
ന്യൂഡൽഹി: സംഘർഷത്തിന് അയവുവരുത്താൻ ഉദ്യോഗസ്ഥ-നയതന്ത്ര തല ചർച്ചകൾ തുടരുമ്പോഴും അതിർത്തിയിൽ യുദ്ധസമാന ജാഗ്രതയുമായി ഇന്ത്യയും ചൈനയും. യഥാർഥ നിയന്ത്രണ രേഖയിലുടനീളം കൂടുതൽ സൈന്യത്തെ ചൈന വിന്യസിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെ ഇന്ത്യ ലഡാക്കിൽ കര, വ്യോമ സേനകളുടെ സംയുക്ത സേനാഭ്യാസം നടത്തി. അടിയന്തര ഘട്ടത്തിൽ അതിർത്തി മേഖലകളിൽ അതിവേഗം സൈന്യത്തെ വിന്യസിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണിത്. അപ്പാച്ചി ഹെലികോപ്റ്ററുകളും സുഖോയ് വിമാനങ്ങളും ടാങ്കുകളും പരിശീലന പരിപാടിയുടെ ഭാഗമായി അണിനിരത്തി. കരസേനയ്ക്കൊപ്പം ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിനെയും ഉൾപ്പെടുത്തി (ഐ.ടി.ബി.പി) അതിർത്തിയിൽ ഇന്ത്യ സേനാവിന്യാസം ശക്തമാക്കിത്തുടങ്ങി.
ഇപ്പോഴത്തെ സ്ഥിതി ഇതുപോലെ തുടരുകയാണെങ്കിൽ അന്തരീക്ഷം കൂടുതൽ വഷളാകുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. നയതന്ത്രചർച്ച തുടരുമ്പോഴും ഇരുവിഭാഗവും ഗൽവാൻ താഴ്വര മേഖലയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഡെപ്സാങ് സമതലത്തിൽ ചൈന വൻപോർമുഖം സജ്ജമാക്കിയതിന്റെ ഉപഗ്രഹ ദൃശ്യം പുറത്തുവന്നതോടെയാണ് ഇന്ത്യയും ശക്തമായ നടപടികളിലേക്ക് നീങ്ങുന്നത്.
കിഴക്കൻ ലഡാക്കിലെ രണ്ടുദിവസത്തെ സന്ദർശനത്തിനു ശേഷം ഡൽഹിയിലെ സേനാ ആസ്ഥാനത്ത് മടങ്ങിയെത്തിയ കരസേനാ മേധാവി ജനറൽ എം.എം. നരവണെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ചയും നടത്തി. അതിർത്തിയിലെ സ്ഥിതിഗതികൾ നരവണെ വിശദീകരിച്ചു. റഷ്യയിലെ വിജയദിന സൈനിക പരേഡിൽ പങ്കെടുത്ത് രാജ്നാഥ് സിങ് വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്.
അതിർത്തിയിൽ ഗാൽവൻ താഴ്വരയിലും ഹോട്സ്പ്രിങ്ങിനും പുറമേ നിയന്ത്രണ രേഖയ്ക്കടുത്ത് കിടക്കുന്ന കൊയുൾ, ഫുക്ചെ, മുർഗോ, ഡെപ്സാങ്, ദെംചുക്ക് എന്നിവിടങ്ങളിലും ചൈനീസ് സേന നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ഇന്ത്യ കൂടുതൽ സൈനികരെയും യുദ്ധോപകരണങ്ങളും വിന്യസിച്ചുതുടങ്ങി.
അതിനിടെ, രാജ്യത്തിന്റെയും അതിർത്തിയുടെയും സമഗ്രതയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം സമർപ്പിതമാണെന്നും ഏതു വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി) മേധാവി എസ്.എസ്. ദെസ്വാൾ പറഞ്ഞു.
നിലവിലെ സ്ഥിതി മാറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകും: ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ബലപ്രയോഗത്തിലൂടെ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല, വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സൈന്യത്തെ ഉപയോഗിച്ചോ, ബലപ്രയോഗത്തിലൂടെയോ നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ചൈന ശ്രമിക്കാതിരിക്കുകയാണ് കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു. പിടിഐ-ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നടപടികള്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യതയ്ക്ക് വിള്ളല്‍ വീഴ്ത്തി. ബന്ധങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും അത് ഏത് ദിശയിലേക്കാണ് നിങ്ങേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യേണ്ടത് ചൈനയുടെ ഉത്തരവാദിത്തമാണ്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിന്നാലല്ലാതെ ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതിയുണ്ടാകില്ല.
ഈ പ്രശ്നത്തിനുള്ള പരിഹാരം ഞങ്ങളുടെ വീക്ഷണ കോണില്‍ വ്യക്തമാണ്. ഇന്ത്യന്‍ സൈനികരുടെ സാധാരണ പട്രോളിങ്ങിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ചൈന അവസാനിപ്പിക്കണം-അദ്ദേഹം പറഞ്ഞു.
ഗാല്‍വന്‍ താഴ്വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വന്‍ താഴ് വരയിലെ നിയന്ത്രണരേഖയുടെ അതിര്‍വരമ്പുകളെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തതയുണ്ട്. നിയന്ത്രണരേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ട്. ഗാല്‍വന്‍ താഴ്വര വരെ വളരെ കാലങ്ങളായി ഒരു തടസ്സവുമില്ലാതെ പട്രോളിങ് നടത്തിവന്നിരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കാണെന്ന് ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോങ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാല്‍ നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് ചൈനയുടെ ഭാഗത്തുള്ള നീക്കങ്ങങ്ങളാണെന്ന് മിസ്ത്രി പറഞ്ഞു. ഏപ്രില്‍ -മെയ് മാസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമായി നിരവധി ചൈനീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ്ങിനെ തടസ്സപ്പെടുത്തി. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. മിസ്രി പറഞ്ഞു.
ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങളെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്. പ്രാദേശികമായും അതിന് പ്രാധാന്യമുണ്ട്. അതുകൊണ്ട് നിലവിലെ സാഹചര്യങ്ങളില്‍ ബലപ്രയോഗത്തിലൂടെ മാറ്റം വരുത്താന്‍ ചൈന ശ്രമിക്കുകയാണെങ്കില്‍ അതിര്‍ത്തിയിലെ സമാധാനത്തെ തകര്‍ക്കുക മാത്രമല്ല, ഉഭയകക്ഷിബന്ധത്തില്‍ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
സൈനികതലത്തിലുള്‍പ്പടെയുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചൈന തിരിച്ചറിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മിസ്ത്രി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)