
മലപ്പുറം: പൊന്നാനിയിൽ സമൂഹ വ്യാപന സാധ്യത പരിശോധിക്കാൻ കൊവിഡ് ടെസ്റ്റുകൾ ഇന്ന് മുതൽ. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തതിൽ ഏർപ്പെട്ടവരെയും രോഗ ലക്ഷണം ഉള്ളവരെയുമാണ് പരിശോധിക്കുന്നത്. ഇന്നലെ വന്ന 164 ഫലങ്ങൾ നെഗറ്റീവാണെങ്കിലും താലൂക്കിൽ അതീവ ജാഗ്രത തുടരുകയാണ്. അതേ സമയം താനൂർ നഗരസഭയും കണ്ടയ്ന്മെന്റ് സോണിൽ ഉൾപ്പെടുത്തി.
ആദ്യ ഘട്ടത്തിൽ ഒരു ദിവസം പത്ത് പേരെ വീതമാണ് പരിശോധിക്കുക. സമൂഹ വ്യാപന വ്യാപ്തി കണ്ടെത്തുന്നതിന് താലൂക്കിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് പരിശോധന ആരംഭിക്കും. ആവശ്യമെങ്കിൽ വീടുകളിൽ എത്തി സാമ്പിളുകൾ ശേഖരിക്കാനാണ് പദ്ധതി. എടപ്പാളിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക ഇനിയും പൂർണമായിട്ടില്ല. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് രണ്ട് ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്ന 584 പേരുടെ സാമ്പിളുകൾ ടെസ്റ്റിന് അയച്ചു. ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയെങ്കിലും താലൂക്കിൽ അതീവ ജാഗ്രത തുടരാനാണ് തീരുമാനം.
ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ച് രോഗികളെ ഡിസ്ചാർജ് ചെയ്ത താലൂക്കിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ പൊലീസ് കേസ് എടുത്തു. ഐ ജി ആശോക് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന കർശനമാക്കി. ലോക്ക് ഡൗൺ ലംഘനത്തിന് 16 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു.
അതേ സമയം താനൂർ നഗരസഭയും കണ്ടയ്ന്മെന്റ് സോണുകളിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം താനൂരിൽ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ ഉൾപ്പടെ നാല് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ വില്ലേജ് ഓഫീസ് ജീവനക്കാരനെ ഡ്യൂട്ടിക്കിടെ പൊലീസ് അകാരണമായി മർദിച്ചെന്ന് ആരോപിച്ച് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ ഇന്ന് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)