
തൃശൂർ: പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമുള്ള ഈ മാസത്തെ റേഷൻവിഹിതം കേരളത്തിന് ഇതുവരെ ലഭിച്ചില്ല. അതിനാൽ ജൂലൈ മുതൽ നവംബർ വരെ കൂടി സൗജന്യറേഷൻ നൽകുമെന്ന പ്രഖ്യാപനം ഈ മാസം തുടങ്ങാനായില്ല.
ജൂലൈയിലെ അരിയും കടലയുമാണ് കേന്ദ്രം നൽകാതിരുന്നത്. സംസ്ഥാനത്തിന് പ്രതിമാസം 77,400 മെട്രിക് ടൺ അരിയാണ് പദ്ധതിയിലൂടെ ലഭിക്കേണ്ടത്. അന്ത്യോദയ, മുൻഗണന കാർഡുകളിലെ അംഗങ്ങൾക്ക് അഞ്ചു കിലോ വീതം അരിയാണ് സൗജന്യമായി നൽകുന്നത്.
കാർഡ് ഒന്നിന് ഒരു കിലോ കടലയുമുണ്ട്. 3,743 മെട്രിക് ടൺ കടലയാണ് ഇതിനായി വേണ്ടത്. എഫ്.സി.ഐ-യിൽ അരി കെട്ടിക്കിടന്ന് നശിക്കുമ്പോഴും കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് വന്നാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കടല ഇങ്ങോട്ടെത്താൻ ദിവസങ്ങൾ വേണ്ടി വരും.
കാലവർഷം തുടങ്ങിയതും ഓണവും ദീപാവലിയും ദസറയും ഉൾപ്പെടെയുള്ള ഉത്സവങ്ങൾ വരുന്നതും കണക്കിലെടുത്താണ് ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതി അഞ്ച് മാസത്തേക്ക് കൂടി നീട്ടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ 5.92 ലക്ഷം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും 31.5 ലക്ഷം പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുമാണ് ഇവ ലഭിക്കുന്നത്. നേരത്തെ എപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ പദ്ധതിവിഹിതം നൽകാൻ എപ്രിൽ പകുതിക്ക് ശേഷമാണ് കേന്ദ്ര ഭക്ഷ്യവകുപ്പിൽ നിന്ന് ഉത്തരവ് വന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങളിലും 20ന് ശേഷമാണ് അരി വിതരണം ചെയ്യാനായത്. ബാക്കി അരിയുണ്ടെങ്കിലും സൗജന്യവിഹിതം നൽകാൻ റേഷൻകടക്കാർ വിമുഖത കാണിക്കുന്നതായും പരാതിയുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)