
കാക്കനാട്: റോഡ് നിയമങ്ങൾ ലംഘിച്ചാൽ കടലാസിൽ പിഴയെഴുതി നൽകുന്ന രീതി ഇല്ലാതാകുന്നു. വെള്ളിയാഴ്ച മുതൽ ഇ-പോസ് യന്ത്രങ്ങളിലേക്ക് മാറ്റാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇ-ചെലാൻ എന്ന പുതിയ രീതിയിൽ നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കാൻ ചെലാൻ പ്രിന്റ് ചെയ്ത് നൽകുകയാണ് ചെയ്യുക. ടി.ആർ 5 എന്ന പേരിലുള്ള രശീതികളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-പോസ് യന്ത്രങ്ങൾ വഴി കാർഡ് ഉപയോഗിച്ച് ഓൺലൈനായി പണമടക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഒരുക്കിയിട്ടുണ്ട്.
മോട്ടോർ വാഹന നിയമത്തിലെ മുഴുവൻ നിയമ ലംഘനങ്ങളും അതിനുള്ള പിഴയും മറ്റ് ശിക്ഷകളുമടക്കമുള്ളവ ഇതിനായി രൂപപ്പെടുത്തിയ ഇ-ചെലാൻ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഓൺലൈനിൽ തന്നെ യാത്രക്കാർ ചെയ്യുന്ന കുറ്റങ്ങൾ രേഖപ്പെടുത്താൻ കഴിയും. ഉദ്യോഗസ്ഥർ അവരുടെ യൂസർ നെയിം ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുക. ഇ-ചെലാൻ വരുന്നതോടെ പണമടച്ചതിന്റെ വിവരങ്ങൾ യാത്രക്കാർക്ക് മെസേജ് വഴിയും പ്രിന്ററിൽ നിന്ന് ലഭിക്കുന്ന രശീതി മുഖേനയും ലഭിക്കും. കേസെടുക്കേണ്ട കുറ്റകൃത്യങ്ങളാണെങ്കിലും സോഫ്റ്റ്വെയർ വഴി അപ്പോൾ തന്നെ റിപ്പോർട്ട് തയാറാക്കാനും ഉദ്യോഗസ്ഥർക്ക് കഴിയും.
നിയമലംഘനത്തിന് പിടികൂടിയ വാഹനത്തിന്റെയും ഡ്രൈവറുടെയും വിവരങ്ങളും പിടികൂടിയ സ്ഥലവും അതേസമയം, തന്നെ മോട്ടോർ വാഹന വകുപ്പിന്റെ സെർവറിലും രേഖപ്പെടുത്തുന്ന രീതിയിലാണ് സോഫ്റ്റ്വെയർ രൂപകൽപന. ഫോട്ടോകൾ അടക്കം അപ്ലോഡ് ചെയ്യുന്നതിനാൽ തുടർ നടപടികൾ എളുപ്പത്തിലാക്കാൻ കഴിയും. സർക്കാർ ഏജൻസിയായ എൻ.ഐ.സിയാണ് സോഫ്റ്റ് വെയർ രൂപകൽപന ചെയ്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)