
ബേപ്പൂർ: ട്രോളിങ് നിരോധനം മൂലം മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ പഴകിയ മീൻ വിൽപന വഴിയോരങ്ങളിലടക്കം വ്യാപകമായി. ലോക്ഡൗൺ സമയങ്ങളിൽ ഉണ്ടായിരുന്ന ശക്തമായ പരിശോധന ഇപ്പോൾ വേണ്ടത്രയില്ലെന്നാണ് ആക്ഷേപം. ഇതോടെ, ഏതുതരം മത്സ്യവും യഥേഷ്ടം വിൽപന നടത്താൻ വ്യാപാരികൾക്ക് അവസരമായി. ഒരു മാനദണ്ഡവും പാലിക്കാതെ വഴിയോരങ്ങളിലും അങ്ങാടികളിലും മറ്റും നിരവധി മത്സ്യക്കച്ചവടക്കാരാണ് ഇപ്പോൾ രംഗത്തുള്ളത്.
അധികമായി ലഭിക്കുന്ന മത്സ്യം, കൃത്രിമ രാസവസ്തുക്കൾ ചേർത്ത് സൂക്ഷിക്കുകയും മത്സ്യലഭ്യത കുറഞ്ഞ സമയങ്ങളിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിൽപന നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വൻ ശീതീകരണ സംഭരണികളിൽ സൂക്ഷിച്ച മത്സ്യങ്ങൾ ആന്ധ്ര, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ അന്തർ സംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിനാണ് മാർക്കറ്റുകളിൽ എത്തുന്നത്.
നേരത്തേ അമോണിയയും ഫോർമാലിൻ കലർത്തിയതുമായ മീനുകൾ വിൽപന നടത്തുന്ന പരാതി വ്യാപകമായതിനെ തുടർന്ന് സംസ്ഥാനത്ത് ‘ഓപറേഷൻ സാഗർ റാണി’ എന്ന പേരിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയും സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരികയും ചെയ്തതോടെ പഴയ മത്സ്യങ്ങളുടെ വരവ് വീണ്ടും ആവർത്തിച്ചുവെന്നാണ് ആക്ഷേപം. തിരണ്ടി, സ്രാവ് വിവിധ തരം ചൂര മീനുകൾ, വറ്റ (വലിയ കടുകപ്പാര), ഓല മീൻ, ആവോലി തുടങ്ങിയവ അന്തർ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളമായി എത്തുന്നുണ്ട്. മീൻ കച്ചവടം നടത്തുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷൻ, തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് എന്നിവ ആവശ്യമാണ്.
ഇവയൊന്നുമില്ലാതെയാണ് മിക്കയിടത്തും വിൽപന. ഗുണനിലവാരം തിരിച്ചറിയാൻ സാധാരണക്കാരന് ഒരു മാർഗവുമില്ല.
നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന പരിശോധന മാത്രമാണ് ഇതിനായുള്ള മാർഗം. ഉപഭോക്താക്കൾക്കു പോലും പരിശോധിക്കാൻ സാധിക്കുന്ന ‘കിറ്റ്’ ലഭ്യമാക്കുമെന്ന് നേരത്തേ ഫിഷറീസ് വകുപ്പ് പറഞ്ഞിരുന്നുവെങ്കിലും നടപ്പായില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)