
പാണ്ടിക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമ പ്രഖ്യാപന വിവാദങ്ങൾക്കിടെ സ്വന്തം നാട്ടിലെ സ്വാതന്ത്ര്യസമര പോരാളിയുടെ പേരിൽ ടെലിസിനിമ പുറത്തിറക്കാനൊരുങ്ങുകയാണ് ഒരുകൂട്ടം യുവാക്കൾ. മലബാറിന്റെ കഥ പറയുന്ന ‘രണഭൂമി’ എന്ന സിനിമ വിവാദങ്ങൾക്ക് മുമ്പേ അണിയറയിൽ ഒരുങ്ങിയിരുന്നു.
പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ട്രെയിലർ മേയ് അവസാനത്തോടെയാണ് റിലീസ് ചെയ്തത്. പാണ്ടിക്കാട്ടുകാരനായ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്ര സിനിമയൊരുക്കുന്നത് നാട്ടുകാർ തന്നെയാണ്. നവാഗതനായ ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചരിത്രസിനിമയാണ് രണഭൂമി. ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ ചരിത്രപുരുഷന്റെ ജീവിതം അഭ്രപാളിയിലെത്തുന്നത് അണിയറ പ്രവർത്തകരുടെ മൂന്ന് വർഷത്തെ ശ്രമഫലമായാണ്.
പാണ്ടിക്കാട് ഒറവംപുറം പുഴയുടെ പരിസരങ്ങളിലും ഒടോംപറ്റയിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നാല് പാട്ട് ഉൾപ്പെടെ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ സമൂഹ മാധ്യമങ്ങൾ വഴി ജൂലൈ ആദ്യവാരം റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഷഹബാസ് പാണ്ടിക്കാട് പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന നായക കഥാപാത്രത്തെ ബിജുലാൽ കോഴിക്കോട് അവതരിപ്പിക്കുന്നു. ഡൂഡ്സ് ക്രിയേഷന്റെ ബാനറിൽ മുബാറക്കാണ് ചിത്രം നിർമിക്കുന്നത്. അസർ മുഹമ്മദാണ് ഛായാഗ്രഹണം. ഒ.എം. കരുവാരകുണ്ടിന്റെ വരികൾക്ക് മുഹസിൻ കുരിക്കൾ, ഷിഫ്ഖാത്ത് റാഫി എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. എൽവിസ് സ്റ്റീവ് കൊല്ലം ആണ് സംഘട്ടനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)