്ന പ്രചരണങ്ങള്‍ ശരിയല്ല. ഐടി വകുപ്പിന്റെ സ്പേസ് പാര്‍ക്ക് എന്ന പദ്ധതിക്കുവേണ്ടി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്ബനി നിയോഗിച്ച കരാര്‍ ജീവനക്കാരി മാത്രമാണ് താന്‍.
കേസില്‍ തനിക്കു പങ്കുണ്ടെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പ്രതിയാക്കാന്‍ ഒരുങ്ങുന്നത്. നിയമനടപടികളില്‍നിന്ന് ഒളിച്ചോടില്ല. അറസ്റ്റ് ചെയ്താല്‍ കൊച്ചിയിലെ സാമ്ബത്തിക കുറ്റവിചാരണച്ചുമതലയുള്ള കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാന്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ വിഭാഗത്തിലെ അസിസ്റ്റന്റ് കമ്മീഷണറോട് നിര്‍ദേശിക്കണമെന്നും സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പടുന്നു.
സ്വപ്നാ സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത്, കേന്ദ്ര ഏജൻസികൾക്കായി അഡ്വ. കെ. രാംകുമാർ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ എന്നിവർ വീഡിയോ കോണ്‍ഫറസിലൂടെ ഹാജരായി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്വപ്നയെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് പോകില്ലെന്നും കസ്റ്റംസ് വാദിച്ചു.
'സ്വപ്നാ സുരേഷിന്റെ ജാമ്യാപേക്ഷയില്‍ തന്നെ കുറ്റസമ്മതമുണ്ട്. 2019 സെപ്തംബറില്‍ യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചു എന്ന് പറയുന്ന സ്വപ്നാ സുരേഷ് അതിന് ശേഷവും തന്റെ സേവനം കോണ്‍സുലേറ്റ് പ്രയോജനപ്പെടുത്തിയിരുന്നു എന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന ചോദ്യത്തിനും സ്വപ്നാ സുരേഷ് മറുപടി പറയണം. സ്വര്‍ണ്ണം പിടിച്ച ശേഷം ആദ്യം വിളി പോയത് സ്വപ്നാ സുരേഷിനായിരുന്നുവെന്നും വക്കീൽ ചൂണ്ടിക്കാട്ടി. അവര്‍ സ്വര്‍ണ്ണം വിട്ടുകൊടുക്കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടത് എന്തിനാണ്? ഇക്കാര്യം ആവശ്യപ്പെട്ട് കസ്റ്റംസിന് ഇ-മെയില്‍ അയയ്ക്കുകയും ചെയ്തു. കോണ്‍സുലേറ്റില്‍ ഒരു തരത്തിലും അംഗമല്ലാത്ത പുറത്തുള്ള ഒരാള്‍ എന്തിനാണ് ഈ വിഷയത്തില്‍ ഇടപെട്ടത് എന്ന ചോദ്യവും കസ്റ്റംസ് ഹൈക്കോടതിയില്‍ ഉന്നയിച്ചു. പരസ്പര വിരുദ്ധമായ മൊഴികളാണ് ജാമ്യാപേക്ഷയില്‍ നല്‍കിയിട്ടുള്ളത്.'- അഡ്വ. കെ. രാംകുമാർ ചൂണ്ടിക്കാട്ടി.
സ്വര്‍ണം കടത്തിയതിനുപിന്നില്‍ തിരുവനന്തപുരം സ്വദേശികളും യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരുമായ സരിത്തിനും സ്വപ്നയ്ക്കും പുറമേ മൂന്നുപേര്‍ കൂടിയുള്ളതായ നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ സരിത്താണ് സൂത്രധാരന്മാര് അഞ്ചുപേര്‍ ആണെന്നുള്ള കാര്യം വെളിപ്പെടുത്തിയത്. കോവിഡ് കാലത്തുമാത്രം മൂന്നുതവണ സംഘം സ്വര്‍ണം കടത്തിയതായും പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസ് എൻഐഎ-ക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുന്നത്.
എന്നാല്‍, തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി കാർബൺ ഡോക്ടർ സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായരാണെന്നും, സ്വപ്നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കുമെന്നാണ് വിവരം. സ്വപ്ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയുമായിരിക്കും.
തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായർക്ക് സ്വപ്നയും സരിത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. സ്വപ്നയുമായുള്ള സുഹൃത്ത് ബന്ധം സന്ദീപിന്റെ അമ്മ ഉഷ സ്ഥിരീകരിച്ചിരുന്നു.
2018, 2019 വർഷങ്ങളിലെ സർക്കാർ പരിപാടികൾ കസ്റ്റംസ് പരിശോധിക്കും. സ്വർണക്കടത്തിന് സർക്കാർ പരിപാടികൾ മറയാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അന്വേഷിക്കാൻ കസ്റ്റംസും എന്‍.ഐ.എ-യും തീരുമാനിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)