
കൊച്ചി: മഴക്കാലമായതോടെ സംസ്ഥാനം പനിപ്പേടിയിൽ. കോവിഡിന്റെയും വൈറൽ പനികളുടെയും പ്രാരംഭ ലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നത് കൂടുതൽ ഭീതി വിതയ്ക്കുന്നു. പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുന്നു.
കോവിഡിന്റെ പ്രാരംഭ ലക്ഷണവും പനിയും തൊണ്ടവേദനയുമാണ്. ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിലുള്ളവ കണക്കിലെടുത്താണ് നിരീക്ഷണ നടപടികളെടുക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസം സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരിച്ചറിയാം ലക്ഷണങ്ങൾ
ഡെങ്കിപ്പനിക്ക് പനിക്ക് പുറമേയുള്ള ലക്ഷണങ്ങളുമുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ പ്രൊഫസർ ഡോ. ബി. പത്മകുമാർ പറഞ്ഞു. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാൻപോലും സാധിക്കാത്ത രീതിയിൽ പേശിവേദനയുള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോൺ ഫീവർ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ ഡെങ്കിക്ക് ഉണ്ടാകില്ല. എലിപ്പനി ബാധിച്ചാൽ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട-പേശി വേദന തുടങ്ങിയവയും ഉണ്ടാകും.
പനി ലക്ഷണം കാണുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ഡോ. പത്മകുമാർ പറഞ്ഞു. ഡോക്ടർമാരുടെ നിർദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധന സാധിക്കൂ. എപ്പിഡമോളജിക്കൽ ലിങ്കില്ലാതെ എല്ലാ രോഗികളെയും സംശയിക്കേണ്ട സാഹചര്യം നിലവിൽ സംസ്ഥാനത്തില്ല. അടുത്ത മൂന്നുമാസം പനികൾ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.
അതേസമയം, വിവിധ തരം മാരക പകര്‍ച്ച പനികള്ക്കിടയില് വയനാട്ടില്‍ വീണ്ടും ചെള്ളു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിനും കുരങ്ങു പനി, എലിപ്പനി പകര്ച്ചയ്ക്കുമെതിരേ അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടെ മാനന്തവാടിയിലെ ചെള്ളു പനി മരണം ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കി. തവിഞ്ഞാല്‍ വിമലനഗര്‍ കപ്പലുമാക്കല്‍ കെ സി ജോസഫിന്റെ ഭാര്യ സോഫിയ(49) യാണ് ഇന്ന് ചെള്ളു പനി ബാധിച്ച് മരിച്ചത്. ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നടവയല്‍ ചങ്ങലമൂല കോളനിയിലെ സിന്ധു (28) ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വയനാട്ടില്‍ കുരങ്ങുപനിയും ചെള്ള് പനിയും കൂടുതലായി റിപോര്‍ട്ട് ചെയ്തത് മാനന്തവാടി താലൂക്കിലാണ്. ചങ്ങലമൂല ആദിവാസി കോളനിയില്‍ കഴിഞ്ഞ വര്‍ഷം 24 പേര്‍ക്ക് പനി ബാധിച്ചിരുന്നു. ഇതില്‍, ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി. എലികള്‍ പോലുള്ള ജീവികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ രോഗം പിടിപെടും. കടിയേറ്റ ഭാഗത്ത് കറുപ്പ് നിറം കാണാം. കടിയേറ്റ് പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് രോഗലക്ഷണം പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തില്‍ പാടുകള്‍, വിറയല്‍ തുടങ്ങിയവയാണ് പ്രധാനം. വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ പ്രതിരോധ ശേഷി തകരാറിലാകുകയും മരണം സംഭവിക്കുകയും ചെയ്യും.
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തില്‍ ഒരു വര്‍ഷം മുന്‍പ് ചെള്ള് പനി സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെ മരിച്ച മൈസൂര്‍മല മായങ്ങല്‍ ആദിവാസി കോളനിയിലെ രാമന്റെ രക്തസാംപിള്‍ പരിശോധിച്ചതില്‍ നിന്നാണ് സ്ഥിരീകരിച്ചത്. ഇതര ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം തടയുന്നതില്‍ മികച്ച മുന്നേറ്റം കൈവരിക്കുന്നതിനിടയിലാണ് വയനാട്ടില്‍ വിവിധ പകര്‍ച്ച പനികള്‍ വെല്ലുവിളിയാവുന്നത്. ജില്ലയില്‍ എലിപ്പനി കൂടി വരുന്നതായാണ് ഈ മാസം പുറത്തു വന്ന ഔദ്യോഗിക റിപോര്‍ട്ട്. രോഗം സ്ഥിരീകരിച്ച് ഈ മാസം ഒരാളും, രോഗ ലക്ഷണങ്ങളോടെ 11 പേരും ചികില്‍സ നേടി. മെയ് മാസത്തില്‍ 10 സ്ഥിരീകരിച്ച രോഗികളും, 14 പേര് രോഗ ലക്ഷണങ്ങളോടെയും ചികില്‍സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ 2 പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇത് വരെ ചികില്‍സ തേടിയതില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
എലിപ്പനി പ്രതിരോധത്തിന് ഡോക്സി സൈക്ലിന്‍ ഫലപ്രദമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍, ക്യഷിപ്പണിയിലേര്‍പ്പെടുന്നവര്‍, മലിന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മ്യഗ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്സി സൈക്ലിന്‍ 200 ഗുളിക 4 ആഴ്ച കഴിക്കേണ്ടതാണ്. ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ ആവശ്യമായ മറ്റു മുന്‍കരുതലുകളും അനുവര്‍ത്തിക്കേണ്ടതാണ്. കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു (ലെപ്റ്റോ സ്പൈറ ബാക്ടീരിയ) ശരീരത്തില്‍ പ്രവേശിക്കുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂ ടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം. പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്. തുടക്കത്തില്‍ ചികില്‍സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണ്ണമായും ഭേദമാക്കാവുന്ന രോഗമാണ്. എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികില്‍സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)